‘ഗെറ്റ് സെറ്റ് ബേബി’ ലൊക്കേഷനിൽ പ്രാണ പ്രതിഷ്ഠാ പൂജ നടത്തി ഉണ്ണി മുകുന്ദൻ; വിഡിയോ
Mail This Article
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സ്വന്തം സിനിമയുടെ സെറ്റിൽ പ്രത്യേക പൂജയുമായി നടൻ ഉണ്ണി മുകുന്ദൻ. പ്രാണപ്രതിഷ്ഠ സമയത്ത് ഉണ്ണി മുകുന്ദൻ ദീപം തെളിച്ചാണ് പൂജകള്‍ക്കു തുടക്കമിട്ടത്. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു പൂജ.
‘‘എന്നെ സംബന്ധിച്ചടത്തോളം ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. ഒരുപാട് നാളായി കാത്തിരിക്കുകയായിരുന്നു. ഇന്ന് രാം മന്ദിറിന്റെ ഉദ്ഘാടനമാണ്. ‘ഗെറ്റ് സെറ്റ് ബേബി’ എന്ന സിനിമയുടെ ഷൂട്ട് തുടരുന്നതിനാല്‍ അയോധ്യയിലേക്ക് നേരിട്ടുപോകാൻ സാധിച്ചില്ല. പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷം ഞങ്ങളെല്ലാവരും പോയിരിക്കും.
സെറ്റിലിന്ന് ഒരു പൂജ നടത്തി, ശ്രീരാമനെ വരവേറ്റു. ഭാരതത്തിലുള്ള എല്ലാവരും കാത്തിരിക്കുന്ന ദിവസമായിരുന്നു. ടിവിയിലൊക്കെ എല്ലാവരും ഇത് കാണുകയാണ്. നേരിട്ടുപോകാൻ ഭാഗ്യം കിട്ടിയവർക്ക് ദർശനം ലഭിച്ചുകാണുമെന്ന് വിശ്വസിക്കുന്നു. ഞങ്ങൾക്കും ഉടൻ തന്നെ പോകാൻ ഭാഗ്യമുണ്ടാകട്ടെ.’’–ഉണ്ണി മുകുന്ദന്റെ വാക്കുകൾ.
പൂജ ചടങ്ങിൽ കൃഷ്ണപ്രസാദ്, നിർമാതാവ് സജീവ് സോമൻ തുടങ്ങിയവര്‍ പങ്കെടുത്തു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. സ്കന്ദ സിനിമാസ്, കിങ്സ് മെൻ പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ് എന്നിവർ ചേർന്നാണ് നിർമാണം.