തിയറ്ററുകളെ ഇളക്കിമറിച്ച് ‘വാലിബൻ’; പ്രേക്ഷക പ്രതികരണം
Mail This Article
തിയറ്ററുകളെ ഇളക്കിമറിച്ച് മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’. രാവിലെ ആറരയ്ക്കു തുടങ്ങിയ ഫാൻസ് ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മോഹൻലാൽ ആരാധകരെയും ലിജോ ജോസ് പെല്ലിശ്ശേരി സിനിമൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വാലിബൻ ഒരുക്കിയിരിക്കുന്നത്.
പല ദേശങ്ങളിൽ പോയി മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വാലിബന്റെ ആശാനായി എത്തുന്ന ഹരീഷ് പേരടിയാണ് കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം.
മോഹൻലാലിന്റെ ഗംഭീര ഫൈറ്റ് സീൻസും ലുക്കുമാണ് മറ്റൊരു പ്രത്യേകത. മധു നീലകണ്ഠന്റെ ഛായാഗ്രഹണം സിനിമയെ മറ്റൊരു തലത്തിലെത്തിക്കുന്നു. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെയാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുക്കിയിരിക്കുന്നത്. പ്രണയവും,വിരഹവും, ദുഃഖവും, അസൂയയും, സന്തോഷവും, പ്രതികാരവുമുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയും എത്തുന്നുണ്ട്. ഹിന്ദിയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനു ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത സംവിധായകനായ അനുരാഗ് കശ്യപാണ്.
‘‘ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു കാൻവാസിൽ ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ മുൻവിധികൾ ഇല്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന നല്ലൊരു സിനിമയാണ്.’’–മോഹൻലാൽ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത് ഇങ്ങനെ.
സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവരെ കൂടാതെ വിദേശ താരങ്ങളും സിനിമയുടെ ഭാഗമാണ്.