ഹൈദരാബാദ് ഫ്ലേവർ: ടീം പ്രേമലു സംസാരിക്കുന്നു
Mail This Article
ഹൈദരാബാദിന്റെ ഫ്ലേവറിൽ ചാലിച്ച പുതിയ പ്രണയകഥ പ്രേമലു തിയറ്ററിൽ തരംഗം തീർക്കുകയാണ്. മലയാളം ഉൾപ്പടെ തമിഴ്, തെലുങ്ക് എന്നിവടങ്ങളിലും ചിത്രം സൂപ്പർഹിറ്റായി മുന്നേറുന്നു. ഇപ്പോഴിതാ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് നസ‌്‌ലിനും മമിതയും സംവിധായകൻ ഗിരീഷ് എ.ഡി.യും സംസാരിക്കുന്നു.
പ്രേമലുവിലേക്കുള്ള യാത്ര?
ഗിരീഷ്: സൂപ്പർ ശരണ്യയുടെ തെലുങ്ക് റീമേക്കിനെപ്പറ്റി ചിന്തിച്ചിരുന്നു. ഹൈദരാബാദിൽ ഷൂട്ട് ചെയ്യാമെന്നായിരുന്നു മനസ്സിൽ. ആ ചർച്ചകൾ മുന്നോട്ടുപോയില്ല. അപ്പോഴേക്കും ഹൈദരാബാദിൽ ഒരു ചിത്രം ചെയ്യണം എന്ന കൺസപ്റ്റ് മനസ്സിലുറപ്പിച്ചിരുന്നു. റാമോജി റാവു ഫിലിം സിറ്റിക്കപ്പുറം ഹൈദരാബാദ് നഗരത്തിന്റെ നേർച്ചിത്രങ്ങൾ മലയാള സിനിമയിൽ അധികം കണ്ടിട്ടില്ല. അതുകൊണ്ടാണ് ചിത്രത്തിന്റെ പ്ലോട്ട് അവിടെ സെറ്റ് ചെയ്തത്.
ഹൈദരാബാദ് നഗരം ഈ ചിത്രത്തിൽ എത്രത്തോളം പ്രാധാന്യമുള്ളതാണ്?
ഗിരീഷ്: സിറ്റിയുടെ ഫ്ലേവർ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. കഥയിലെ പ്രധാന കഥാപാത്രങ്ങളായ സച്ചിനും റീനുവും ഹൈദരാബാദിൽ കണ്ടുമുട്ടുന്നതും അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് കഥ. 90 ശതമാനവും ഹൈദരാബാദിൽതന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യൻ നഗരമാണെങ്കിലും നോർത്ത് ഇന്ത്യൻ ശൈലിയാണ് ആ നഗരത്തിനുള്ളതെന്ന് തോന്നിയിട്ടുണ്ട്. മാധാപുർ, ഗച്ചിബോളി എന്നീ സ്ഥലങ്ങളിലായിരുന്നു സിനിമയ്ക്കായി ക്യാംപ് ചെയ്തത്.
മമിത: ഹൈദരാബാദ് ഞങ്ങൾക്ക് പുതിയ എക്സ്പീരിയൻസ് ആയിരുന്നു. ചിത്രത്തിലും നഗരത്തിന്റെ വിവിധ ഭാവങ്ങൾ കടന്നുവരുന്നുണ്ട്. അവിടത്തെ ഭക്ഷണങ്ങൾ, വിവിധതരം ചായകൾ അങ്ങനെ ആകർഷിച്ച ഘടകങ്ങൾ ഒട്ടേറെയുണ്ട്.
നസ്‌ലിൻ: ഒരു മാസത്തോളം ഹൈദരാബാദിലുണ്ടായിരുന്നു. ഏറ്റവുമധികം എക്സ്പ്ലോർ ചെയ്തത് അവിടത്തെ ഭക്ഷണങ്ങളായിരുന്നു. സമയം കിട്ടുന്നതനുസരിച്ച് വിവിധ റസ്റ്ററന്റുകളിലെ ഭക്ഷണങ്ങൾ ആസ്വദിച്ചു കഴിച്ചു.
മമിത–നസ്‌ലിൻ കോംബോ
ഗിരീഷ്: മമിത–നസ്‌ലിൻ താര ജോഡിയെ കൗമാരക്കാർ ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.
മമിത: മുൻപും ഞങ്ങൾ സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ കോമ്പിനേഷൻ സീനുകളിൽ ആദ്യം വന്നത് ഞങ്ങൾ തമ്മിൽ ദേഷ്യപ്പെടുന്ന സീനായിരുന്നു. എത്ര ശ്രമിച്ചിട്ടും എനിക്ക് ദേഷ്യപ്പെട്ട് അഭിനയിക്കാൻ കഴിയുന്നില്ല. കുറെ കഴിഞ്ഞാണ് അത് ശരിയായി ചെയ്യാൻ കഴിഞ്ഞത്.
നസ്‌ലിൻ: പ്രേക്ഷകർ സിനിമ കണ്ടുകഴിയുംവരെ ഈ കെമിസ്ട്രിയെപ്പറ്റി എനിക്കും ആകാംക്ഷ ഉണ്ടായിരുന്നു. കോംബോ നന്നായിട്ടുണ്ട്, രസമുണ്ട് എന്നൊക്കെയാണ് ഇപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ. ഫസ്റ്റ് ലുക് പോസ്റ്റർ ഇറങ്ങിയതു മുതൽ പ്രേക്ഷകരുടെ ഇത്തരം പ്രതികരണങ്ങൾ കിട്ടുന്നുണ്ട്.
പ്രേമലുവിന്റെ ടീം ഇതിനു മുൻപും ഒന്നിച്ചു പ്രവർത്തിച്ചിട്ടുള്ളവരാണ്. അത് സിനിമയുടെ ചിത്രീകരണത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?
നസ്‌ലിൻ: ഒരിടവേളയ്ക്കു ശേഷം എല്ലാവരെയും വീണ്ടും കണ്ടതു പോലെയാണ് തോന്നിയത്. ഫ്രണ്ട്സ് ഗ്യാങ്ങിന്റെ കൂടെയുള്ള ആഘോഷം പോലെയായിരുന്നു ചിത്രീകരണ ദിനങ്ങൾ.
മമിത: ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ച പ്രധാന ഘടകം സംവിധായകനാണ്. പരിചയമുള്ളവരുമൊത്ത് സിനിമ ചെയ്യുമ്പോൾ കൂടുതൽ കംഫർട്ട് ആണല്ലോ.