വിജയകുമാറിന്റെ േപരക്കുട്ടിയുടെ വിവാഹം; തിളങ്ങി അരുൺ വിജയ്

Mail This Article
നടൻ വിജയകുമാറിന്റെ പേരക്കുട്ടി ദിയയുടെ വിവാഹത്തില്‍ അതിഥിയായി എത്തി രജനികാന്ത്. ചെന്നൈയിലെ ബീച്ച് റിസോർട്ടിൽ വച്ചു നടന്ന ചടങ്ങില്‍ തമിഴ് സിനിമയിലെ നിരവധി പ്രമുഖർ അതിഥിയായി എത്തി. വിജയകുമാറിന്റെ രണ്ടാമത്തെ മകളായ അനിത വിജയകുമാറിന്റെ മകളാണ് ദിയ. ദില്ലൻ എന്നാണ് വരന്റെ പേര്.
വിജയകുമാറിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് കവിത, അനിത, അരുൺ വിജയ്. രണ്ടാം ഭാര്യയായ മഞ്ജുളയിൽ നിന്നുള്ള മക്കളാണ് വനിത, പ്രീത, ശ്രീദേവി. ഇതിൽ അരുൺ വിജയ്, വനിത വിജയകുമാർ, പ്രീത വിജയകുമാർ, ശ്രീദേവി വിജയകുമാർ എന്നിവർ സിനിമാ രംഗത്തു സജീവമാണ്.

വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത വിജയകുമാർ. വിജയ്‌യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2019 ൽ ബിഗ് ബോസ് സീസൺ 3യിൽ മത്സരാർഥിയായി എത്തിയിരുന്നു. ഇപ്പോൾ യുട്യൂബ് ചാനലിലൂടെ സജീവമാണ് താരം.
വനിതയുടെ സഹോദരി പ്രീതയാണ് ദിലീപിന്റെ നായികയായി ഉദയപുരം സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചത്. സിങ്കം, സാമി സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഹരിയാണ് പ്രീതയുടെ ഭർത്താവ്.

ഇളയ സഹോദരി ശ്രീദേവി, പ്രഭാസ് ചിത്രമായ ഈശ്വറിലൂടെ നായിക നിരയിലെത്തി. പക്ഷേ വിവാഹ ശേഷം അഭിനയം ഉപേക്ഷിച്ച നടി ഇപ്പോൾ ടെലിവിഷൻ രംഗത്തു സജീവമാണ്.