ജോജുവിന്റെ ‘പണി’ പൂർത്തിയായി; നൂറുദിവസത്തെ ഷൂട്ടിനു പാക്കപ്പ്
Mail This Article
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന സിനിമയ്ക്കു പാക്കപ്പ്. തൃശൂരിലും ചുറ്റുവട്ടത്തുമായി നടന്ന നൂറുദിവസത്തെ ചിത്രീകരണത്തിനു ശേഷമാണ് പാക്കപ്പ് പറഞ്ഞത്. ചിത്രത്തിൽ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. തെന്നിന്ത്യൻ നടി അഭിനയയാണ് നായിക. ബിഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ് എന്നിവർക്കൊപ്പം വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. ജോജുവിന്റെ തന്നെ പ്രൊഡക്‌ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും എഡി സ്റ്റുഡിയോസിന്റെ ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം.
കരിയറിൽ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോഴാണ് ജോജു സംവിധായ കുപ്പായമണിയുന്നത്. സ്വന്തം രചനയിൽ ആദ്യ സംവിധാനസംരഭവുമായി എത്തുന്നതിന്റെ അടങ്ങാത്ത ആവേശത്തിലാണ് ജോജു ജോർജ്. ‘‘അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്, കുറച്ചു ഒരുപാട് ടെൻഷൻ നിറഞ്ഞ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും.’’ ജോജു പറയുന്നു.
1995 ൽ മഴവിൽ കൂടാരം എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമാരംഗത്തേക്ക് എത്തിയ ജോജു ജോർജ് എന്ന നടൻ കടന്നു വന്ന വഴികൾ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ, ചെറിയ വേഷങ്ങളിലൂടെ നായകന്മാർക്ക് പുറകിലും സൈഡിലും എതിരെയും നിന്ന ഒരുപിടി ചിത്രങ്ങൾ. 28 വർഷത്തെ അഭിനയ ജീവിതം പൂർത്തിയാക്കുമ്പോൾ, അന്നത്തെ നായകന്മാർക്കൊപ്പം നിന്ന ആ ജൂനിയർ ആർട്ടിസ്റ്റ് ഇന്ന് മുൻനിര നായകനായും, ഗായകനായും, നിർമാതാവായും മലയാള സിനിമയിൽ തന്റെ പേര് സുവർണ ലിപികൾ കൊണ്ട് എഴുതി ചേർക്കുകയായിരുന്നു.
സഹനടനായും മറ്റും അഭിനയം തുടരുന്നതിനിടയിൽ 2018 ൽ പുറത്തിറങ്ങിയ 'ജോസഫ്' എന്ന സിനിമയാണ് ജോജുവിന്റെ കരിയറിൽ വഴിത്തിരിവാകുന്നത്. അദ്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വച്ച ചിത്രം ബോക്സ്ഓഫിസിൽ മിന്നും വിജയം നേടുകയും ചെയ്തു. തുടർന്ന് സൈക്കോളജിക്കൽ ഡ്രാമ ചിത്രം 'ചോല'യിലെ പ്രകടനം വീണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ ജോജുവിന്റെ സ്ഥാനം ഉറപ്പിച്ചു. 'ജോസഫ്', 'ചോല' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും (ജോസഫ്) ലഭിച്ചു.
പിന്നീട് ഇരട്ട, ആന്റണി, പട തുടങ്ങി നിരവധി സിനിമകളിലൂടെ തിരക്കേറിയ താരമായി മാറി. തമിഴിലും തെലുങ്കിലും നടനിപ്പോൾ ആരാധകരേറെ. കമൽഹാസൻ–മണിരത്നം ചിത്രമായ തഗ്‌ലൈഫ് ആണ് ജോജുവിന്റെ പുതിയ പ്രോജക്ട്.