ADVERTISEMENT

കമൽഹാസനെ നേരിട്ടു കണ്ടതിന്റെ സന്തോഷം പങ്കുവച്ച് കലാ സംവിധായകൻ  അജയൻ ചാലിശ്ശേരി. മഞ്ഞുമ്മൽ ബോയ്സ് കമൽഹാസൻ ചെന്നൈയിൽ വച്ചു കാണുകയും സിനിമയുടെ അണിയറ പ്രവർത്തകരെ നേരിട്ടു കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സംവിധായകൻ ചിദംബരം ഉൾപ്പെടുന്ന ടീം കമലിന്റെ ഓഫിസിലെത്തിയത്.

‘‘ഏകദേശം 32 വർഷങ്ങൾക്കു മുമ്പ് കുന്നംകുളത്തു നിന്നാണ് ‘ഗുണ’ സിനിമ കാണുന്നത്. തേഡ് ക്ലാസിലെ ചുവന്ന പെയിന്റടിച്ച തടി കൊണ്ടുള്ള ചാരുബെഞ്ചിലിരുന്നാണ് മങ്ങിയ വെളിച്ചത്തിലാണ് ഞാനും ആ സിനിമ കണ്ടത്.      

കൊടൈക്കനാലിലെ ‘ഡെവിൾ കിച്ചൻ’ എന്ന ഗുഹയിലാണ് കൂടുതലും ‘ഗുണ’ സിനിമ ചിത്രീകരിച്ചത്. സിനിമ റിലീസ് ആയപ്പോൾ ‘ഗുണ കേവ്’ എന്ന് പിന്നീടത് അറിയപ്പെടാൻ തുടങ്ങി. വളരെ അപകടങ്ങൾ നിറഞ്ഞ വിടവുകൾ ആണ് ഗുഹയിൽ നിറയെ. നിരവധി ടൂറിസ്റ്റുകൾ അതിലെ കുഴികളിൽ അപകടത്തിൽ പെട്ടു മരണമടഞ്ഞപ്പോൾ ഗുണ കേവിലേക്കുള്ള പ്രവേശനം സർക്കാർ നിരോധിച്ചു.

വർഷങ്ങൾക്ക് ശേഷം മഞ്ഞുമ്മൽ ബോയ്സിന് കഥ പറയാൻ ഗുണ കേവിന്റെ അകം തന്നെ വേണമായിരുന്നു. ചിത്രീകരണാനുമതിയും പ്രവേശനാനുമതിയും കിട്ടാത്തതും അപകടകരവുമായതു കാരണം ഏകദേശം അത്ര വലുപ്പത്തിൽത്തന്നെ നമ്മളത് പെരുമ്പാവൂരിൽ രണ്ട്, മൂന്ന് മാസം കൊണ്ട് സെറ്റിട്ട് ചിത്രീകരണം പൂർത്തിയാക്കി. കാലവും കലയും നമ്മളെ പലതും ചെയ്യിപ്പിക്കും. പലയിടത്തും കൊണ്ടെത്തിക്കും. ഉലകനായകൻ കമൽ സാറിനൊപ്പം ചെന്നൈയിൽ ഞാനും. വളരെ വളരെ സന്തോഷം.’’–അജയൻ ചാലിശ്ശേരിയുടെ വാക്കുകള്‍.

പെരുമ്പാവൂരിലാണ് അജയൻ ചാലിശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഗുണ കേവിന്റെ സെറ്റിട്ടത്. 50 അടി ഉയരമുള്ള സെറ്റിൽ ഒരുക്കിയിരിക്കുന്ന ഗുണാ കേവും ആഴമേറിയ കുഴിയുമെല്ലാം സിനിമയുടെ പ്രധാന ആകർഷണമാണ്.

അജയൻ ചാലിശ്ശേരി തന്നെ അടുത്തിടെ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ,  ചിത്രത്തിനായി സെറ്റിട്ടത് പെരുമ്പാവൂരിൽ ഒഴിഞ്ഞുകടിന്ന ഒരു ഗോഡൗണിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. ‘‘സെറ്റിൽ 18 അടിയോളം താഴ്ചയുള്ള ഒരു കുഴിയാണ് ആദ്യം ചെയ്തത്. കുഴിയിലെ രക്ഷാപ്രവർത്തനം മുഴുവനായി ചിത്രീകരിക്കാൻ 50 അടി താഴ്ചയുള്ള മൂന്നു കുഴികൾ കൂടി ഒരുക്കി. ഇതിൽ ഓരോന്നിലും ക്യാമറ വച്ച് ഷൂട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പ്രത്യേകം തയാറാക്കി. സീനുകൾ അനുസരിച്ച് മൂന്നു തരത്തിലാണ് അവയുടെ ഉൾഭാഗം ക്രമീകരിച്ചിരുന്നത്. ശ്രീനാഥ് ഭാസിയും സൗബിനും തൂങ്ങിക്കിടക്കുന്ന രംഗം ചിത്രീകരിച്ചത് ശരിക്കും 40 അടി താഴ്ചയിൽ തന്നെയാണ്. വലിയ റിസ്ക് തന്നെയായിരുന്നു ഷൂട്ട്.’’–അജയൻ ചാലിശ്ശേരിയുടെ വാക്കുകൾ.

English Summary:

Ajayan Challissery about Kamal Haasan and Guna movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com