100 കോടിയും കടന്ന് ‘മഞ്ഞുമ്മൽ ബോയ്സ്’; തമിഴ്നാട്ടിൽ ‘ബ്ലോക്ബസ്റ്റർ’
Mail This Article
തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന ചിദംബരം ചിത്രം ‘മഞ്ഞുമ്മൽ ബോയ്സ്’ നൂറ് കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് 12 ദിവസങ്ങൾകൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബ്ബിലെത്തിയത്. കേരളത്തിൽ മാത്രമല്ല അന്യഭാഷകളിലും വിദേശത്തും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ വൻ സ്വീകാര്യതയാണ് ഈ സുവർണനേട്ടത്തിലെത്താൻ ചിത്രത്തെ സഹായിച്ചത്.
ഇന്ത്യയിൽ നിന്നു മാത്രം 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്തു നിന്നും നാൽപതുകോടിക്കു മുകളിൽ ലഭിച്ചു. പതിനൊന്നുദിവസം കൊണ്ട് തമിഴ്നാട്ടിൽ നിന്നും മാത്രം ചിത്രം വാരിയത് 15 കോടി രൂപ. മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് റെക്കോർഡ് ആണ്. തിയറ്റർ കലക്‌ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മലയാള ചിത്രം കൂടിയാണിത്. ലൂസിഫർ, പുലിമുരുകന്‍, 2018 എന്നിവയാണ് ഇതിനു മുമ്പ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമകൾ.
ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, മാളികപ്പുറം എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയെന്ന് അവകാശപ്പെടുന്ന മറ്റ് മലയാള സിനിമകൾ. ജൂഡ് ആന്തണിയുടെ ‘2018’ ആണ് മലയാളത്തിൽ ഏറ്റവുമധികം കലക്‌ഷൻ നേടിയ സിനിമ. ‘മഞ്ഞുമ്മൽ’ തെലുങ്ക് പതിപ്പും റിലീസിനൊരുങ്ങുകയാണ്. 30 കോടിയാണ് തമിഴ്നാട്ടിൽ നിന്നും പ്രതീക്ഷിക്കുന്ന കലക്‌ഷൻ. ഈ കുതിപ്പു തുടരുകയാണെങ്കിൽ ‘2018’ന്റെ റെക്കോർഡും പഴങ്കഥ ആയേക്കും.
സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ മാത്രം റിലീസ് ചെയ്ത ചിത്രമിന്ന് കൂടുതല്‍ തിയറ്ററുകളിലേക്ക് എത്തി കഴിഞ്ഞു. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയില്‍ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി. ബുക്ക്‌മൈ ഷോയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റു പോകുന്നത്. കമല്‍സാറിനുള്ള മലയാളത്തിന്റെ ആദരവെന്നും ഒരു മലയാള സിനിമയ്ക്ക് തമിഴ് സിനിമ കാരണമാകുന്നത് തമിഴ് സിനിമയ്ക്ക് തന്നെയുള്ള ആദരവാണെന്നും പലരും വിധി എഴുതി കഴിഞ്ഞു. എന്തായാലും നിറഞ്ഞ കയ്യടികളോടെയാണ് സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങുന്നത്.
ഒപ്പം റിലീസ് ചെയ്ത തമിഴ്‌സിനിമകളെയും പിടിച്ചു കുലുക്കിയാണ് സിനിമയുടെ മുന്നേറ്റം. കേരളത്തില്‍ ഉയര്‍ന്നു വന്ന മികച്ച അഭിപ്രായം തമിഴ്‌നാട്ടില്‍ അതിവേഗത്തില്‍ തിയറ്ററുകളിലേക്ക് ആളുകളെ എത്തിച്ചു. മാർച്ച് ഒന്നിനു തമിഴിൽ റിലീസ് ചെയ്ത ഗൗതം മേനോൻ ചിത്രം ജോഷ്വ: ഇമൈ പോല്‍ കാക എന്ന സിനിമയ്ക്കും നിലം തൊടാനായിട്ടില്ല. ചിത്രത്തിന് ആദ്യ ദിനത്തില്‍ തമിഴ്നാട്ടില്‍ നിന്നും വെറും 30 ലക്ഷം മാത്രമാണ് കലക്‌ഷൻ. . രണ്ടാം ദിനത്തില്‍ ചിത്രത്തിന്‍റെ 60 ലക്ഷവും. അതേസമയം മഞ്ഞുമ്മൽ ബോയ്സ് ഞായറാഴ്ച മാത്രം തമിഴ്നാട്ടിൽ നിന്നും വാരിക്കൂട്ടിയത് 4.82 കോടി.
കേരളത്തിലെയും തമിഴ്നാട്ടിലെയും ഞായറാഴ്ചയിലെ കലക്‌ഷൻ വച്ചു നോക്കിയാൽ ഇന്ത്യൻ ബോക്സ്ഓഫിസിൽ ഏറ്റവുമധികം ഗ്രോസ് കലക്‌ഷൻ നേടിയ ചിത്രമായും മഞ്ഞുമ്മൽ മാറി. 30 കോടിയാണ് പത്തുദിവസംകൊണ്ട് കേരളത്തില്‍ നിന്നും നേടിയത്. ആഗോള കലക്‌ഷൻ 90 കോടി പിന്നിട്ടു കഴിഞ്ഞു.
വലിയ സൂപ്പര്‍ സ്റ്റാറുകളൊന്നും തന്നെയില്ലാതെ ഒരു മലയാള സിനിമ അദ്ഭുതങ്ങളാണ് സൃഷ്ടിക്കുന്നത്. പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സ് കാണാതിരിക്കരുതെന്ന് നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍കൂടി കുറിച്ചതോടെ ജനം ഒഴുകിയെത്തി. പിന്നാലെ ചിത്രം ഇഷ്ടമായത് നേരിട്ടറിയിക്കാന്‍ സാക്ഷാല്‍ കമല്‍ഹാസന്‍ തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ വിളിച്ചത് വലിയ വാര്‍ത്തകളാണ് തമിഴ്‌നാട്ടില്‍ സൃഷ്ടിച്ചത്.