എന്റെ അമ്മയിലൂടെ ലാലേട്ടന്റെ സാന്നിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകും: കുറിപ്പുമായി നടി ശ്രുതി ജയൻ
Mail This Article
മോഹൻലാലിനെക്കുറിച്ചുള്ള നടി ശ്രുതി ജയന്റെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. അമ്മയുടെയും പരേതനായ തന്റെ സഹോദരന്റെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിനെ നേരിട്ടു കാണുകയെന്നതും ആ ആഗ്രഹമാണ് ഇപ്പോൾ സാധ്യമായതെന്നും നടി പറയുന്നു. സെറിബ്രൽ പാൾസിയോടു കൂടി ജനിച്ച ശ്രുതിയുടെ സഹോദരൻ പതിനൊന്നു വർഷം മുമ്പാണ് ലോകത്തോടു വിടപറയുന്നത്. തന്റെ അമ്മയിലൂടെ മോഹൻലാലിന്റെ സാന്നിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകുമെന്നും ശ്രുതി കുറിച്ചു.
മോഹൻലാലിനും അമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോ സഹിതമാണ് നടിയുടെ പോസ്റ്റ്. ഒപ്പം അനുജൻ അമ്പുവിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
‘‘അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും(എന്റെ കുഞ്ഞനിയൻ). സെറിബ്രൽ പാള്‍സിയോടു കൂടി ജനിച്ച അവനു ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിൻ തെൻഡുൽക്കറും. ലാലേട്ടന്റെ എല്ലാ സിനിമകളും തിയറ്ററിൽ കൊണ്ടു പോയി അവനെ കാണിക്കുമായിരുന്നു.
Read more at: അച്ഛനും അനുജനും പോയതു ജീവിതത്തിൽ തന്നതു വലിയ ഷോക്ക്: ശ്രുതി ജയൻ അഭിമുഖം
ലാലേട്ടനെ കാണുമ്പോൾ അവൻ പ്രകടമാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ. ജീവിച്ചിരിക്കുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അമ്മയാണ് നാനാ മാഗസിനിലൂടെയും ടിവിയിലും മറ്റും കാണിച്ച് ലാലേട്ടൻ എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളിൽ നിറച്ചത്.
അവനെ കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷേ അന്ന് അത് നടന്നില്ല. അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞു 11 വർഷം ആയി. ഈ കഴിഞ്ഞ അടുത്ത ദിവസമാണ് അവന്റെ ആ ആഗ്രഹം സാധിച്ചത്. എന്റെ അമ്മയിലൂടെ ആ സാനിധ്യം അവൻ അറിഞ്ഞിട്ടുണ്ടാകും.’’–ശ്രുതി ജയന്റെ വാക്കുകൾ.