‘എമ്പുരാൻ’ ഇനി തിരുവനന്തപുരത്ത്; പുതിയ അപ്ഡേറ്റുമായി പൃഥ്വിരാജ്
Mail This Article
എമ്പുരാന്റെ ചിത്രീകരണത്തിനായി പൃഥ്വിരാജും സംഘവും തിരുവനന്തപുരത്തേക്ക്. ചെന്നൈയിലെ ചിത്രീകരണം പൂർത്തിയായതോടെയാണ് ടീം കേരളത്തിലേക്കു തിരിക്കുന്നത്. മോഹൻലാൽ ഉൾപ്പെടയുളളവർ തിരുവനന്തപുരത്തെ ചിത്രീകരണത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
യുകെ, അമേരിക്ക, ലഡാക്ക് എന്നിവടങ്ങളിലെ ഷെഡ്യൂളുകൾ ആണ് ഇതിനോടകം പൂർത്തിയായത്. സിനിമയുടെ ചിത്രീകരണം ഇപ്പോൾ ഇരുപത് ശതമാനം പൂർത്തിയായിക്കഴിഞ്ഞു. യുഎഇയിലും ഇന്ത്യയിലുമുള്ള ഭാഗങ്ങളാണ് ഇനി അവശേഷിക്കുന്നത്.
2019ലെ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ ലൂസിഫറിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ ഖുറേഷി അബ്‌റാം ആയി വീണ്ടുമെത്തുന്നു. എമ്പുരാനിൽ മുണ്ടുമടക്കിക്കുത്തി അടിയുണ്ടാക്കുന്ന മോഹൻലാലിനെ നിങ്ങൾ കണ്ടെന്ന് വരില്ലെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗമാണോ താൻ ചെയ്യുന്നതെന്ന് ഇപ്പോൾ തനിക്ക് പോലും പറയാൻ പറ്റില്ലെന്നും പൃഥ്വിരാജ് പറയുന്നു.
മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സച്ചിൻ ഖേദേക്കർ എന്നിവരും ലൂസിഫറിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ. ബജറ്റോ റിലീസ് തീയതിയോ തീരുമാനിക്കാതെയാണ് ചിത്രീകരണം.
മലയാള സിനിമയെന്ന നിലയിൽ മാത്രമാകില്ല എമ്പുരാൻ ആസൂത്രണം ചെയ്യുന്നത്. തിയറ്ററിലും ഒടിടിയിലും വൻ ബിസിനസ് നടന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്.