കോടി ക്ലബ്ബ് എന്ന വാക്ക് ജനിക്കും മുന്‍പ് സ്വന്തം സിനിമകള്‍ ഒരു വര്‍ഷക്കാലം തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു സംവിധായകനുണ്ടായിരുന്നു മലയാളത്തില്‍. പേര് ഫാസില്‍. അടുപ്പക്കാരുടെ പ്രിയപ്പെട്ട പാച്ചിക്കാ. സൂപ്പര്‍ഹിറ്റ് സംവിധായകര്‍ റിസ്‌ക് എടുക്കാന്‍ മടിച്ച് സേഫ് സോണില്‍ നിന്ന്

കോടി ക്ലബ്ബ് എന്ന വാക്ക് ജനിക്കും മുന്‍പ് സ്വന്തം സിനിമകള്‍ ഒരു വര്‍ഷക്കാലം തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു സംവിധായകനുണ്ടായിരുന്നു മലയാളത്തില്‍. പേര് ഫാസില്‍. അടുപ്പക്കാരുടെ പ്രിയപ്പെട്ട പാച്ചിക്കാ. സൂപ്പര്‍ഹിറ്റ് സംവിധായകര്‍ റിസ്‌ക് എടുക്കാന്‍ മടിച്ച് സേഫ് സോണില്‍ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടി ക്ലബ്ബ് എന്ന വാക്ക് ജനിക്കും മുന്‍പ് സ്വന്തം സിനിമകള്‍ ഒരു വര്‍ഷക്കാലം തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു സംവിധായകനുണ്ടായിരുന്നു മലയാളത്തില്‍. പേര് ഫാസില്‍. അടുപ്പക്കാരുടെ പ്രിയപ്പെട്ട പാച്ചിക്കാ. സൂപ്പര്‍ഹിറ്റ് സംവിധായകര്‍ റിസ്‌ക് എടുക്കാന്‍ മടിച്ച് സേഫ് സോണില്‍ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടി ക്ലബ്ബ് എന്ന വാക്ക്  ജനിക്കും മുന്‍പ് സ്വന്തം സിനിമകള്‍ ഒരു വര്‍ഷക്കാലം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു സംവിധായകനുണ്ടായിരുന്നു മലയാളത്തില്‍. പേര് ഫാസില്‍. അടുപ്പക്കാരുടെ പ്രിയപ്പെട്ട പാച്ചിക്കാ. സൂപ്പര്‍ഹിറ്റ് സംവിധായകര്‍ റിസ്‌ക് എടുക്കാന്‍ മടിച്ച് സേഫ് സോണില്‍ നിന്ന് കളിച്ചിരുന്ന കാലത്ത് തന്റെ പ്രഥമ സംവിധാന സംരംഭത്തില്‍ പോലും സാഹസികത കാണിച്ച് വന്‍വിജയം കൊയ്ത പ്രതിഭാശാലി. ഫാസില്‍ കടന്നു വന്ന വഴികള്‍, അദ്ദേഹത്തിന്റെ ചലച്ചിത്ര സമീപനം എല്ലാറ്റിലും പുതുമയുണ്ടായിരുന്നു. ഒരു ഫാസില്‍ ചിത്രം പോലെ വേറിട്ട ജീവിതവഴികള്‍...

നവോദയയുടെ സ്വന്തം ഫാസിൽ

ADVERTISEMENT

ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുടെ മകന്‍ ബോബന്‍ കുഞ്ചാക്കോയുടെ ക്ലാസ്‌മേറ്റായിരുന്നു ഫാസില്‍. ആലപ്പുഴ എസ്ഡി കോളജ് ക്യാംപസില്‍ മിമിക്രിയും നാടകവും മറ്റു കലാപരിപാടികളുമായി നെടുമുടി വേണുവിനൊപ്പം നടന്ന മെലിഞ്ഞ പയ്യന്‍ സൗഹൃദത്തിനപ്പുറം ബോബന്റെ മനസ്സില്‍ ചേക്കേറിയത് സഹപാഠികളില്‍ മറ്റാര്‍ക്കുമില്ലാത്ത കഴിവുകളുടെ പേരിലായിരുന്നു. ഒരു നോട്ട് പുസ്തകത്തിലെന്നോണം ബോബന്‍ ആ പേര് മനസ്സില്‍ കുറിച്ചിട്ടു. ഉദയാ ചിത്രങ്ങളുടെ നിർമാണ കാര്യദര്‍ശിയായിരുന്നു അന്ന് കുഞ്ചാക്കോയുടെ സഹോദരന്‍ നവോദയ അപ്പച്ചന്‍. അന്ന് നവോദയ തുടങ്ങിയിട്ടില്ല.

ഫാസിൽ

ബിരുദാനന്തര ബിരുദം കഴിഞ്ഞ് മിമിക്രിയും അമച്വര്‍ നാടകങ്ങളുമായി ഊര് ചുറ്റുന്ന ഫാസിലിനെ ഒരു ദിവസം ബോബന്‍ ഉദയയിലേക്ക് ക്ഷണിച്ചു. അവര്‍ നിര്‍മിക്കുന്ന സിനിമകളുടെ ചര്‍ച്ചകളിലും മറ്റും സഹകരിപ്പിച്ചു. പല തിരക്കഥകളിലും ഗുണപരമായ അഭിപ്രായങ്ങള്‍ പറയാന്‍ കെല്‍പുളള ഫാസില്‍ ഉദയാ കുടുംബത്തിന്റെ നോട്ടപ്പുളളിയായി. ശാരംഗപാണിയുടെ തിരക്കഥയില്‍ നടന്‍ അടൂര്‍ ഭാസി സംവിധാനം ചെയ്ത ‘അച്ചാരം അമ്മിണി ഓശാരം ഓമന’ എന്ന സിനിമയുടെ തിരക്കഥയിലും ഫാസിലിന്റെ നിര്‍ണായക സംഭാവനകളുണ്ടായി. ആ ചിത്രം രണ്ട് യൂണിറ്റായാണ് ഷൂട്ട് ചെയ്തത്. ഒന്നിന് അടൂര്‍ ഭാസി നേതൃത്വം നല്‍കിയപ്പോള്‍ സെക്കന്‍ഡ് യൂണിറ്റ് നയിച്ചത് വിന്‍സന്റ് മാഷായിരുന്നു. ആ യുണിറ്റിനൊപ്പം പത്തു ദിവസം സഹകരിക്കാന്‍ ഫാസിലിന് അവസരം ലഭിച്ചു. ചിത്രത്തിന്റെ ടൈറ്റിലില്‍ സംവിധാന സഹായി: എ.എം. ഫാസില്‍ എന്ന് എഴുതി കാണിക്കുന്നുണ്ടെങ്കിലും താന്‍ അതില്‍ സഹസംവിധായകനായിരുന്നില്ലെന്നും വെറുതെ സെറ്റില്‍നിന്ന് സിനിമയുടെ ബാലപാഠങ്ങളും ഫിലിം മേക്കിങ്ങിന്റെ സാങ്കേതികത്വവും നോക്കിക്കാണുക മാത്രമാണ് ചെയ്തതെന്നും ഫാസില്‍ പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞു.

ഈ സിനിമകളുടെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന നവോദയ അപ്പച്ചനും മകന്‍ ജിജോയും ഫാസിലിനെ കൃത്യമായി നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു. അപ്പച്ചന്‍ ഉദയായില്‍നിന്നു പിരിഞ്ഞ് നവോദയ എന്ന ബാനറുണ്ടാക്കിയപ്പോള്‍ അവര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയ്ക്ക് ഒരു തിരക്കഥ വേണം. പ്രേംനസീറും മധുവും എല്ലാം ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ്. ഫാസില്‍ പറഞ്ഞ കഥ അവര്‍ക്ക് ഇഷ്ടമായി– തീക്കടല്‍. തിരക്കഥ എഴുതാനുളള അവസരവും ഫാസിലിന് ലഭിച്ചു. ചിത്രം ബംപര്‍ ഹിറ്റായതോടെ ഫാസിലിന്റെ സമയം തെളിഞ്ഞു.

മുൻ മുഖ്യമന്ത്രി കെ.കരുണാകരനിൽനിന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വീകരിക്കുന്ന ഫാസില്‍ (ഫയൽ ചിത്രം: മനോരമ)

മഞ്ഞില്‍ വിരിഞ്ഞ താരോദയം

ADVERTISEMENT

നവോദയ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മിക്കുന്ന സിനിമയുടെ സംവിധാനച്ചുമതലയും അദ്ദേഹത്തിനു ലഭിച്ചു. അന്ന് ഫാസില്‍ പറഞ്ഞ കഥ നവോദയ കുടുംബത്തിന് ഒന്നടങ്കം ഇഷ്ടമായി. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ആ സിനിമയിലെ പ്രധാന വേഷത്തിലേക്ക് അന്ന് തമിഴില്‍ ബ്ലോക് ബസ്റ്ററായ ‘ഒരു തലൈരാഗ’ത്തിലെ നായകന്‍, മലയാളി കൂടിയായ ശങ്കര്‍ നിശ്ചയിക്കപ്പെട്ടു. തമിഴ്‌നടി പൂര്‍ണിമാ ജയറാമിനും നറുക്ക് വീണു. വില്ലന്‍ വേഷത്തിലേക്ക് പരസ്യം നല്‍കി ഇന്റര്‍വ്യൂ ചെയ്ത് തിരഞ്ഞെടുത്ത മോഹന്‍ലാല്‍ എന്ന നടന്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ അഭിനയപ്രതിഭകളില്‍ ഒരാളായി. അങ്ങനെ വലിയൊരു ചരിത്ര നിയോഗത്തിനും ഫാസില്‍ കാരണഭൂതനായി.

കുടുംബത്തിനൊപ്പം ഫഹദ് ഫാസിലും നസ്രിയയും

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ വന്‍ഹിറ്റായതോടെ താരങ്ങളില്ലാതെ സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വം സംവിധായകരുടെ ഗണത്തിലേക്ക് ഫാസിലിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു. ഒരു പടം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തിലധികം വിശ്രമിക്കുന്നതാണ് ഫാസിലിന്റെ രീതി. സ്വയം ഒരു അലസനെന്ന് അദ്ദേഹം കളി പറയുമെങ്കിലും യഥാർഥത്തില്‍ അത് ഒരു തരം ക്രിയാത്മകമായ ഒരുക്കങ്ങളുടെ വേളകളാണ്. വായനയും സിനിമ കാണലും ജീവിതനീരിക്ഷണവുമൊക്കെയായി സമയം ചെലവഴിക്കും. ഇതിനിടയില്‍ സിനിമയ്ക്ക് യോജിച്ച കഥകള്‍ ആലോചിക്കും. അടുപ്പമുളളവരുമായി അത് ചര്‍ച്ച ചെയ്യും. അവരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും നിരീക്ഷിക്കും. വീണ്ടും കഥ പൊളിച്ചെഴുതും. അങ്ങനെ വെട്ടിയും തിരുത്തിയും മിനുക്കിയും കൂട്ടിച്ചേര്‍ത്തും പൂര്‍ണതയിലെത്തിയ തിരക്കഥയുമായി ഫാസില്‍ അടുത്ത സിനിമയിലേക്ക് കടക്കും.

വിജയങ്ങള്‍ക്കൊപ്പം പരാജയങ്ങള്‍

വന്‍വിജയങ്ങള്‍ക്കൊപ്പം വന്‍പരാജയങ്ങള്‍ കൂടി ചേര്‍ന്നതായിരുന്നു എക്കാലവും ഫാസിലിന്റെ കരിയര്‍ ഗ്രാഫ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലുടെ ചരിത്ര വിജയം സമ്മാനിച്ച ഫാസില്‍ തുടര്‍ന്ന് ചെയ്ത രണ്ട് സിനിമകളും ബോക്‌സ്ഓഫിസില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. ധന്യയും മറക്കില്ലൊരിക്കലും. ഫാസിലില്‍നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ച പ്രമേയമോ പ്രതിപാദന രീതിയോ ആയിരുന്നില്ല ആ സിനിമകളുടേത്. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിക്കുന്ന ഒന്നായിരുന്നില്ല ഫാസിലിന്റെ ആത്മവിശ്വാസം.

ADVERTISEMENT

1983 ല്‍ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലൂടെ അദ്ദേഹം വന്‍ തിരിച്ചുവരവ് നടത്തി. ഒരു വര്‍ഷമാണ് ആ സിനിമ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത്. ബേബി ശാലിനി എന്ന പുത്തന്‍ താരോദയം സംഭവിച്ച ആ സിനിമയിലാണ് മോഹന്‍ലാല്‍ ഒരു പോസിറ്റീവ് റോളില്‍ അഭിനയിച്ച് ശ്രദ്ധ നേടുന്നത്. ഭരത് ഗോപിയെപ്പോലെ, സോ കോള്‍ഡ് ഹീറോ ലുക്ക് ഇല്ലാത്ത ഒരാളെ നായകനാക്കിയും സംഗീതാ നായിക്കിനെ പോലെ മലയാളത്തിന് അപരിചിതയായ നടിയെ നായികയാക്കിയും സിനിമ ചെയ്ത് ബംപര്‍ ഹിറ്റാക്കാന്‍ ഒരു ഫാസിലിനേ കഴിയൂ എന്ന് ചലച്ചിത്ര വ്യവസായത്തിനൊപ്പം നിരുപകരും മാധ്യമങ്ങളും വിധിയെഴുതി.

ജോഷിയും ഐ.വി.ശശിയും അടക്കമുളള അന്നത്തെ ഹിറ്റ് മേക്കേഴ്‌സ് സൂപ്പര്‍താരങ്ങളുടെ മാത്രം തണലില്‍ സേഫ് ഗെയിം കളിക്കുന്ന കാലത്താണ് രണ്ട് പരാജയങ്ങളുടെ നടുവില്‍നിന്ന് പരീക്ഷണം നടത്താന്‍ ഫാസില്‍ തുനിഞ്ഞത്. എക്കാലവും സ്വന്തം കഴിവില്‍ അപാരമായ വിശ്വാസം അര്‍പ്പിച്ചിരുന്ന സംവിധായകനായിരുന്നു ഫാസില്‍. സമകാലികരില്‍ പലരും സ്വന്തം സിനിമകള്‍ക്ക് രചന നിര്‍വഹിക്കാന്‍ പ്രഗത്ഭരായ എഴുത്തുകാരുടെ സഹായം തേടിയപ്പോള്‍ ഫാസില്‍ സ്വയം തിരക്കഥയെഴുതി പടങ്ങള്‍ സംവിധാനം ചെയ്തു. എന്തു വേണം, എന്തു പാടില്ല എന്ന ഔചിത്യ ബോധമായിരുന്നു ഫാസില്‍ സിനിമകളുടെ ഹൈലൈറ്റ്. തന്റെ സിനിമകളിലെ ഗാനങ്ങളെ സംബന്ധിച്ചും ഓരോ ഘടകത്തെ സംബന്ധിച്ചും വ്യക്തമായ അവബോധമുളള സംവിധായകനാണ് ഫാസില്‍. താരങ്ങളെ പോലും അഭിനയിച്ച് കാണിച്ച് അതിന്റെ അനുപാതം ബോധ്യപ്പെടുത്തുന്ന ഫാസില്‍ അവരുടെ തനതു ശൈലിയില്‍ അത് അവതരിപ്പിക്കാനുളള സ്വാതന്ത്ര്യവും നല്‍കി.

ഫാസിലും കുടുംബവും

തമിഴിലും ഹിറ്റ്‌മേക്കര്‍...

മാമാട്ടിക്കുട്ടിയമ്മ എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്ക് എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോഴും സംവിധാന ചുമതല ഫാസിലിന് തന്നെയായിരുന്നു. തമിഴിലും ഫാസില്‍ എന്ന നാമധേയം ചിരപ്രതിഷ്ഠ നേടി. മാമാട്ടിക്കുട്ടിയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം അദ്ദേഹം ഒരുക്കിയ ഈറ്റില്ലം ഗൗരവപൂര്‍ണമായ വിഷയം കൈകാര്യം ചെയ്ത സിനിമയായിരുന്നെങ്കിലും ഫാസില്‍ അതുവരെ നിലനിര്‍ത്തിയ വിജയത്തിളക്കത്തിന് മങ്ങലേല്‍പ്പിച്ചു. ഫാസില്‍ വീണുവെന്ന് പലരും വിധിയെഴുതിയെങ്കിലും സ്വന്തം കഴിവിലുളള അനിതര സാധാരണമായ വിശ്വാസം മുന്നോട്ട് നയിച്ചു. തൊട്ടടുത്ത വര്‍ഷം, 1984 ല്‍, നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ലോബജറ്റ് സിനിമയുമായി ഫാസില്‍ വീണ്ടും വന്നു. 

നായകനടന്‍ എന്ന നിലയില്‍ അത്രയൊന്നും താരമൂല്യമില്ലാത്ത മോഹന്‍ലാലും നദിയാ മൊയ്തു എന്ന പുതുമുഖ നായികയും പഴയ കാല നടി പത്മിനിയും മുഖ്യവേഷത്തിലെത്തിയ ചിത്രം ഒരു വര്‍ഷത്തോളം പ്രദര്‍ശന ശാലകള്‍ നിറച്ചു. ട്രാജിക്ക് ക്ലൈമാക്‌സുമായെത്തിയ സിനിമ തിയറ്ററുകളില്‍ പരാജയമാകുമെന്ന് ഭയന്ന് വിതരണത്തിനെടുക്കാന്‍ മടിച്ച ഡിസ്ട്രിബ്യൂട്ടേഴ്‌സ് പടം ലക്ഷങ്ങള്‍ വാരിക്കൂട്ടുന്നത് കണ്ട് അമ്പരന്ന് നിന്നപ്പോഴും ഫാസില്‍ സൗമ്യമായി ചിരിച്ചതേയുളളൂ. തന്റെ പ്രോഡക്ടില്‍ അദ്ദേഹത്തിന് അത്രമേല്‍ വിശ്വാസം ഉണ്ടായിരുന്നു.

നോക്കെത്താദൂരത്ത്, പൂവേ പൂ ചൂടവാ എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്ത് വിജയം കൊയ്തതോടെ ഫാസില്‍ തെന്നിന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ സംവിധായകരില്‍ ഒരാളായി. ഇരുഭാഷകളില്‍ നിന്നും അവസരങ്ങളുടെ പെരുമഴ തന്നെ ഉണ്ടായപ്പോഴും ആലപ്പുഴയിലെ ‘ദാര്‍ എസ് സലാം’ എന്ന വീട്ടിലെ ചാരുകസേരയില്‍ ഒതുങ്ങിക്കൂടുന്ന ഫാസിലിനെ കണ്ട് ചലച്ചിത്രലോകം അദ്ഭുതപ്പെട്ടു.

കാതലുക്കു മര്യാദ എന്ന ചിത്രത്തിൽ വിജയ്‌യും ശാലിനിയും

ഹൃദയഹാരിയായ ഒരു പ്രണയകഥ

സൂകരപ്രസവം പോലെ സിനിമകള്‍ ചെയ്യുന്നതായിരുന്നു അക്കാലത്ത് ഹിറ്റ്‌മേക്കര്‍മാരുടെ രീതി. എന്നാല്‍ ഫാസില്‍ എണ്ണപ്പെരുക്കത്തില്‍ വിശ്വസിച്ചില്ല. ചെയ്യുന്ന പടങ്ങള്‍ ചരിത്രവിജയങ്ങളാക്കി മാറ്റുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ത്രില്‍. മധു മുട്ടം എന്ന എഴുത്തുകാരന്‍ ഫാസിലിനെ തേടി വരുന്നത് ഈ സന്ദര്‍ഭത്തിലാണ്. വളരെ വ്യത്യസ്തമായ കഥകള്‍ മെനയാന്‍ കെല്‍പ്പുളള മധുവിന് പക്ഷേ സിനിമയുടെ സങ്കേതങ്ങളെക്കുറിച്ച് കാര്യമായ ധാരണയുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞ ഒരു കഥാബീജം വികസിപ്പിച്ച് ഫാസില്‍ തിരക്കഥയുണ്ടാക്കി. അതിന് വേറിട്ട ഒരു പേരും നല്‍കി– എന്നെന്നും കണ്ണേട്ടന്റെ...

ഹൃദയഹാരിയായ ഒരു പ്രണയകഥയായിരുന്നു കണ്ണേട്ടന്‍. നായികാ നായകന്‍മാര്‍ പുതുമുഖങ്ങളെങ്കിലും ശ്രീവിദ്യ, നെടുമുടി വേണു, സുകുമാരി എന്നിങ്ങനെ പരിണതപ്രജ്ഞരായ അഭിനേതാക്കളും ആ ചിത്രത്തിലുണ്ടായിരുന്നു. സിനിമ മികച്ചതായിട്ടും എന്തുകൊണ്ടോ തിയറ്ററില്‍ വിജയം കണ്ടില്ല. കഥാന്ത്യത്തില്‍ ഒന്നിക്കാന്‍ സാധിക്കാതെ പരസ്പരം പിരിയുന്ന കമിതാക്കളെയല്ല ഒരു പ്രണയകഥയില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്ന തിരിച്ചറിവ് ആരും പറയാതെ തന്നെ ഫാസിലിനുണ്ടായി. ഇതേ കഥാതന്തു വര്‍ഷം പതിനാറ് എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ ഫാസില്‍ ശുഭകരമായ ക്ലൈമാക്‌സ് സ്വീകരിച്ചു. തമിഴില്‍ ഖുശ്ബു നായികയായെത്തിയ ആദ്യ സിനിമ വന്‍വിജയം കൊയ്തു.

ഫാസിലും ഭാര്യ റൊസീനയും

ചരിത്രപരമായ രണ്ട് വഴിത്തിരിവുകള്‍ക്കാണ് ഈ സിനിമ വഴിതെളിച്ചത്. ഒന്ന്, ഖുശ്ബു എന്ന തമിഴിലെ എക്കാലത്തെയും വലിയ നായികമാരില്‍ ഒരാളെ പരിചയപ്പെടുത്തുകയും ഒപ്പം താരമാക്കുകയും ചെയ്തു. പില്‍ക്കാലത്ത് ഖുശ്ബുവിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങള്‍ പോലും നിര്‍മിക്കപ്പെട്ടു. രണ്ട്, അന്നോളം ഒരു ഭാഷയില്‍ ഹിറ്റായ സിനിമകള്‍ മാത്രമേ മറ്റൊരു ഭാഷയില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നുളളു. എന്നാല്‍ മലയാളത്തില്‍ വാണിജ്യപരമായി വന്‍പരാജയം ഏറ്റുവാങ്ങിയ കണ്ണേട്ടന്‍ തമിഴില്‍ പുനര്‍നിര്‍മിക്കാന്‍ ഫാസിലിന് തെല്ലും വിമുഖതയുണ്ടായില്ല. ആ സിനിമയുടെ ഗുണനിലവാരത്തെക്കുറിച്ച് അദ്ദേഹത്തിന് അത്രമേല്‍ ബോധ്യമുണ്ടായിരുന്നു. അതേ സമയം തമിഴ് സംസ്‌കാരത്തിന് ഇണങ്ങും വിധം മാറ്റങ്ങള്‍ വരുത്താനും അദ്ദേഹം മടിച്ചില്ല.

മമ്മൂട്ടിയില്‍നിന്ന് മണിച്ചിത്രത്താഴിലേക്ക്...

ഒരേ സമയം മലയാളത്തിലും തമിഴിലും സൂപ്പര്‍ഹിറ്റ് സംവിധായകനായി മുന്നേറുന്നതിനിടയില്‍ അന്ന് മലയാളത്തില്‍ ഏറ്റവും തലപ്പൊക്കമുളള മമ്മൂട്ടിയെ നായകനാക്കി പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയും ഒരുക്കി. ഫാസിലിന്റെ ഭാഗ്യനായിക നദിയാ മൊയ്തുവായിരുന്നു നായിക. പുതുമയാര്‍ന്ന കഥാതന്തു ഉള്‍ക്കൊളളുന്ന ഈ ചിത്രവും വലിയ വിജയം നേടി. സത്യരാജിനെ നായകനാക്കി പൂവിഴി വാസലിലേ എന്ന പേരില്‍ ഈ ചിത്രവും തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയമായി എന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ? അതായിരുന്നു അക്കാലത്ത് ഫാസിലിന്റെ ജാതകഗുണം.

അതേവര്‍ഷം തന്നെ (1987) ഡോ.ഓമനാ ഗംഗാധരന്റെ ഒരു നോവലെറ്റ് ഫാസില്‍ ചലച്ചിത്രമാക്കി. അദ്ദേഹത്തിന്റെ ഭാവഭദ്രമായ തിരക്കഥയ്ക്ക് അന്ന് സംഭാഷണം എഴുതാന്‍ ഏല്‍പിച്ചത് നടന്‍ ജഗദീഷിനെ ആയിരുന്നു. മമ്മൂട്ടി-സുഹാസിനി ജോടികള്‍ ഒന്നിച്ച ആ ചിത്രവും മെഗാഹിറ്റായി. എന്നും ചരിത്രം സൃഷ്ടിക്കുന്നതില്‍ നിമിത്തമാവാറുളള ഫാസില്‍ ഈ സിനിമയിലും അതിന് കാരണക്കാരനായി.

നോക്കെത്താദൂരത്തില്‍ സംവിധാന സഹായികളായി വന്ന സിദ്ദീഖ് ലാല്‍മാരുടെ കഴിവില്‍ ഫാസിലിന് അന്നേ വലിയ വിശ്വാസം തോന്നിയിരുന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ ചിത്രീകരണം നടക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഏതാനും ദിവസം ഫാസിലിന് മാറിനില്‍ക്കേണ്ടി വന്നു. മമ്മൂട്ടിയുടെ ഡേറ്റ് പരിമിതമായതിനാല്‍ ഷൂട്ടിങ് മാറ്റി വയ്ക്കാനും നിര്‍വാഹമില്ല. അങ്ങനെ ഫാസിലിന്റെ അസാന്നിധ്യത്തില്‍ മര്‍മ പ്രധാനമായ ചില സീനുകള്‍ ചിത്രീകരിക്കാനുളള ചുമതല അദ്ദേഹം സിദ്ദീഖ്–ലാലുമാരെ ഏല്‍പിച്ചു. ഫാസില്‍ മനസ്സില്‍ കണ്ടതിലും മനോഹരമായി അവര്‍ ആ സീനുകള്‍ ഒരുക്കി. സിദ്ദീഖ്–ലാലിനെ സ്വതന്ത്ര സംവിധായകരാക്കി ഒരു പടം നിർമിക്കാം എന്ന തീരുമാനത്തിലേക്ക് ഫാസില്‍ എത്തിച്ചേരുന്നത് ഈ സിനിമയ്ക്ക് ശേഷമാണ്. മണിവത്തൂരിലെ ആയിരം ശിവരാത്രികളും വലിയ വിജയം നേടി. ഫാസിലിന്റെ മുന്‍ചിത്രങ്ങള്‍ പോലെ തന്നെ ഒരേ സമയം കലാപരമായും വാണിജ്യപരമായും മികച്ചു നിന്ന സിനിമയായിരുന്നു ഇതും.

മണിച്ചിത്രത്താഴിൽ ശോഭന

‘ഫാസിൽ’ സ്പീക്കിങ്

വിജയങ്ങളുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ ഒരു കനത്ത പരാജയം ഫാസിലിന് പതിവായിരുന്നു. വന്‍പരാജയങ്ങള്‍ മഹാവിജയങ്ങളിലേക്കുളള ഊര്‍ജദായിനിയായിരുന്നു അദ്ദേഹത്തിന്. സിദ്ദീഖ്–ലാലിന്റെ കന്നി ചിത്രമായ റാംജിറാവ് സീപീക്കിങ് ഫാസില്‍ അവതരിപ്പിക്കുന്നു എന്ന ടൈറ്റിലോടെയാണ് തിയറ്ററുകളിലും പോസ്റ്ററുകളിലും എത്തിയത്. ചിത്രം മെഗാഹിറ്റാവുക മാത്രമല്ല ട്രെന്‍ഡ് സെറ്ററായിത്തീരുകയും ചെയ്തു. റാംജിറാവ് തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഫാസില്‍ തയാറായെങ്കിലും ചിത്രം ദയനീയ പരാജയം ഏറ്റുവാങ്ങി. എന്നാല്‍ പരാജയങ്ങള്‍ക്ക് തളര്‍ത്താന്‍ കഴിയുന്ന ആളല്ല എ.എം. ഫാസിലെന്ന് കാലം വീണ്ടും തെളിയിച്ചു. 

1990 ല്‍ അരങ്ങേറ്റവേളയില്‍ കാലിടറിയ ഫാസില്‍ 1991 ല്‍ ഒരേ സമയം രണ്ട് ഭാഷകളില്‍ പുതിയ സിനിമ ഷൂട്ട് ചെയ്തു. എന്റെ സൂര്യപുത്രിക്ക് എന്ന് മലയാളത്തിലും കര്‍പ്പൂരമുല്ലൈ എന്ന് തമിഴിലും നാമകരണം ചെയ്ത ഈ പടങ്ങള്‍ നിർമിച്ച രീതിയും പുതുമയായിരുന്നു. നായകന്‍ ഒഴികെ മറ്റെല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് ഒരേ അഭിനേതാക്കള്‍ തന്നെ. ആദ്യം മലയാളത്തില്‍ ഒരു സീന്‍ ഷൂട്ട് ചെയ്യും. തുടര്‍ന്ന് അതേ സീന്‍ തന്നെ തമിഴ് സംഭാഷണങ്ങള്‍ പറഞ്ഞ് റീഷൂട്ട് ചെയ്യും. ഇരുഭാഷകളിലും അമലയായിരുന്നു നായിക. എന്തായാലും തമിഴിലും മലയാളത്തിലും പടം വെന്നിക്കൊടി പാറിച്ചു. മുടിചൂടാമന്നനായി നില്‍ക്കുന്ന ഫാസിലിനെ കണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകം അമ്പരന്നു. ഈ വിജയം നല്‍കിയ ഉന്മേഷത്തില്‍ അദ്ദേഹം കില്ലര്‍ എന്നൊരു തെലുങ്ക് ചിത്രം ഒരുക്കിയെങ്കിലും വിജയം കണ്ടില്ല.

ആ പരാജയം നല്‍കിയ കരുത്തില്‍ അതേ വര്‍ഷം തന്നെ (1992) പപ്പയുടെ സ്വന്തം അപ്പൂസ് എന്ന മമ്മൂട്ടി ചിത്രത്തിലുടെ ഫാസില്‍ വിജയം തിരിച്ചു പിടിച്ചു. മമ്മൂട്ടിയെയും കനകയെയും നായികാ നായകന്‍മാരാക്കി കിളിപ്പേച്ച് കേള്‍ക്കവാ എന്ന തമിഴ് ചിത്രമായിരുന്നു അടുത്ത പരീക്ഷണം. അത് പൂര്‍ണമായ അര്‍ഥത്തില്‍ വിജയമോ പരാജയമോ ആയിരുന്നില്ല. എന്നാല്‍ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഫാസിലിന്റെ ഖ്യാതി ഗണ്യമായ തലത്തില്‍ ഉയര്‍ത്താന്‍ പ്രേരകമായില്ല. 1993 ലായിരുന്നു ഈ വീഴ്ച. പക്ഷേ അതേ വര്‍ഷം തന്നെ സ്വന്തം കരിയറിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന മണിച്ചിത്രത്താഴ് എന്ന മഹാസംഭവം പ്രദര്‍ശനശാലകളില്‍ എത്തിച്ചു ഫാസില്‍. ചിത്രം സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായി എന്ന് മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും ഉണ്ടായി. എന്നാല്‍ ഇതൊന്നുമായിരുന്നില്ല ആ സിനിമയുടെ സവിശേഷത.

മണിച്ചിത്രത്താഴെന്ന ക്ലാസിക്

ഏത് മാനദണ്ഡങ്ങള്‍ വച്ച് പരിശോധിച്ചാലും മലയാളം കണ്ട ഏറ്റവും മികച്ച ചിത്രം, റിപ്പീറ്റ് വാല്യൂ ഉളള ചിത്രം, കള്‍ട്ട് ക്ലാസിക്ക്... മണിച്ചിത്രത്താഴിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ മതിയാവില്ല എന്നതാണ് സത്യം. 1993 ലെ മാത്രമല്ല എക്കാലത്തയും ഹിറ്റായിരുന്നു ആ ചിത്രം. അത്രമേല്‍ ശക്തവും വിഭിന്നവും സങ്കീര്‍ണവും സംഘര്‍ഷാത്മകവും ഉള്‍പ്പിരിവുകളുളളതുമായ ഒരു ഇതിവൃത്തം അതിന് മുന്‍പോ പിന്‍പോ ഏതെങ്കിലും മലയാള സിനിമയില്‍ പരീക്ഷിച്ചിട്ടുളളതായി അറിവില്ല. അത്തരമൊരു സാഹസത്തിന് തുനിഞ്ഞിറങ്ങാന്‍ ഫാസിലിന് അല്ലാതെ മറ്റാര്‍ക്കും ധൈര്യവുമുണ്ടാവാനിടയില്ല.

വിഎഫ്എക്‌സ് അടക്കമുളള നുതന സാങ്കേതിക വിദ്യകള്‍ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഒരു കാലത്ത് നിര്‍മിക്കപ്പെട്ട ആ സിനിമയെ വിശേഷിപ്പിക്കാന്‍ ചലച്ചിത്രവിസ്മയം എന്നല്ലാതെ മറ്റൊരു വാക്കില്ല. വെല്‍ കണ്‍സ്ട്രക്ടഡ് സ്‌ക്രിപ്റ്റിങ്ങിന്റെയും വെല്‍ എക്‌സിക്യൂട്ടഡ് ഫിലിം മേക്കിങ്ങിന്റെയും എക്കാലത്തെയും മികച്ച മാതൃകയാണ് മണിച്ചിത്രത്താഴ്.

മൗലികമായ കഥാതന്തു, സുഘടിതമായ തിരക്കഥ, സ്വാഭാവിക അഭിനയം, കലാസംവിധാനം, ഭാവാത്മകമായ സംഗീതം, അനുയോജ്യമായ ശബ്ദസന്നിവേശം, ഔചിത്യപൂര്‍ണമായ ഛായാഗ്രഹണം, കൃത്യതയുളള ചിത്രസംയോജനം, പൂര്‍ണതയെ സ്പര്‍ശിക്കുന്ന സംവിധാനം എന്നിങ്ങനെ സമസ്ത ഘടകങ്ങളിലും ഒരേ മികവ് നിലനിര്‍ത്തിയ മണിച്ചിത്രത്താഴ് ഇന്നും നൂതനമായ അനുഭവം പ്രദാനം ചെയ്യുന്ന സൃഷ്ടിയാണ് എന്നതിന് കാലം സാക്ഷി. ഫലപ്രദമായ കഥാഖ്യാനം നിര്‍വഹിക്കാന്‍ പാകത്തില്‍ ഭിന്നഘടകങ്ങളുടെ കൃത്യമായ അനുപാതത്തിലുളള സമന്വയമാണ് മികച്ച സിനിമയുടെ അടിസ്ഥാന മാനദണ്ഡമെങ്കില്‍ ഫാസില്‍ ഈ ചിത്രത്തില്‍ അതെല്ലാം നിര്‍വഹിച്ചിരിക്കുന്നു. സ്വന്തം മാധ്യമത്തിനു മേല്‍ അസാമാന്യമായ മേധാവിത്വമുളള ഒരു ചലച്ചിത്രകാരന് മാത്രം സാധിക്കുന്ന മാന്ത്രികതയാണിത്.

മണിച്ചിത്രത്താഴിന്റെ ലൊക്കേഷനിൽ നിന്നും

ഇന്ത്യന്‍ സിനിമാ ലോകവും സിനിമാ ചരിത്രവും ഫാസിലിനെ എക്കാലവും ഓര്‍മിക്കാനും അടയാളപ്പെടുത്താനും ഈ ഒരൊറ്റ സിനിമ  മതി. മഹാവിജയങ്ങള്‍ക്കു ശേഷമുളള കനത്ത പരാജയം എന്ന പതിവ് ലംഘിക്കാന്‍ അപ്പോഴും ഫാസിലിനെ ദൈവം അനുവദിച്ചില്ല. 93ല്‍ മണിച്ചിത്രത്താഴുമായി വന്ന് ഒരു രാഷ്ട്രത്തിന്റെ ആകമാനം ആദരവ് ഏറ്റുവാങ്ങിയ ഫാസില്‍ 1994 ല്‍ മാനത്തെ വെളളിത്തേര് എന്ന സിനിമയിലുടെ ദുരന്താത്മകമായ പരാജയം ഏറ്റുവാങ്ങി. മാനത്തെ വെളളിത്തേര് വാസ്തവത്തില്‍ മോശം സിനിമയായിരുന്നില്ല. കാലം തെറ്റിപ്പിറന്ന ചലച്ചിത്രം എന്നേ അതിനെ വിശേഷിപ്പിക്കാനാവൂ. കാലത്തിന് വളരെ മുന്‍പേ ജനിച്ച ആ സിനിമയും ഫാസിലിന്റെ യശസ്സ് ഉയര്‍ത്തിയില്ല. മൂന്നു വര്‍ഷത്തെ മൗനത്തിന് ശേഷം ഫാസില്‍ വന്നത് അനിയത്തിപ്രാവുമായിട്ടാണ്.

ചാക്കോച്ചനും ശാലിനിയും

ബ്ലോക്ക് ബസ്റ്ററായ ആ സിനിമയ്ക്കും ചരിത്രപരമായ ചില സവിശേഷതകളുണ്ട്. ബാലതാരമായിരുന്ന ശാലിനി നായികയായ ആദ്യ ചിത്രം, ഉദയാ കുടുംബത്തിലെ പുതുകണ്ണി കുഞ്ചാക്കോ ബോബനെ നായകന്‍ എന്ന നിലയില്‍ അവതരിപ്പിച്ച ചിത്രം എന്നിങ്ങനെ അനവധി പ്രത്യേകതകള്‍ അവകാശപ്പെടാവുന്ന സിനിമ ചര്‍ച്ച ചെയ്യപ്പെട്ടത് മറ്റാര്‍ക്കും സങ്കല്‍പിക്കാനാവാത്ത വേറിട്ട ക്ലൈമാക്‌സിന്റെ പേരിലാണ്. ആ ഫാസില്‍ ടച്ചിന് പ്രേക്ഷകര്‍ നല്‍കിയ മറുപടിയായിരുന്നു അനിയത്തി പ്രാവിന്റെ ഗംഭീരവിജയം.

വിജയ്, ശാലിനി എന്നിവരെ മുഖ്യവേഷത്തില്‍ അവതരിപ്പിച്ച് കാതലുക്ക് മര്യാദൈ എന്ന പേരില്‍ ഫാസില്‍ തന്നെ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോഴും വന്‍വിജയം കൊയ്തു എന്ന് മാത്രമല്ല വിജയ്‌യുടെ താരപദവി ഉറപ്പിക്കുന്നതിനും ആ സിനിമ നിമിത്തമായി.

കുഞ്ചാക്കോ ബോബനും ശാലിനിയും

ഹരികൃഷ്ണന്‍സ് ആയിരുന്നു ഫാസിലിന്റെ മറ്റൊരു മെഗാ സംരംഭം. മമ്മൂട്ടിയും മോഹന്‍ലാലും മുന്‍പും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരെയും തുല്യപ്രാധാന്യമുളള വേഷങ്ങളില്‍ അഭിനയിപ്പിച്ച് രണ്ടുപേര്‍ക്കും കടുകിടെ പ്രാധാന്യം കുറയാത്ത തലത്തില്‍ സിനിമ പൂര്‍ത്തീകരിക്കുക എന്ന സാഹസിക ദൗത്യവും വെല്ലുവിളികളെ പൂമാലയാക്കി മാറ്റുന്നതില്‍ വിരുതുളള ഫാസില്‍ ഏറ്റെടുത്തു. 1998 ലാണ് ഇത് സംഭവിക്കുന്നത്. ബോളിവുഡ് താരം ജൂഹി ചൗള നായികയായ ഹരികൃഷ്ണന്‍സും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

പരാജയങ്ങളുടെ പരമ്പര

അടുത്ത വന്‍പരാജയം പതിവായതു കൊണ്ട് ഫാസില്‍ തളര്‍ന്നില്ല. രണ്ട് വര്‍ഷം കഴിഞ്ഞ് റീലീസ് ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലും സംയുക്ത വര്‍മയും കൂട്ടിനുണ്ടായിട്ടും പരാജയമായി. വിജയ്, ശാലിനി എന്നിവർ അഭിനയിച്ച കണ്ണുക്കുള്‍ നിലവ് എന്ന തമിഴ് പടവും ഫാസിലിന്റെ ഖ്യാതി ഉയര്‍ത്താന്‍ പ്രേരകമായില്ല. രണ്ടു വര്‍ഷം കഴിഞ്ഞ് മകന്‍ ഫഹദിനെ നായകനാക്കി ഒരുക്കിയ കയ്യെത്തും ദൂരത്ത് ഒന്നിടവിട്ട വിജയം എന്ന പതിവ് ആവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

മണിച്ചിത്രത്താഴിന്റെ ഹാങ് ഓവറില്‍ മോഹന്‍ലാല്‍-നയന്‍താര ടീമിനെ കൂട്ടുപിടിച്ച് ഒരുക്കിയ വിസ്മയത്തുമ്പത്തും ബോക്‌സ്ഓഫിസില്‍ വീണതോടെ വിജയപ്പെരുമഴ എന്ന ഫാസില്‍ മാജിക്ക് പതിയെ അപ്രത്യക്ഷമായിത്തുടങ്ങി.

മക്കളായ ഫർഹാനും ഫഹദിനുമൊപ്പം ഫാസിൽ

2005 ല്‍ ഒരു നാള്‍ ഒരു കനവ് എന്ന തമിഴ് ചിത്രത്തിലുടെ ഭാഗ്യം പരീക്ഷിച്ചെങ്കിലും ഫാസില്‍ എന്ന മാസ്റ്റര്‍ ഫിലിം മേക്കറില്‍നിന്ന് പ്രതീക്ഷിച്ച സിനിമയായില്ല അത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്നത്തെ ജനപ്രിയ നായകന്‍ ദിലീപിനെ വച്ച് നര്‍മത്തിന് മുന്‍തുക്കമുളള മോസ് ആന്‍ഡ് ക്യാറ്റ് എന്ന ചിത്രം ഒരുക്കിയെങ്കിലും കരിയറിലെ വലിയ പരാജയങ്ങളൂടെ പട്ടികയിലാണ് സ്ഥാനം പിടിച്ചത്.

2011 ലെ ലിവിങ് ടുഗതര്‍ ആയിരുന്നു ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രം. ഹേമന്ദ് മേനോന്‍, ശിവദ എന്നീ പുതുമുഖങ്ങളെ വച്ച് ഒരുക്കിയ ലിവിങ് ടുഗതര്‍ ബോക്‌സ്ഓഫിസില്‍ വിജയിച്ചില്ലെന്ന് മാത്രമല്ല ഫാസിലിന്റെ ഫിലിമോഗ്രഫിയിലെ ഏറ്റവും മോശപ്പെട്ട ചിത്രമെന്ന വിമർശനം കേൾപ്പിക്കുകയും ചെയ്തു. ഒരു പടിയിറക്കം ആരംഭിക്കുന്നു എന്ന് തോന്നിക്കും വിധമായിരുന്നു 2000 മുതല്‍ 2011 വരെയുളള കാലയളവിലെ ഫാസിലിന്റെ പ്രകടനം. അപ്പോഴും ഒരു സന്ദേഹം ബാക്കിയായി. ഫാസില്‍ കൊണ്ടു വന്ന എല്ലാ അഭിനേതാക്കളും പ്രശസ്തിയുടെയും അംഗീകാരങ്ങളുടെയും കൊടുമുടികള്‍ കയറിയിറങ്ങിയപ്പോള്‍ മകന്‍ ഹഫദ് മാത്രം എന്തേ ആരാലും ശ്രദ്ധിക്കപ്പെടാതെ അപ്രസക്തനായി പോയി?

ഫഹദ് ഫാസിലിന്റെ പരിണാമം

2002 ല്‍ ഉയര്‍ന്ന ഈ ചോദ്യത്തിന്  2011 ല്‍ ലഭിച്ച മറുപടിയാണ് ചാപ്പാ കുരിശ്. പിന്നാലെ ഡയമണ്ട് നെക്‌ലേസും മഹേഷിന്റെ പ്രതികാരവും ദൃക്‌സാക്ഷിയും തൊണ്ടിമുതലും പോലുളള കിടിലന്‍ സിനിമകള്‍. ലോക നിലവാരമുളള ഒരു നടന്‍ ജനിക്കുകയായിരുന്നു. മോഹന്‍ലാലിന് ശേഷം സ്വാഭാവിക അഭിനയത്തിന്റെ ജീവിച്ചിരിക്കുന്ന മാതൃക എന്ന തലത്തില്‍ ഫഹദ് ചര്‍ച്ച ചെയ്യപ്പെട്ടു.

പുതിയ തലമുറയില്‍ ഫഹദിനോളം വലിയ അഭിനയപ്രതിഭയില്ലെന്ന് തുറന്നടിച്ചത് നിസ്സാരക്കാരല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ നടന്‍മാരായ കമലഹാസനും മോഹന്‍ലാലുമായിരുന്നു. 2011ല്‍ താൽക്കാലികമായെങ്കിലും ഫാസില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ഫഹദ് തന്റെ പ്രയാണം ആരംഭിക്കുകയായിരുന്നു.

ഇന്ന് തെന്നിന്ത്യയില്‍ തന്നെ ഏറ്റവും വിപണിമൂല്യമുളള നടന്‍മാരില്‍ നിര്‍ണായക സ്ഥാനത്ത് ഫഹദുണ്ട്. അതിലുപരി പുതുതലമുറ നായകന്‍മാരില്‍ ഏറ്റവും മികച്ച അഭിനേതാവ് എന്ന വലിയ പരിവേഷത്തോടെ അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. മൗലികമായ അഭിനയശേഷിയും താരമൂല്യവും ഒത്തുചേരുക എന്ന അപൂര്‍വതയ്ക്ക് വളരെ കുറച്ച് മാതൃകകളേയുളളു. ആ ജനുസില്‍ ഫഹദ് മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ ഫാസിലിന് അഭിമാനിക്കാം. മോഹന്‍ലാലിനെയും കുഞ്ചാക്കോ ബോബനെയും ശാലിനിയെയും പൂർണിമയെയും ഖുശ്ബുവിനെയും പോലെ അദ്ദേഹം കൈപിടിച്ച് കയറ്റിയ നായകനാണ് ഫഹദ്.

2012ൽ ഫഹദിന് സംസ്ഥാന പുരസ്കാരം ലഭിച്ച നിമിഷം ഫാസിൽ

ഇതൊക്കെയാണെങ്കിലും കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി സംവിധായകന്‍ എന്ന നിലയില്‍ ഫാസില്‍ മൗനത്തിലാണ്. അതിന്റെ അടിസ്ഥാന കാരണം തിരയുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്, ഫാസില്‍ ചരിത്രവിജയങ്ങള്‍ സമ്മാനിച്ച കാലത്തെ ഇതിവൃത്തങ്ങളും പരിചരണരീതികളും അന്യം നിന്നു പോയിരിക്കുന്നു എന്നാണ്.

തീവ്രവേദനകളുടെയും ബന്ധങ്ങളുടെയും കഥകള്‍ നാടകീയതയില്‍ ചാലിച്ച് പറഞ്ഞാല്‍ ഇന്ന് പ്രേക്ഷകര്‍ സ്വീകരിക്കില്ല. നാടകീയത സിനിമയില്‍നിന്ന് പൂര്‍ണമായിത്തന്നെ നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. സ്വാഭാവികമായി കഥപറയുക എന്നതാണ് ഇന്നത്തെ രീതി. യഥാര്‍ഥ ജീവിതം ഒരു ഒളിക്യാമറയില്‍ പകര്‍ത്തിയ അനുഭവതലം സമ്മാനിക്കുന്ന സിനിമകള്‍ക്കിടയില്‍ മെലോഡ്രാമയ്ക്ക് പ്രസക്തി നഷ്ടമായി. ഫാസിലിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായ പ്രണയം പോലും പറയുന്ന രീതിയിലും പ്രകൃതത്തിലും മാറ്റം വന്നു. മായാനദിയും പ്രേമലുവും അരങ്ങ് വാഴുന്ന ഒരു കാലത്ത് പഴയ ഫോര്‍മാറ്റിലുളള സിനിമകള്‍ അനുചിതമായി.

കാലം മായ്ക്കാത്ത ഫാസില്‍ മാജിക്ക്

എന്നാല്‍ ഇന്നും മുഷിവില്ലാതെ കണ്ടിരിക്കാവുന്നത്ര ആസ്വാദനക്ഷമമാണ് ഫാസിലിന്റെ ആദ്യകാല സിനിമകള്‍ പോലും. കാലത്തിന് അവയെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ സൂര്യപുത്രിയും മാമാട്ടിക്കുട്ടിയമ്മയും മണിച്ചിത്രത്താഴും മണിവത്തൂരിലെ ആയിരം ശിവരാത്രികളും നോക്കെത്താദൂരത്തും എന്നെന്നും കണ്ണേട്ടനും അനിയത്തിപ്രാവും കാലഹരണപ്പെട്ട സിനിമകളല്ല. എന്നാല്‍ ഏറ്റവും ഒടുവില്‍ ഫാസില്‍ ഒരുക്കിയ ഏതാനും സിനിമകള്‍ അത് റിലീസ് ചെയ്ത കാലത്തിന് പോലും ആവശ്യമില്ലാത്ത ശ്രമങ്ങളായിരുന്നു. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞിട്ടാവാം പതിവില്ലാത്ത വിധം ദീര്‍ഘമൗനത്തിന്റെ വാല്മീകത്തിലേക്ക് അദ്ദേഹം ഒതുങ്ങിക്കൂടിയത്.

ഇതിനിടയില്‍ 2022 ല്‍ ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മലയന്‍കുഞ്ഞ് എന്ന ചിത്രം ഫാസിൽ നിർമിക്കുകയുണ്ടായി. കലാപരമായി മികച്ച ചിത്രമായിട്ടും മലയന്‍കുഞ്ഞ് തിയറ്ററുകളില്‍ ചലനം സൃഷ്ടിച്ചില്ല. നിശ്ശബ്ദതയെ കൂട്ടുപിടിച്ച പന്ത്രണ്ട് വര്‍ഷങ്ങള്‍ സിനിമയിലെ പുതിയ മാറ്റങ്ങള്‍ പഠിക്കാനും സ്വാംശീകരിക്കാനും വിനിയോഗിക്കുകയായിരുന്നുവെന്ന് ഫാസില്‍ അഭിമുഖങ്ങളില്‍ പറയുന്നു. ഏറ്റവും പുതിയ സംവിധാന സംരംഭവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുളള ഒരുക്കങ്ങളിലാണ് അദ്ദേഹം.

ഇനിയൊരു സിനിമ ചെയ്തില്ലെങ്കില്‍ പോലും മലയാളത്തില്‍ മറ്റേതൊരു സംവിധായകനും സ്വപ്നം കാണാനാവാത്ത വിധം സവിശേഷമായ ഒരു സിംഹാസനത്തിലാണ് ഫാസിലിന്റെ സ്ഥാനം. മണിച്ചിത്രത്താഴ് എന്ന എവര്‍ഗ്രീന്‍ ക്ലാസിക്ക് മാത്രം മതി അദ്ദേഹം ഓര്‍മിക്കപ്പെടാന്‍. തലമുറകള്‍ക്ക് മുന്നില്‍ ഒരു പാഠപുസ്തകമായി ആ സിനിമ തലയെടുപ്പോലെ തന്നെ നില്‍ക്കും.

പ്രതീക്ഷാനിര്‍ഭരതയുടെ ഇതിഹാസം എന്ന്  വിശേഷിപ്പിക്കാവുന്ന നോക്കെത്താദൂരത്തും കാലത്തിന് മായ്ക്കാനാവാത്ത ഫാസില്‍ ക്ലാസിക്കാണ്. ഏത് വിപരീതഘട്ടത്തിലും പ്രതീക്ഷയൂടെ ഒളിമിന്നല്‍ നിലനില്‍ക്കുന്നുവെന്ന് ആ സിനിമ നമ്മോട് പറയാതെ പറയുന്നു. ധ്വനിസാന്ദ്രമായ, അതേ സമയം അനിശ്ചിതത്വം നിറഞ്ഞ ക്ലൈമാക്‌സ് എന്ന സങ്കല്‍പ്പം ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി പരീക്ഷിച്ചതും ഫാസിലാണ്. മറ്റ് ഏതൊരു ചലച്ചിത്രകാരനും ഒന്നുകില്‍ ഗേളിയുടെ മരണം ചിത്രീകരിച്ച് പ്രേക്ഷകന്റെ സഹതാപം പിടിച്ചു വാങ്ങും. അല്ലെങ്കില്‍ ഹാപ്പി എന്‍ഡിങ്ങിനായി അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് ചിത്രീകരിച്ച് സ്വയം വിഡ്ഢിയാകും. എന്നാല്‍ ഫാസില്‍ ബ്രില്യന്‍സ് ആരും പ്രതീക്ഷിക്കാത്ത തലത്തിലാണ് പ്രവര്‍ത്തിച്ചത്.

ഗേളി തിരിച്ചു വരാം, വരാതിരിക്കാം. അവള്‍ വരുമെന്ന നിതാന്ത പ്രതീക്ഷയോടെ മുത്തശ്ശിയായ കുഞ്ഞൂഞ്ഞമ്മയ്‌ക്കൊപ്പം പ്രേക്ഷകരും കാത്തിരിക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു. മടങ്ങി വന്നേക്കാവുന്ന ഗേളിക്ക് വിവരം അറിയിക്കാന്‍ പാകത്തില്‍, ഒരിക്കല്‍ അഴിച്ചു വച്ച മണി സിറ്റൗട്ടില്‍ കുഞ്ഞൂഞ്ഞമ്മ കെട്ടിത്തൂക്കുന്ന ആ രംഗം സിനിമാ ചരിത്രത്തിലെ ഏറ്റവും കാവ്യാത്മക മുഹൂര്‍ത്തങ്ങളിലൊന്നാണ്. മൂന്ന് ദശകം മുന്‍പ് അത് കണ്‍സീവ് ചെയ്ത ഫാസിലിന് സ്വയം തെളിയിക്കാന്‍ ഇനിയൊരു സിനിമ നിര്‍ബന്ധമില്ല. അത്രമേല്‍ ആഴത്തില്‍ സിനിമയെ സ്‌നേഹിക്കുന്നവരുടെ ഹൃദയത്തില്‍ അദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ട്; ഇന്ത്യന്‍ സിനിമാ ചരിത്രത്തിലും..

ഫാസില്‍ എന്ന വ്യക്തി

സിനിമകളില്‍ കാണുന്ന അതേ മാന്യത വ്യക്തിജീവിതത്തിലും സൂക്ഷിക്കുന്ന ചലച്ചിത്രകാരനാണ് ഫാസില്‍. എല്ലാവരോടും പക്വമായി ചിരിച്ച് ഹൃദ്യമായി ഇടപെടുന്ന ഒരു ഫാസിലിനെയേ കാണാന്‍ സാധിക്കുകയുളളു. സൗമ്യതയാണ് ഫാസിലിന്റെ മുഖമുദ്ര. എന്നാല്‍ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കാനും മടിക്കില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ വാണിജ്യ സിനിമയെ അപഹസിച്ച സന്ദര്‍ഭത്തില്‍ മാധ്യമങ്ങളിലൂടെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഫാസിലിനെയും കാണാനിടയായി.

പലരെയും കാണുമ്പോള്‍ നമ്മള്‍ അറിയാതെ പറഞ്ഞു പോകുന്ന ഒരു ഡയലോഗുണ്ട്. ‘ആഹാ...നല്ല ഐശ്വര്യമുളള മനുഷ്യന്‍..’

ഫാസിലിനെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ആരും അങ്ങനെ പറഞ്ഞു പോകും. കാഴ്ചയിലെ സുമുഖത മാത്രമല്ല, ഷൂട്ടിങ് ലൊക്കേഷനിലും പൊതുചടങ്ങുകളിലും, എന്തിന്, വീട്ടില്‍ വെറുതെ ഇരിക്കുമ്പോള്‍ പോലും നന്നായി പശ മുക്കി അലക്കിയ വസ്ത്രങ്ങള്‍ വടിപോലെ തേച്ച് കുട്ടപ്പനായി ഇരിക്കുന്ന ഫാസിലിനെ കാണാം. എപ്പോഴും നീറ്റാണ് ഫാസില്‍. വസ്ത്രധാരണത്തില്‍ മാത്രമല്ല സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം.. വ്യക്തി ജീവിതത്തിലെ സംശുദ്ധി സിനിമയിലും പാലിക്കുന്നതില്‍ ജാഗരൂകനായ ഫാസിലിന്റെ സിനിമകളിൽ ദ്വയാര്‍ഥ പ്രയോഗങ്ങളോ അശ്ലീലരംഗങ്ങളോ മഷിയിട്ട് നോക്കിയാല്‍ പോലും കാണാന്‍ സാധിക്കില്ല.

അറിഞ്ഞോ അറിയാതെയോ ഒരുപാട് പേര്‍ക്ക് ഗുരുമുഖം തുറന്ന് കൊടുത്തിട്ടുണ്ട് ഫാസില്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലും മാമാട്ടിക്കുട്ടിയിലും അദ്ദേഹത്തിന്റെ അസോഷ്യേറ്റ് ഡയറക്ടറായിരുന്നു വിഖ്യാത ചലച്ചിത്രകാരന്‍ സിബി മലയില്‍. സിദ്ദീഖ് ലാല്‍ അടക്കമുളളവര്‍ വേറെ. എന്നാല്‍ മനസ്സറിയാതെ ഫാസിലിന്റെ ശിഷ്യനാവാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളാണ് പ്രിയദര്‍ശന്‍.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ സെറ്റില്‍ മോഹന്‍ലാലിനൊപ്പം കൂട്ടുപോയതാണ് സഹപാഠിയായിരുന്ന പ്രിയന്‍. ആ സമയത്ത് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ ഫാസിലിനൊപ്പം ജോലി ചെയ്യാന്‍ വരുമെന്ന് പറഞ്ഞിരുന്നു. രാത്രിഷൂട്ട് നടക്കുമ്പോള്‍ ആളറിയാതെ, വരുമെന്ന് പറഞ്ഞ യുവാവാണെന്ന് കരുതി ലാലിന് അടുത്തു നിന്ന പ്രിയദര്‍ശനോട് ഫാസില്‍ പറഞ്ഞു: 

‘‘നോക്കിനില്‍ക്കാതെ വേഗം ക്ലാപ്പ് ബോര്‍ഡ് കാണിക്ക്..’’

പ്രിയന്‍ അത് അനുസരിക്കുകയും ചെയ്തു. അങ്ങനെ മനസ്സറിയാതെ ഫാസില്‍ സ്‌കൂളിന്റെ ഭാഗമാകാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. പില്‍ക്കാലത്ത് ഫാസില്‍ നിർമിച്ച ചന്ദ്രലേഖ എന്ന ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു. പ്രിയന്റെ കുഞ്ഞാലി മരയ്ക്കാറില്‍ ഫാസില്‍ അഭിനയിക്കുകയും ചെയ്തു. 

നടീനടന്‍മാര്‍ക്ക് നന്നായി അഭിനയിച്ച് കാണിച്ചു കൊടുക്കുന്ന ഫാസിലിനെക്കുറിച്ച് ഒരിക്കല്‍ ശ്രീവിദ്യ പറഞ്ഞു: ‘‘ഫാസില്‍ അഭിനയിച്ചു കാണിച്ചു തരുന്നതിന്റെ നാലിലൊന്ന് പോലും പലപ്പോഴും നമുക്ക് അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റാറില്ല’’

ഇത്രയും അഭിനയശേഷി കൈമുതലായുളള ഒരാള്‍ എന്തുകൊണ്ട് നടനായില്ല എന്ന ചോദ്യത്തിനും ഫാസിലിന് വ്യക്തമായ മറുപടിയുണ്ട്. ‘‘ഒരു കാലത്തും അഭിനയമായിരുന്നില്ല എന്റെ അഭിനിവേശം.’’

എന്നിട്ടും നോക്കെത്താദൂരത്തില്‍ പറഞ്ഞുറപ്പിച്ച നടന്‍ സമയത്ത് വരാതിരുന്നപ്പോള്‍ ആ റോളില്‍- മോഹന്‍ലാലിന്റെ സുഹൃത്തായി- ഫാസില്‍ അഭിനയിച്ചു. അത് നന്നായെങ്കിലും അഭിനയം തുടരാന്‍ ഫാസില്‍ തയാറായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയന്റെ പ്രേരണയ്ക്ക് വഴങ്ങിയാണ് മരയ്ക്കാറില്‍ അഭിനയിച്ചത്. വിഗ്രഹഭഞ്ജകനാണ് ഫാസില്‍. ആക്‌ഷന്‍ഹീറോയായി തിളങ്ങിയ സുരേഷ്‌ഗോപിയുടെ സൗമ്യമുഖം കണ്ടെത്താന്‍ രണ്ടേ രണ്ട് കഥാപാത്രങ്ങളിലൂശട ഫാസിലിന് സാധിച്ചു. എന്റെ സൂര്യപുത്രിയിലും പപ്പയുടെ സ്വന്തം അപ്പൂസിലും ..ശോഭന മുന്‍പും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു അഭിനേത്രി എന്ന നിലയില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തിയ കഥാപാത്രം നല്‍കിയത് ഫാസിലായിരുന്നു. മണിച്ചിത്രത്താഴിലെ ഉജ്ജ്വല പ്രകടനത്തിന് അവര്‍ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

ശിഷ്യരെ ഭയക്കാത്ത ഫാസില്‍

ശിഷ്യരെ ഭയക്കുന്ന സംവിധായകരുടെ നാടാണ് കേരളം. തമിഴിലും മറ്റും മണിരത്‌നം അടക്കമുളളവര്‍ തങ്ങളുടെ സഹസംവിധായകര്‍ക്ക് സ്വതന്ത്രസംവിധായകരാകാന്‍ അവസരം ഒരുക്കുന്നു. ഗുരുനാഥന്‍ തന്നെ അവര്‍ക്കായി സിനിമകള്‍ നിർമിക്കുന്നു. എന്നാല്‍ മലയാളത്തില്‍ സ്ഥിതി നേരെ മറിച്ചാണ്. വര്‍ഷങ്ങളോളം സഹസംവിധായകനായി ജോലി ചെയ്ത ഒരാള്‍ വളരെ കഷ്ടപ്പെട്ട് ഒരു നിര്‍മാതാവിനെ കണ്ടെത്തുന്നു. നിര്‍മാതാവ് ശിഷ്യനെക്കുറിച്ച് ഗുരുവിനോട് അഭിപ്രായം ആരായുന്നു. നിങ്ങള്‍ക്ക് വെറുതെ കളയാന്‍ കാശുണ്ടെങ്കില്‍ അവനെ വച്ച് പടം എടുത്തോളൂ എന്നായിരുന്നു ഗുരുവിന്റെ മറുപടി. ഇത്തരക്കാര്‍ക്കിടയിലും ഫാസില്‍ വേറിട്ട് നില്‍ക്കുന്നു. സിദ്ദീഖ് ലാലിനു മാത്രമല്ല മറ്റൊരു ശിഷ്യനായ മുരളീകൃഷ്ണയ്ക്കും സ്വതന്ത്ര സംവിധായകനാകാന്‍ സിനിമ നിര്‍മിച്ചയാളാണ് (സുന്ദരകില്ലാഡി) ഫാസില്‍.

അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ ഒരിക്കലും പാഴായിട്ടില്ല. ശാലിനിയെ ബാലതാരം എന്ന നിലയിലും നായിക എന്ന നിലയിലും താരപദവിയില്‍ എത്തിച്ച ഫാസില്‍ തന്നെയാണ് നയന്‍താരയെയും കണ്ടെത്തിയത്. കയ്യെത്തും ദൂരത്ത് എന്ന സിനിമയ്ക്കായി സ്‌ക്രീന്‍ടെസ്റ്റ് നടത്തിയെങ്കിലും കാസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാല്‍ സത്യന്‍ അന്തിക്കാട് മനസ്സിനക്കരെ എന്ന പടം പ്ലാന്‍ ചെയ്യുമ്പോള്‍ നയന്‍സിന്റെ പേര് നിര്‍ദ്ദേശിച്ചതും ഫാസില്‍.

സിനിമയിലെ സഹവര്‍ത്തിത്വത്തിനും ഫാസില്‍ മാതൃകയാണ്. സുഹൃത്തുക്കളായ സംവിധായകരുടെ കഥാചര്‍ച്ചകളില്‍ അദ്ദേഹം അഭിപ്രായങ്ങള്‍ പറയും. ഒപ്പം സ്വന്തം സിനിമാ ചര്‍ച്ചകളില്‍ അവരെയും സഹകരിപ്പിക്കും. സമകാലികരായ സംവിധായകര്‍ നമുക്ക് മീതെ ഉയരുന്നതില്‍ അസഹിഷ്ണുക്കളാകുന്ന ചലച്ചിത്രകാരന്‍മാര്‍ക്കും ഫാസില്‍ മാതൃകയായി. സുഹൃത്തുക്കളായ മൂന്ന് സംവിധായകരുടെ സിനിമകള്‍ നിര്‍മിച്ചതും ഫാസിലാണ്.

നമ്പര്‍ 1, സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് (സത്യന്‍ അന്തിക്കാട്), കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ (കമല്‍), ചന്ദ്രലേഖ (പ്രിയദര്‍ശന്‍). ആദ്യ രണ്ട് സിനിമകള്‍ക്ക് തിരക്കഥ എഴുതിയതും ഫാസില്‍. സിനിമ കൂട്ടായ്മയുടെ കലയാണെന്ന് വിശ്വസിക്കുന്ന ഫാസില്‍ തന്റെ മാസ്റ്റര്‍ പീസായ മണിച്ചിത്രത്താഴ് ഒരുക്കിയപ്പോള്‍ ശിഷ്യന്മാരായ സിബി മലയിലിനെയും പ്രിയദര്‍ശനെയും സിദ്ദീഖ് ലാലിനെയും ഒപ്പം കൂട്ടി.

ഫാസിലെന്ന പ്രതിഭാസം

ജന്മസിദ്ധമായ പ്രതിഭയാണ് ഒരു കലാകാരന്റെ മൂലധനം എന്ന സത്യത്തിന്റെ എക്കാലത്തെയും വലിയ ഉദാഹരണമായിരുന്നു ഫാസിലിന്റെ ജീവിതം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചെയ്യുമ്പോള്‍ സംവിധാനത്തില്‍ പരിചയക്കുറവുളള ഫാസിലിനെ സഹായിക്കാനായി മൂന്നു പേരെയാണ് നവോദയ അപ്പച്ചന്‍ നിയോഗിച്ചത്. ഒന്ന് പരിചയസമ്പന്നനായ മകന്‍ ജിജോ. രണ്ട് പ്രമുഖ ഛായാഗ്രഹകന്‍ അശോക് കുമാര്‍. മൂന്ന് വേഴാമ്പല്‍ അടക്കം പല സിനിമകള്‍ സംവിധാനം ചെയ്ത സീനീയര്‍ അസോഷ്യറ്റ് ഡയറക്ടര്‍ സ്റ്റാന്‍ലി ജോസ്. ഡയറക്‌ഷന്‍ സൂപ്പര്‍വിഷന്‍ എന്നായിരുന്നു സ്റ്റാന്‍ലിയുടെ പേര് ടൈറ്റിലില്‍ ചേര്‍ത്തിരുന്നത്. 

എന്നാല്‍ ഹൃദയത്തില്‍ ദൈവത്തിന്റെ കയ്യൊപ്പുളള ഫാസിലിന് ഇതൊന്നും ആവശ്യമായി വന്നില്ല. അദ്ദേഹം മനോഹരമായി പടം പൂര്‍ത്തിയാക്കി എന്ന് മാത്രമല്ല സഹായിക്കാന്‍ നിയോഗിച്ചവര്‍ക്ക് ആര്‍ക്കും ഫാസിലിനെ മറികടക്കുന്ന സംവിധായകരാകാന്‍ കഴിഞ്ഞതുമില്ല. ഫാസിലാകട്ടെ മലയാളത്തില്‍ മറ്റാര്‍ക്കും മറികടക്കാന്‍ കഴിയാത്ത ഒരു മഹാസംഭവം ഒരുക്കി ചരിത്രത്തിന് മുന്നേ നടക്കുകയും ചെയ്തു– മണിച്ചിത്രത്താഴ്. ഇന്ന് കോടി ക്ലബ്ബുകളുടെ കഥ പറഞ്ഞ് അഭിമാനിക്കുന്നവര്‍ തങ്ങളുടെ സിനിമകള്‍ മുടക്കുമുതലിന്റെ പത്തിരട്ടി തിരിച്ചു പിടിച്ചതായി അവകാശപ്പെടുന്നു. നാല് പതിറ്റാണ്ട് മുന്‍പ്, 1980 ല്‍ 7 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ നേടിയ കലക്‌ഷന്‍ ഒരു കോടി രൂപയായിരുന്നു. മൂലധനത്തിന്റെ 15 ഇരട്ടി. ആ കണക്കില്‍ വിലയിരുത്തുമ്പോള്‍ എത്ര വലിയ കോടിപതിയാണ് ഫാസില്‍. ഇതൊക്കെ കരഗതമായതിന് അടിസ്ഥാന കാരണം ഒന്നേയുളളു.

എല്ലാവരും സഞ്ചരിച്ച വഴിയേ അവരുടെ നിഴല്‍ പറ്റി നടന്ന പിന്‍ഗാമിയായിരുന്നില്ല ഫാസില്‍. അദ്ദേഹം സ്വയം വഴിവെട്ടിതെളിക്കുകയായിരുന്നു. മലയാള സിനിമയില്‍ ഫാസിലിനേക്കാള്‍ മികച്ച സംവിധായകരുണ്ട്. അദ്ദേഹത്തേക്കാള്‍ മോശം സംവിധായകരുമുണ്ട്. എന്നാല്‍ ഫാസില്‍ എന്ന ഒരൊറ്റ പീസേയുളളു. പകരം വയ്ക്കാനാവാത്ത പ്രതിഭാസം.

English Summary:

75 Years Of Fazil