അച്ഛൻ പഠിച്ച കോളജിൽ താരമായി മീനാക്ഷി; ഡിഗ്രിക്ക് തിരഞ്ഞെടുത്തത് ഇംഗ്ലിഷ് സാഹിത്യം
Mail This Article
അച്ഛന്റെ കലാലയ ഓർമകൾക്ക് 'ഒപ്പം' നടന്ന് സിനിമാതാരവും അവതാരകയുമായ മീനാക്ഷി. അച്ഛൻ അനൂപ് പഠിച്ച മണർകാട് സെന്റ് മേരീസ് കോളജിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദത്തിന് മീനാക്ഷി പ്രവേശനം നേടി. അച്ഛനൊപ്പം എത്തിയാണ് മീനാക്ഷി പ്രവേശന പ്രക്രിയ പൂർത്തിയാക്കിയത്.
1992-94 കാലത്ത് ഇതേ കോളജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരുന്നു അനൂപ്. ഗ്രാമത്തിന്റെ സ്വച്ഛതയിൽ, അച്ഛന്റെ പ്രിയ കലാലയത്തിൽ പഠിക്കുക എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്ന് മീനാക്ഷി പറയുന്നു. മണർകാട് സെന്റ് മേരീസ് കോളജിലെ പഴയ ക്ലാസ് മുറികളും, കലാലയ വീഥികളും അനൂപിന് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളായപ്പോൾ കോളജിന്റെ പുത്തൻ കാഴ്ചകളുടെ ത്രില്ലിലായിരുന്നു മീനാക്ഷി.
കഴിഞ്ഞ ദിവസം കോളജ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ മീനാക്ഷി ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു. രസകരമായ അടിക്കുറിപ്പോടു കൂടി പങ്കുവച്ച ആ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. പ്ലസ്ടുവിന് 83 ശതമാനം മാർക്കു നേടിയാണ് മീനാക്ഷി വിജയിച്ചത്.
പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളായ മീനാക്ഷി ളാക്കാട്ടൂർ എംജിഎംഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠിച്ചത്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. മോഹൻലാൽ - പ്രിയദർശൻ ചിത്രമായ ‘ഒപ്പം’, നാദിർഷാ സംവിധാനം ചെയ്ത ‘അമർ, അക്ബർ, ആൻറണി’, ‘ജമ്നാപ്യാരി’, ‘ഒരു മുത്തശ്ശി ഗഥ’, ‘ആന, മയിൽ, ഒട്ടകം’ തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. ‘ഒപ്പ’ത്തിലെ 'നന്ദിനിക്കുട്ടി'യും ‘അമർ അക്ബർ ആന്റണി’യിലെ 'ഫാത്തിമ'യും ഏറെ ശ്രദ്ധനേടി. ഫ്ലവേഴ്സ് ടോപ് സിങ്ങർ അവതാരക എന്ന നിലയിലും മീനാക്ഷി കയ്യടി നേടിയിട്ടുണ്ട്.