ഡ്രൈവർക്കെതിരെ കേസ് കൊടുത്തിട്ടില്ല, എനിക്ക് ചെറിയ പരുക്ക്: സംഗീത് പ്രതാപ്
Mail This Article
ബ്രൊമൻസ് സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ പരുക്കേറ്റ താൻ സുഖം പ്രാപിച്ചു വരുന്നെന്നും ഡ്രൈവർക്കെതിരെ താൻ കേസ് കൊടുത്തുവെന്ന വാർത്ത വാസ്തവരഹിതമാണെന്നും വെളിപ്പെടുത്തി നടൻ സംഗീത് പ്രതാപ്. കാറപകടത്തിൽ നടൻ അർജുൻ അശോകനൊപ്പം സംഗീത് പ്രതാപിനും പരുക്കേറ്റിരുന്നു. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു. അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ നടൻ സംഗീത് പ്രതാപ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
‘‘പ്രിയപ്പെട്ട എല്ലാവരോടും, കഴിഞ്ഞ ദിവസം ഞങ്ങൾക്കൊരു അപകടമുണ്ടായി, ഞങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുന്നു എന്ന് അറിയിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞാൻ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. നാളെ ആശുപത്രി വിടും. എനിക്ക് ചെറിയ പരുക്കുണ്ട്, പക്ഷേ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ചു വരുന്നു, സർവശക്തന് നന്ദി. നിങ്ങളുടെ കോളുകൾക്കും സന്ദേശങ്ങൾക്കും എനിക്ക് മറുപടി നൽകാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു, എല്ലാ സ്നേഹത്തിനും ആശങ്കകൾക്കും നന്ദി. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്, പൂർണമായി ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. ഡ്രൈവർക്കെതിരെ ഞാൻ കേസ് റജിസ്റ്റർ ചെയ്തു എന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു, എന്റെ ഭാഗത്ത് നിന്ന് അത്തരം ഒരു കേസും ഉണ്ടായിട്ടില്ലെന്നും ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഞാൻ അഭ്യർഥിക്കുന്നു.
എനിക്കേറ്റവും പ്രിയപ്പെട്ട ഷൂട്ടിങ് സെറ്റിലേക്ക് ഇടത്തേക്ക് ഉടൻ തന്നെ തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രൊമാൻസിന്റെ ചിത്രീകരണം കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുകയും ചിത്രം അധികം താമസിയാതെ സ്ക്രീനുകളിൽ എത്തുകയും ചെയ്യും.’’ സംഗീത് പ്രതാപ് കുറിച്ചു.
ഷൂട്ടിങിെ കൊച്ചി എംജി റോഡിൽ വച്ചാണ് അപകടം നടക്കുന്നത്. കാർ ഓടിച്ചത് പരിചയസമ്പന്നനായ സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു. ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ അർജുനും പിന്നിൽ സംഗീതും ഉണ്ടായിരുന്നു. ഈ സമയത്താണ് കാർ അപകടത്തിൽ പെടുന്നത്. നടൻമാർ സഞ്ചരിച്ച കാർ സമീപം നിന്ന ഡെലിവറി ബോയിയെയും, ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽപ്പെട്ട കാർ ബൈക്കുകളിലും തട്ടി. താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പൊലീസ് സ്ഥലത്തെത്തി കാർ റോഡിൽനിന്ന് മാറ്റി. അമിത വേഗത്തില്‍ വാഹനം ഒാടിച്ചതിന് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.