നൻപകൽ പോയിട്ട് മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സരത്തിന് ഉണ്ടായിരുന്നില്ല; ജൂറി അംഗം എം.ബി.പദ്മകുമാർ
Mail This Article
ഇന്ന് പ്രഖ്യാപിച്ച ദേശീയ സിനിമാ അവാർഡിൽ നടൻ മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല എന്ന് സംവിധായകനും ദേശീയ അവാർഡ് ജൂറി അംഗവുമായ എം ബി പദ്മകുമാർ. കുറച്ചു നാളായി മമ്മൂട്ടി മത്സരിച്ചിട്ടും കാര്യമില്ല മമ്മൂട്ടിക്ക് കേന്ദ്ര സർക്കാർ അവാർഡ് കൊടുക്കില്ല എന്ന ചർച്ചകളായിരുന്നു സമൂഹ മാധ്യമങ്ങൾ നിറയെ. ഇന്ന് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് കിട്ടിയില്ല. ഇതോടെ സർക്കാരിനെ അവഹേളിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളും നിറയുകയാണ്. ഇത് കണ്ടിട്ടാണ് ഒരു അവാർഡ് ജൂറി അംഗമായ താൻ ഇത്തരം ഒരു തുറന്നു പറച്ചിൽ നടത്തുന്നതെന്ന് എം ബി പദ്മകുമാർ പറഞ്ഞു. 2022 ൽ ഇറങ്ങിയ നന്പകൽ നേരത്ത് മയക്കം മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു. നന്പകൽ പോയിട്ട് മമ്മൂട്ടിയുടെ ഒരു സിനിമപോലും മത്സര രംഗത്ത് ഉണ്ടായിരുന്നില്ല എന്നും മമ്മൂട്ടിയുടെ സിനിമകൾ ദേശീയ പുരസ്‌കാര മത്സരത്തിന് അയക്കാതിരുന്നത് ആരുടെ ബുദ്ധിയാണെന്ന് കണ്ടെത്തണമെന്നും എം ബി പദ്മകുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു.
"കുറച്ചുമുമ്പ് 2022ലെ ദേശീയ അവാർഡ് പ്രഖ്യാപിച്ചു. കുറച്ചുനാളായിട്ട് നമ്മളെല്ലാവരും കാതോർത്തിരിക്കുന്ന ഒരു പ്രഖ്യാപനം ആയിരുന്നു അത് പല മാധ്യമങ്ങളും പ്രശസ്തമായ ദൃശ്യമാധ്യമങ്ങളും ഒക്കെ ഇതിനെക്കുറിച്ച് സജീവ ചർച്ചയിലായിരുന്നു. അതിൽ വന്ന അഭിപ്രായത്തിൽ എല്ലാം പറയുന്നത് മമ്മൂട്ടി എത്ര മത്സരിച്ചാലും മമ്മൂട്ടിക്ക് അവാർഡ് കൊടുക്കില്ല കാരണം കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണല്ലോ എന്തായാലും കാന്താരക്ക് അവാർഡ് കിട്ടും എന്ന് ചർച്ചകൾ കുറെ ദിവസങ്ങളായി നടക്കുന്നുണ്ടായിരുന്നു. ഇന്ന് അതുപോലെതന്നെ സംഭവിച്ചു. മമ്മൂട്ടി സാറിന് അവാർഡ് കിട്ടിയില്ല അത് മലയാളിക്ക് വല്ലാത്ത വേദനയാണ്. ആട്ടം പോലെയുള്ള സിനിമയ്ക്ക് നിരവധി അവാർഡുകൾ കിട്ടി അതിൽ സന്തോഷിക്കുന്ന സമയമായിട്ടും മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് കിട്ടാത്തതിൽ നമുക്കൊക്കെ വല്ലാത്ത വിഷമമുണ്ട്. പലരും വളരെ മോശമായ അഭിപ്രായങ്ങളാണ് എഴുതിയത്. ഇതൊക്കെ വായിച്ചപ്പോൾ വളരെ വിഷമം തോന്നുന്നു. മമ്മൂട്ടിക്ക് വളരെ വലിയ ഒരു ഫാൻസ് ഉള്ള ആളാണ്. അതിൽ ജാതിയോ മതമോ രാഷ്ട്രീയവും നോക്കാതെ നിരവധി പേരാണ് അദ്ദേഹത്തിന്റെ ആരാധകർ. അവാർഡ് നഷ്ടപ്പെട്ടതിൽ എല്ലാവർക്കും സങ്കടമുണ്ട്. നന്പകൾ നേരത്ത് മയക്കം പോലെയുള്ള അദ്ദേഹത്തിന്റെ സിനിമ വളരെ ഗംഭീരമായിരുന്നു. വളരെ സൂക്ഷ്മതലത്തിൽ ഒരു കഥാപാത്രത്തെ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. തീർച്ചയായും ദേശീയ അവാർഡ് കിട്ടും എന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷേ ആ സിനിമയ്ക്ക് ഒരു അവാർഡും കിട്ടിയില്ല എന്നുള്ളതാണ് സത്യം. ഈ ചർച്ചകളൊക്കെ വായിച്ചപ്പോൾ ഇതിനെപ്പറ്റി രണ്ട് വാക്ക് പറയണം എന്ന് എനിക്ക് ആഗ്രഹം തോന്നി. കാരണം ഈ കഴിഞ്ഞ അവാർഡ് കമ്മിറ്റിയിൽ ഞാനുമുണ്ടായിരുന്നു. സൗത്ത് ജൂറിയിൽ ഞാനും അംഗമായിരുന്നു. എന്റെ മുന്നിൽ സൗത്തിലെ എല്ലാ സിനിമകളും വന്നതാണ് ഞാൻ ആദ്യമായിട്ടാണ് ഒരു നാഷണൽ ജൂറി അംഗമായിട്ട് പോകുന്നത് അതുകൊണ്ട് ഞാൻ വളരെ ഗൗരവത്തോടെയാണ് ഇതിനെ സമീപിച്ചത്. എനിക്ക് രാഷ്ട്രീയമുണ്ടെങ്കിലും വിശ്വാസമുണ്ടെങ്കിലും സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ ഞാൻ ഓരോ സിനിമയും ആഴങ്ങളിൽ ആണ് സമീപിക്കുന്നത്.
സത്യത്തിൽ ഇങ്ങനെയൊക്കെ കമന്റുകൾ വരുമ്പോഴും എന്നെ വളരെ വേദനിപ്പിച്ച ഒരു സംഭവമുണ്ട്. 2022ലെ സൗത്തിൽ നിന്ന് അയച്ച സിനിമകളുടെ ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട്. ഈ സിനിമകളിൽ എവിടെയും മമ്മൂട്ടി സാറിന്റെ ഒരു സിനിമ പോലും ഇല്ല എന്നുള്ളതാണ് സത്യം. അത് ഏറ്റവും വേദനയുള്ള ഒരു കാര്യവുമാണ്. മമ്മൂട്ടി നന്പകൾ നേരത്ത് മയക്കം പോയിട്ട് അദ്ദേഹം അഭിനയിച്ച ഒരു സിനിമ പോലും നാഷണൽ അവാർഡിലേക്ക് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാത്തത്. സിനിമ അയക്കാതിരുന്നിട്ട് ഓൺലൈൻ ചർച്ചയിൽ ആരൊക്കെ കൂടിയിരുന്നിട്ട് പടച്ചുണ്ടാക്കുകയാണ് മമ്മൂട്ടിക്ക് അവാർഡ് കൊടുത്തില്ല എന്ന്. മമ്മൂട്ടിയുടെ സിനിമകൾ ഒരെണ്ണം പോലും നാഷണൽ അവാർഡിലേക്ക് അയക്കാതെ അതിന്റെ പഴി മുഴുവൻ സർക്കാരിന്റെ മുകളിൽ കെട്ടിവെച്ചതും ആരാണ് എന്നത് അന്വേഷിക്കേണ്ട കാര്യമാണ്. സംസ്ഥാനം ആരു ഭരിച്ചാലും കേന്ദ്രം ആര് ഭരിച്ചാലും ഭരിക്കുന്ന പാർട്ടിയെ അധിക്ഷേപിക്കുന്ന ഒരു പ്രവണത നമ്മൾ കണ്ടുവരുന്നുണ്ട്. ഞാനവിടെ ജൂറിയായിരുന്നതാണ് അതുകൊണ്ട് പറയുകയാണ് അവിടെ രാഷ്ട്രീയത്തിന്റെയോ സർക്കാരിന്റെയോ ഒരു ഇടപെടലും ഇല്ലായിരുന്നു എന്നത് ഞാൻ നേരിട്ട് കണ്ടതാണ്. ഇതിൽ ഇടപെടൽ വന്നിട്ടുണ്ടെങ്കിൽ അത് സർക്കാരിന്റെ ഭാഗത്തുനിന്ന് അല്ല പുറത്തുനിന്ന് തന്നെയായിരിക്കും. ഇതിന്റെ പിന്നിൽ ആര് പ്രവർത്തിച്ചാലും ഇത്രയും വലിയൊരു സിനിമ നാഷണൽ അവാർഡിലേക്ക് അയക്കാതിരുന്നത് ആരുടെ ഒക്കെ ചിന്തയായാലും അത് വളരെ മോശം കാര്യമാണ്. അത്തരം ചിന്തകളെ നമ്മൾ വളരെ മോശം ഗൗരവത്തോടെ കാണണം കാരണം എന്തായാലും ഇത് അയക്കാതിരുന്നത് മലയാളത്തിന് വലിയൊരു നഷ്ടമാണ് വരുത്തിയത്. മമ്മൂട്ടി എന്ന നടന് മാത്രമല്ല മലയാളത്തിനു തന്നെ വലിയൊരു അവാർഡ് ആണ് നഷ്ടമായത് എന്നാണ് എനിക്ക് പറയാനുള്ളത്."