പ്രായം 26; ഞാൻ സിംഗിൾ പേരന്റ്: സിന്ധു കൃഷ്ണയുടെ അനുജത്തിയുടെ മകൾ പറയുന്നു
Mail This Article
കൃഷ്ണകുമാറിന്റെ മകളും അഹാനയുടെ സഹോദരിയുമായ ദിയ കൃഷ്ണയുടെ കല്യാണ തിരക്കിലാണ് കുടുംബം. വിവാഹവുമായി ബന്ധപ്പെട്ട വിഡിയോകളെല്ലാം വൈറലാണ്. കൃഷ്ണ സഹോദരിമാരുടെ വിഡിയോകളിൽ ഈയിടെയായി കാണുന്ന പെൺകുട്ടിയും കുഞ്ഞും ആരാണ് എന്നാണ് കമന്റുകളിൽ നിറയുന്ന ചോദ്യം. കുറെ വർഷങ്ങൾക്ക് ശേഷം കുടുംബത്തിലേക്ക് ഒത്തുകൂടാൻ എത്തിയ സിന്ധു കൃഷ്ണയുടെ സഹോദരിയുടെ ആദ്യ വിവാഹത്തിലെ മകൾ തൻവി സുധീർ ഘോഷ് ആണ് ആ പെൺകുട്ടി.
പഠനവും ജോലിയുമായി കാനഡയിലായിരുന്നു തൻവി. ചെറിയ പ്രായത്തിൽ വിവാഹവും കുഞ്ഞും ജോലിയും വിദേശത്തെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതവും തൻവി തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. ‘‘പണ്ട് ഞാൻ കുറച്ച് കുറുമ്പിയായിരുന്നു. പിന്നീട് പ്രണയവും, വിവാഹവും കുഞ്ഞുമെല്ലാം പെട്ടെന്നായിരുന്നു. ശേഷം കാനഡയിലേക്ക് പോയി. കുഞ്ഞു ജനിച്ച് പത്തു ദിവസത്തിനുശേഷം ജോലി ചെയ്യാൻ തുടങ്ങി. അതിനെ തുടർന്ന് ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി. അന്നു സഹായിച്ചത് ഒരു കനേഡിയൻ സ്ത്രീയാണ്. അവർ ഇല്ലായിരുന്നെങ്കിൽ ജീവിതം ദുസ്സഹം ആകുമായിരുന്നു. ഇപ്പോൾ പോലും കരഞ്ഞാണ് ഞങ്ങളെ യാത്രയാക്കിയത്. കാനഡയിലേക്ക് തിരിച്ചു പോകണമെന്ന് തന്നെയാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
കഷ്ടപ്പാടിന്റെ കാലത്ത് വീട്ടുകാരോട് പണം സഹായം ചോദിക്കാൻ തോന്നിയിരുന്നില്ല. അതൊക്കെ മോശമായി തോന്നി. മകൻ ലിയാന്റെ അച്ഛൻ അന്ന് പണം തന്ന് സഹായിച്ചിരുന്നു. പക്ഷേ, അതിനെല്ലാം അയാൾ കണക്കു പറഞ്ഞു തുടങ്ങിയപ്പോൾ ആ സഹായവും സ്വീകരിക്കാതെയായി. അതിനു ശേഷം ലിയാന്റെ അച്ഛൻ കാനഡയിലേക്ക് വന്നു. കോ പാരന്റിങ് ചെയ്യാമെന്ന് ധാരണയായി എങ്കിലും കുഞ്ഞിനോട് ദേഷ്യം കാണിക്കാനും, മോശമായി പെരുമാറാനും തുടങ്ങി. അപ്പോൾ ആ ബന്ധം വേണ്ടെന്നു തീരുമാനിച്ചു. പിന്നീട് അയാൾ എനിക്ക് എതിരെ കേസ് കൊടുക്കും എന്നെല്ലാം പറഞ്ഞിരുന്നു. ഇപ്പോൾ കേസ് നടക്കുന്നുണ്ട്. ഒപ്പം വിവാഹമോചനത്തിനുള്ള നടപടികളും തുടങ്ങി. പതിയെ എല്ലാം ശരിയാകും എന്നാണ് പ്രതീക്ഷ.'' തൻവി തുറന്നു പറഞ്ഞു.
കഷ്ടപ്പെട്ട കാലത്തിനു ശേഷം ഇപ്പോൾ താൻ നല്ല നിലയിലാണെന്നും, അതിൽ അഭിമാനമുണ്ടെന്നും തൻവി പറയുന്നു. ഒന്നും ഒളിച്ചുവയ്ക്കാതെയുള്ള സംസാരശൈലി തന്നെയാണ്, അഞ്ചു വർഷത്തിന് ശേഷം കേരളത്തിലേക്ക് എത്തിയ തൻവിക്കും മകൻ ലിയാനും ആരാധകരെ കൂട്ടിയത്.