മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു; സംവിധാനം മഹേഷ് നാരായണൻ; പ്രധാന ലൊക്കേഷൻ ശ്രീലങ്ക ?
Mail This Article
മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ സംഭവിക്കാൻ പോകുന്നു. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു. ഇരുതാരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രം ശ്രീലങ്കയില്‍ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാകും ഏറ്റെടുക്കുക. സിനിമയുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്‌ച നടത്തിയത്. മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റോ ജോസഫും സംവിധായകന്‍ മഹേഷ് നാരായണനും നിർമാതാവ് സിവി സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 30 ദിവസം ശ്രീലങ്കയിലായിരിക്കും സിനിമ ചിത്രീകരിക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകും.
അതേസമയം ഈ വമ്പൻ പ്രോജക്ടിലൂടെ രാജ്യത്തേക്ക് കൂടുതൽ സിനിമാ പ്രവർത്തകരെ ആകർഷിക്കാനാണ് ശ്രീലങ്കൻ ഗവൺമെന്റ് ശ്രമിക്കുന്നത്. വിദേശനാണ്യ വരുമാനം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ സാധ്യതകൾ എടുത്തുകാണിച്ചുകൊണ്ട് ശ്രീലങ്കയെ ചിത്രീകരണ സ്ഥലമായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി ഗുണവർധന നന്ദി അറിയിച്ചു. ദ് എലിഫന്റ് വാക്ക്, ടാർസൻ, ബ്രിഡ്ജ് ഓൺ ദി റിവർ ക്വായ് തുടങ്ങിയ രാജ്യാന്തര സിനിമകളുടെ പ്രധാന ലൊക്കേഷനെന്ന നിലയിൽ ലോക സിനിമയിലും ശ്രീലങ്ക സുപ്രധാന അടയാളമാണ്. അഭിലഷണീയമായ ചിത്രീകരണ കേന്ദ്രമെന്ന നിലയിൽ ശ്രീലങ്കയുടെ പ്രശസ്തി വർധിപ്പിക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വൈശാഖ് സംവിധാനം ചെയ്ത ‘ടർബോ’യിലാണ് മമ്മൂട്ടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ സംവിധാനം ചെയ്ത് നായകനായി എത്തുന്ന ‘ബറോസ്’ ഒക്ടോബറിൽ തിയറ്ററുകളിലെത്തും. അൻപതോളം സിനിമകളിൽ ഒന്നിച്ചു പ്രത്യക്ഷപ്പെട്ട താര രാജാക്കന്മാർ അവസാനം ഒന്നിച്ചെത്തിയത് 2013ൽ പുറത്തിറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടിയിലാണ്.