വിജയരാഘവന്‍ ഒരു മികച്ച നടനാണെന്ന് നമുക്കറിയാം. ദേശാടനത്തിലൂടെ, പൂക്കാലത്തിലൂടെ, ഏകലവ്യനിലെ ഏറാടി കറിയയിലൂടെ എല്ലാം അദ്ദേഹം അത് മുന്‍പും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അത് മാത്രമായിരുന്നോ വിജയരാഘവന്‍. അതിനപ്പുറം അദ്ദേഹത്തിന്റെ ഉളളിലെ അഭിനയസിദ്ധി പുറത്തെടുക്കാന്‍ യോജിച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല

വിജയരാഘവന്‍ ഒരു മികച്ച നടനാണെന്ന് നമുക്കറിയാം. ദേശാടനത്തിലൂടെ, പൂക്കാലത്തിലൂടെ, ഏകലവ്യനിലെ ഏറാടി കറിയയിലൂടെ എല്ലാം അദ്ദേഹം അത് മുന്‍പും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അത് മാത്രമായിരുന്നോ വിജയരാഘവന്‍. അതിനപ്പുറം അദ്ദേഹത്തിന്റെ ഉളളിലെ അഭിനയസിദ്ധി പുറത്തെടുക്കാന്‍ യോജിച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയരാഘവന്‍ ഒരു മികച്ച നടനാണെന്ന് നമുക്കറിയാം. ദേശാടനത്തിലൂടെ, പൂക്കാലത്തിലൂടെ, ഏകലവ്യനിലെ ഏറാടി കറിയയിലൂടെ എല്ലാം അദ്ദേഹം അത് മുന്‍പും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അത് മാത്രമായിരുന്നോ വിജയരാഘവന്‍. അതിനപ്പുറം അദ്ദേഹത്തിന്റെ ഉളളിലെ അഭിനയസിദ്ധി പുറത്തെടുക്കാന്‍ യോജിച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയരാഘവന്‍ ഒരു മികച്ച നടനാണെന്ന് നമുക്കറിയാം. ദേശാടനത്തിലൂടെ, പൂക്കാലത്തിലൂടെ, ഏകലവ്യനിലെ ഏറാടി കറിയയിലൂടെ എല്ലാം അദ്ദേഹം അത് മുന്‍പും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അത് മാത്രമായിരുന്നോ വിജയരാഘവന്‍. അതിനപ്പുറം അദ്ദേഹത്തിന്റെ ഉളളിലെ അഭിനയസിദ്ധി പുറത്തെടുക്കാന്‍ യോജിച്ച കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല എന്നതാണ് സത്യം. പലപ്പോഴും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടന്‍ കൂടിയാണ് അദ്ദേഹം. ഏറാടി കറിയ ഹിറ്റായതോടെ സമാന ജനുസിലുളള കുറെ അച്ചായന്‍ വേഷങ്ങള്‍. ഇടയ്ക്ക് കുറെ പൊലീസ് വേഷങ്ങള്‍. വിജയരാഘവന്‍ ഇത്രയൊക്കെയേയുളളു, എന്ന് എഴുതി തളളിയവരെ അദ്ദേഹം ഞെട്ടിച്ചത് സപ്തതി പിന്നിട്ട ശേഷമാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പൂക്കാലം എന്ന ന്യൂജനറേഷന്‍ സിനിമയില്‍ ഈ കാലഘട്ടത്തിലെ അഭിനേതാക്കളെ ബഹുദൂരം പിന്‍തളളി സിനിമാക്കാരുടെ പ്രിയപ്പെട്ട കുട്ടേട്ടന്‍ കസറി.

കുട്ടന്‍ എന്നത് അച്ഛന്‍ എന്‍.എന്‍. പിളള അടക്കം വിളിച്ചിരുന്ന ഓമനപേരാണ്. പണ്ടെന്നോ ഏതോ സിനിമാക്കാരന്റെ നാവില്‍ അത് കുട്ടേട്ടനായി പരിവര്‍ത്തിക്കപ്പെട്ടു. ഇന്ന് മലയാള സിനിമയിലെ ഏതാണ്ട് എല്ലാം തലമുറയിലും പെട്ടവര്‍ക്ക് പ്രായഭേദമെന്യേ അദ്ദേഹം കുട്ടേട്ടനാണ്.തന്റെ കാലം തുടങ്ങുന്നതേയുളളുവെന്ന് അദ്ദേഹം ഉറക്കെ വിളിച്ചു പറയുകയാണ് ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന ഏറ്റവും പുതിയ സിനിമയിലൂടെ. ഇത് ഇടയ്ക്കിടെ റിലീസ് ചെയ്ത് മറയുന്ന അനേകം ഹിറ്റ് സിനിമകളില്‍ ഒന്നല്ല. മലയാള സിനിമയെ രാജ്യാന്ത തലത്തിലേക്ക് ഉയര്‍ത്താന്‍ പര്യാപ്തമാം വിധം ഗുണനിലവാരമുളള നവഭാവുകത്വം മൂന്നോട്ട് വയ്ക്കുന്ന സവിശേഷമായ ചലച്ചിത്രാനുഭവമാണ്. ഈ ചിത്രത്തില്‍ നായകനായ ആസിഫ് അലിയും അപര്‍ണ ബാലമുരളിയും ജഗദീഷും അടക്കം അഭിനയിച്ചവരെല്ലാം അവരവരുടെ ഭാഗം ഗംഭീരമാക്കി എന്നത് ഒരു വസ്തുതയാണെങ്കിലും കുട്ടേട്ടന്‍ എല്ലാവരെയും പിന്‍തളളി ഒരുപാട് മുന്നേറി. കഥാപാത്രത്തിന്റെ കരുത്തിനൊപ്പം അതിനെ തനത് ശൈലിയില്‍ നിന്ന് വേറിട്ട് വ്യത്യസ്തമായി വ്യാഖ്യാനിക്കാനുളള അദ്ദേഹത്തിന്റെ ശേഷിക്ക് ഈ പ്രായത്തിലും കുറവ് വന്നിട്ടില്ല. 

ADVERTISEMENT

അന്നും ഇന്നും യുവാവ്

ശരിക്കു പറഞ്ഞാല്‍ 72 പിന്നിട്ട ഒരു യുവാവാണ് അദ്ദേഹം. ചുളിവ് വീഴാത്ത ആ മുഖവൂം പേശീദൃഢതയും ഒരു മുപ്പത്തഞ്ചുകാരന്റേതാണെന്നേ തോന്നിക്കൂ. നടത്തത്തിലും ചലനങ്ങളിലും സംസാരത്തിലുമൊന്നും ഇടര്‍ച്ചയോ തളര്‍ച്ചയോ ഉളള കുട്ടേട്ടനെ ഇന്നേ വരെ ആരും കണ്ടിട്ടില്ല. ജീവിതം ആഘോഷമയമായി കൊണ്ടാടുന്ന കൂട്ടത്തിലാണ് അദ്ദേഹം. ആകുലതകളുടെ പിന്നാലെ സഞ്ചരിക്കാറില്ല. സൗഹൃദം ഒരു അവയവം പോലെ കൊണ്ടു നടക്കുന്ന മനുഷ്യന്‍. അതിഥികള്‍ ഒഴിഞ്ഞ ഒരു ഗൃഹനാഥനെ ഒളശ്ശയിലെ വീട്ടില്‍ കണ്ടുമുട്ടുക അപൂര്‍വമാണ്. കളിയും ചിരിയും പഴങ്കഥകളും തമാശകളും മറ്റുമായി ചുറ്റുമുളളവരെ പോലും ഊര്‍ജ്ജസ്വലമാക്കാനുളള ഒരു പ്രത്യേക പാടവം വിജയരാഘവനുണ്ട്. ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചീത്തവിളിക്കുകയും ചെയ്യുന്ന വിജയരാഘവനെ സിനിമയിലേ കാണാന്‍ സാധിക്കൂ. സിനിമയില്‍ അദ്ദേഹം സമരസപ്പെടലിന്റെയും സമവായത്തിന്റെയും വക്താവാണ്. എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്ന ഹൃദ്യമായി ഇടപഴകുന്ന വ്യക്തിത്വം.

സിനിമയില്‍ വൃദ്ധ കഥാപാത്രങ്ങളാണ് ഏറെക്കാലമായി വിജയരാഘവനെ തേടിയെത്തുന്നത്. എന്നാല്‍ ജീവിതത്തില്‍ വാര്‍ദ്ധക്യത്തിന്റെ നേരിയ സൂചനകളെ പോലും പടിക്ക് പുറത്തു നിര്‍ത്തി ഇനിയൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് ഉറക്കെ ഉത്‌ഘോഷിക്കുന്നു ഈ മനുഷ്യന്‍. കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന എനര്‍ജി അത് ഒരിക്കല്‍ കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു.  അദ്ദേഹത്തിന്റെ പിതാവ് എന്‍.എന്‍.പിളള അനശ്വരമാക്കിയ അഞ്ഞൂറാന്‍ എന്ന കഥാപാത്രവുമായി പ്രത്യക്ഷത്തിലോ  പരോക്ഷമായോ ക്യാരക്ടര്‍ ഡിസൈനിലോ ഫോര്‍മേഷനിലോ യാതൊരു സാമ്യവുമില്ലെങ്കിലും കിഷ്‌കിന്ധാകാണ്ഡത്തിലെ അപ്പുപ്പിളള അഞ്ഞൂറാന്റെ ഭാവഗാംഭീര്യം ഒരിക്കല്‍ കൂടി മറ്റൊരു തലത്തില്‍ നമ്മെ അനുഭവിപ്പിക്കുന്നു.

തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് വിഭാവനം ചെയ്തതിനപ്പുറം നടന്‍ ഒരു കഥാപാത്രത്തെ പിടിച്ചുയര്‍ത്തുന്നതിന്റെ എക്കാലത്തെയും വലിയ മാതൃകകളിലൊന്നായി ഈ വേഷം പ്രകീര്‍ത്തിക്കപ്പെടും.തിലകനെയും നെടുമുടിയെയും ഭരത് ഗോപിയെയും പോലുളള മഹാനടന്‍മാര്‍ക്ക് മാത്രം സാധ്യമായിരുന്ന സമുജ്ജ്വലമായ കഥാപാത്ര വ്യാഖ്യാനമാണ് അപ്പുപ്പിളളയിലുടെ വിജയരാഘവന്‍ നിര്‍വഹിച്ചിട്ടുളളത്. ഈ സന്ദര്‍ഭത്തില്‍ അധികം പരിചിതമല്ലാത്ത അദ്ദേഹത്തിന്റെ ജീവിതയാത്രയിലേക്ക് ഒന്ന് കണ്ണോടിക്കാം..

ADVERTISEMENT

സുറുമയിട്ട കണ്ണുകള്‍ക്ക് തിളക്കം കുറഞ്ഞപ്പോള്‍..

കോട്ടയം ജില്ലയിലെ ഒളശ്ശ ഗ്രാമമാണ് സ്വദേശം. നാടകാചാര്യനായ എന്‍.എന്‍.പിളളയുടെയും നാടകനടിയായിരുന്ന ചിന്നമ്മയുടെയും മകനായ വിജയരാഘവന്‍ ജനിച്ചത് മലേഷ്യയിലെ ക്വാലാലമ്പൂരിലാണ്. നാടക റിഹേഴ്‌സല്‍ ക്യാമ്പുകളും നാടക വേദികളും കണ്ട് വളര്‍ന്ന കുട്ടന്‍ ബാല്യത്തില്‍ തന്നെ പിതാവിന്റെ നാടക ട്രൂപ്പായ വിശ്വകേരള കലാസമിതിയിലുടെ അഭിനയരംഗത്ത് പിച്ചവച്ചു. എസ്.എന്‍.കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കുട്ടന്റെ സിനിമയിലെ അരങ്ങേറ്റവും അച്ഛന്റെ നാടകം നിമിത്തമാണെന്നത് ചരിത്രത്തിലെ ഒരു യാദൃച്ഛികതയാവാം. എന്‍.എന്‍.പിളളയുടെ കാപാലിക എന്ന നാടകം ക്രോസ്ബെല്‍റ്റ് മണി അതേപേരില്‍ സിനിമയാക്കിയപ്പോള്‍ കുട്ടന് അതില്‍ പോര്‍ട്ടര്‍ കുഞ്ഞാലി എന്ന വേഷം ലഭിച്ചു. അന്ന് പ്രായം കേവലം 22 വയസ്സ്. ആ കണക്കില്‍ അദ്ദേഹം സിനിമയിലെത്തിയിട്ട് കൃത്യം 50 വര്‍ഷം തികയുന്നു. കാപാലിക അദ്ദേഹത്തിന് വഴിത്തിരിവായില്ല. 

വിജയരാഘവന്‍ എന്ന നടന്റെ സാന്നിധ്യം അദ്ദേഹം അര്‍ഹിക്കുന്ന തലത്തില്‍ മലയാള സിനിമ തിരിച്ചറിയുന്നത് 1982ല്‍ കലാസംവിധായകന്‍ എസ്.കൊന്നനാട്ട് സംവിധാനം ചെയ്ത ‘സുറുമയിട്ട കണ്ണുകള്‍’ എന്ന ചിത്രത്തിലൂടെയാണ്. വിജയരാഘവന്‍ അതില്‍ നായകനായിരുന്നു. കലാപരമായി മികച്ച സിനിമയായിരുന്നിട്ടും സുറുമയിട്ട കണ്ണുകള്‍ ബോക്‌സാഫിസില്‍ തിളങ്ങിയില്ല. അതുകൊണ്ട് തന്നെ നായകനെന്ന നിലയില്‍ ഒരു മുന്നേറ്റം സംഭവിച്ചില്ല. വീണ്ടും പി.ചന്ദ്രകുമാര്‍, പി.ജി.വിശ്വംഭരന്‍ എന്നിവരുടെ സിനിമകളിലുടെ സാന്നിധ്യം അറിയിച്ചെങ്കിലും വിജയരാഘവനിലെ നടനെ തിരിച്ചറിയാന്‍ ശേഷിയുളള കഥാപാത്രങ്ങള്‍ തേടി വന്നില്ല. അതുകൊണ്ട് തന്നെ സിനിമയില്‍ ഭാഗ്യപരീക്ഷണത്തിന് കാത്തു നില്‍ക്കാതെ അദ്ദേഹം നാടകരംഗത്ത് സജീവമായി. അച്ഛനും അമ്മയും ചിറ്റമ്മയും സഹോദരിയും അടങ്ങുന്ന ഫാമിലി ട്രൂപ്പില്‍ വിജയരാഘവനും നിറഞ്ഞു നിന്നു. 

വഴിത്തിരിവായ ന്യൂഡല്‍ഹി

ADVERTISEMENT

എന്നാല്‍ ഒരിക്കല്‍ കൈവിട്ട സിനിമ സുഹൃത്തിന്റെ രൂപത്തില്‍ കുട്ടനെ അനുഗ്രഹിച്ചു. കാപാലികയില്‍ ക്രോസ്ബെല്‍റ്റ് മണിയുടെ സഹസംവിധായകനായിരുന്ന ജോഷി ചേര്‍ത്തല എസ്.എന്‍.കോളജില്‍ വിജയരാഘവന്റെ സഹപാഠിയായിരുന്നു. ജോഷിയാണ് കുട്ടന്റെ കരിയര്‍ മാറ്റി മറിച്ചത്. ജോഷിയുടെ കള്‍ട്ട് ക്ലാസിക്ക് ചിത്രമായ ന്യൂഡല്‍ഹിയിലെ വില്ലന്‍വേഷം ശ്രദ്ധേയമായി. ഇങ്ങനെയൊരു നടനെ മലയാള സിനിമ ഗൗരവത്തോടെ കണ്ടു തുടങ്ങിയത് അന്നു മുതല്‍ക്കാണ്. ഏതായാലും 1987ല്‍ റിലീസ് ചെയ്ത ന്യുഡല്‍ഹിയോടെ അദ്ദേഹം നാടകം ഏറെക്കുറെ പൂര്‍ണമായി തന്നെ അവസാനിപ്പിച്ച് സിനിമയിലേക്കിറങ്ങി. 5 വര്‍ഷത്തെ കാത്തിരിപ്പിനിടയില്‍ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങള്‍ ചെയ്‌തെങ്കിലും അര്‍ഹിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നില്ല.

വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ ഭാവം പകര്‍ന്ന നടന്‍മാര്‍ വിരളമാണ്. അഭിനേതാക്കള്‍ മാറി വരുമ്പോഴൂം ക്യാരട്കര്‍ കണ്‍സപ്റ്റും സ്‌റ്റൈല്‍ ഓഫ് പെര്‍ഫോമന്‍സും സമാനമായി വരുന്നതായാണ് നാം പൊതുവെ കണ്ടുവരാറുളളത്. എന്നാല്‍ റാംജിറാവു സ്പീക്കിങിലെ റാംജിറാവു വിജയരാഘവന്‍ മറ്റൊരു വിതാനത്തിലേക്ക് മാറ്റി മറിച്ചു. നൂതനമായ അഭിനയശൈലി കൊണ്ട് കസറിയ സ്‌റ്റൈലിഷ് വില്ലന്‍. വില്ലന്റെ വാക്കുകളില്‍ നിന്ന് ഹാസ്യം ഉത്പാദിപ്പിക്കപ്പെടുന്ന അപൂര്‍വ ജനുസ്. ഫോണില്‍ സംസാരിച്ചുകൊണ്ട് സായികുമാര്‍ സിബ് തുറന്ന് യൂറിന്‍ പാസ് ചെയ്യുമ്പോള്‍ ശബ്ദം കേട്ട് ഏതോ അപകടം മണത്ത റാംജിറാവ് ആക്രോശിക്കുന്നു. ‘‘നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്ന ആ യന്ത്രം ഓഫ് ചെയ്യുക’’...

വില്ലന്റെ ടെന്‍ഷന്‍ നിറഞ്ഞ സംഭാഷണം കേട്ട് തിയറ്ററില്‍ പൊട്ടിച്ചിരിയും കയ്യടികളും ഉയരുന്നു. 1993ല്‍ റിലീസ് ചെയ്ത ഷാജി കൈലാസ് ചിത്രമായ ‘ഏകലവ്യന്‍’ തലവര മാറ്റിക്കുറിച്ചു. അതിലെ ചേറാടി കറിയ അതുവരെ ചെയ്ത പടങ്ങള്‍ വച്ച് വിജയരാഘവനില്‍ നിന്ന് തീരെ പ്രതീക്ഷിക്കാത്ത വേഷമായിരുന്നു. 40 -ാം വയസ്സില്‍ പടുവൃദ്ധനായി വേഷമിട്ട കുട്ടന്‍ അതിമോഹിയും ക്രൂരനും മനുഷ്യത്വരഹിതനുമായ കറിയയെ അനശ്വരമാക്കി. ഒരു അച്ചായന്‍ കഥാപാത്രത്തിന്റെ സംഭാഷണ ശൈലിയും മോഡുലേഷനും മാനറിസങ്ങളുമെല്ലാം അതിശയകരമായ മികവോടെ അദ്ദേഹം അവതരിപ്പിച്ചു. അതേ വര്‍ഷം പുറത്തിറങ്ങിയ മേലേപ്പറമ്പില്‍ ആണ്‍വീട്ടില്‍ പൊട്ടിച്ചിരിപ്പിക്കുന്ന വിജയരാഘവനെ കണ്ട് പ്രേക്ഷകര്‍ അമ്പരന്നു. 

തുടര്‍ന്ന് ദ് കിങ്, ക്രൈം ഫയല്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ വിജയരാഘവനിലെ അതിശക്തനായ നടനെ ആവര്‍ത്തിച്ച് കാണിച്ചു തന്നു. വിനയന്റെ ശിപായി ലഹളയില്‍  വിജയരാഘവന്‍ ചെയ്തത് ഹ്യൂമര്‍ ടച്ചുളള ആസ്ഥാന കോഴി കഥാപാത്രമായിരുന്നു. അസാധാരണമായ മികവോടെയാണ് അദ്ദേഹം അത് അവതരിപ്പിച്ചത്. ഏതൊരു നടനും പൂര്‍ണ്ണനാവുന്നത് ഹാസ്യ കഥാപാത്രം മികവോടെ അവതരിപ്പിക്കുമ്പോള്‍ മാത്രമാണ്. ചേറാടി കറിയയില്‍ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടായിരുന്നെങ്കിലും റഫ് നേച്ചറുളള ആ ക്യാരക്ടറിന്റെ ബേസ് അതായിരുന്നില്ല. 

എന്നാല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ രൂപപ്പെട്ട ശിപായി ലഹളയിലെ സ്ത്രീ ലമ്പടനായ ബോസ് കുട്ടന്‍ പൊളിച്ചടുക്കി. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ദേശാടനത്തില്‍ ഏകമകനെ സന്ന്യാസിയാക്കാന്‍ നിര്‍ബന്ധിതനായി തീര്‍ന്ന നമ്പൂതിരി യുവാവിന്റെ മൗന നൊമ്പരങ്ങള്‍ ഉളളില്‍ തറയ്ക്കുന്ന അനുഭവമാക്കി അദ്ദേഹം. ഏത് റോളും തനിക്ക് വഴങ്ങുമെന്ന നിശ്ശബ്ദ പ്രഖ്യാപനം കൂടിയായിരുന്നു അത്.  ഹാസ്യവും ക്രൗര്യവും സെന്റിമെന്‍സും എല്ലാം ഒരു പോലെ വഴങ്ങൂന്ന നടനാണെന്ന് കുട്ടന്‍ പലകുറി ആവര്‍ത്തിച്ച് തെളിയിച്ചു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മലയാള സിനിമയിലെ സജീവസാന്നിദ്ധ്യമായി കുട്ടേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നു. അപ്പോഴും ചില പ്രതിബന്ധങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്‍തുടര്‍ന്നു. സിനിമകളില്‍ കോട്ടയം അച്ചായന്‍ വേഷങ്ങള്‍ വന്നാലുടന്‍ സിനിമാക്കാര്‍ തിരക്കുന്നത് വിജയരാഘവന്‍ എവിടെയുണ്ടെന്നാണ്. സമാനസ്വഭാവമുളള പല വേഷങ്ങളും വൈവിധ്യം നല്‍കി മികച്ചതാക്കാന്‍ അദ്ദേഹം കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒരു പരിധിക്കപ്പുറം വിജയം കണ്ടില്ല.

ഓര്‍ക്കാപ്പുറത്ത് ഞെട്ടിക്കുന്ന  നടന്‍

കഥാപാത്രങ്ങളുടെ സ്വഭാവം മാറി വരുമ്പോഴും പല മഹാനടന്‍മാരുടെയും പതിവ് ചേഷ്ടകള്‍ക്ക് മാറ്റം വരുക പതിവില്ല. സ്വയം അനുകരിക്കുന്ന ശീലമുളളവരാണ് അതികായകന്‍മാരെന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന പല നടന്‍മാരും. ഇവിടെയും വ്യത്യസ്തനാകുന്നു വിജയരാഘവന്‍. ജീവിതത്തില്‍ നിന്ന് പറിച്ചു വന്നതു പോലെ അത്രയേറെ യാഥാര്‍ത്ഥ്യ പ്രതീതി ജനിപ്പിക്കുന്ന ഒന്നാണ് രഞ്ജിത്തിന്റെ ‘ലീല’യിലെ പിളേളച്ചന്‍. ആ കഥാപാത്രത്തിന്റെ ചേഷ്ടകളും ഭാവങ്ങളും അത്രകണ്ട് വ്യത്യസ്തമായിരുന്നു. വിജയരാഘവന്‍ അന്നുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും പൂര്‍ണ്ണമായി ഒരു വഴിമാറി നടത്തം.

വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍പോളിയുടെ അച്ഛന്‍ വേഷത്തില്‍ അതുവരെ കാണാത്ത വിജയരാഘവന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു മുഖം നാം കണ്ടു. പല നടന്‍മാരും ഓരോ വേഷങ്ങളും എങ്ങനെയാവും അഭിനയിക്കുകയെന്നത് സംബന്ധിച്ച് ഒരു മുന്‍ധാരണ സ്വരൂപിക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ എല്ലാ പ്രവചനങ്ങള്‍ക്കുമപ്പുറം ഞെട്ടിക്കുന്ന വൈവിധ്യം കൊണ്ടു വരാന്‍ വിജയരാഘവന് കഴിയും. ഏകലവ്യന്‍ റിലീസ് ചെയ്യും വരെ ചേറാടി കറിയയെ പോലൊരു കഥാപാത്രമോ അഭിനയരീതിയോ മലയാളി പ്രേക്ഷകര്‍ കണ്ടിട്ടില്ല. ‘ലീല’യിലെ പിളേളച്ചന്റെ കാര്യവും അങ്ങനെ തന്നെ. ഇപ്പോള്‍ കിഷ്‌കിന്ധാകാണ്ഡത്തിലെ അപ്പുപിളളയും നമ്മെ അക്ഷരാർഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരം കുതിച്ചു ചാട്ടങ്ങള്‍ അനായാസമായി സാധിക്കുന്ന പ്രതിഭാവിലാസത്തിന് ഉടമയാണ് ഈ നടന്‍.

‘പൂക്കാലം’ എന്ന സിനിമയില്‍ 100 വയസ്സുകാരന്‍ ഇട്ടൂപ്പായി വിജയരാഘവന്‍ വീണ്ടും തന്നിലെ നടന്റെ മാറ്റ് തെളിയിച്ചു. എന്നാല്‍ ‘കിഷ്‌കിന്ധാകാണ്ഡ’ത്തിലെ അപ്പുപ്പിളള അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിന്റെ പതിന്‍മടങ്ങ് മികച്ചു നിന്ന ഒരു അനുഭവമായി. ആസിഫ് അലി തകര്‍ത്തഭിനയിച്ചിട്ടും ഇത് വിജയരാഘവന്റെ സിനിമയാണെന്ന് പലരും പറയുന്ന തലത്തിലേക്ക് അദ്ദേഹം ആ കഥാപാത്രത്തെ കൊണ്ടുപോയി. അഭിനന്ദനങ്ങളും പ്രശംസകളും അന്തരീക്ഷത്തില്‍ നിറഞ്ഞ് പടരുമ്പോഴും തീര്‍ത്തും ശാന്തനായി ഒളശ്ശയിലെ വീട്ടില്‍ കുടുംബവുമൊത്ത് നിറമുളള നിമിഷങ്ങള്‍ പങ്കിടുന്നതിന്റെ ആഹ്‌ളാദത്തിലാണ് കുട്ടേട്ടന്‍.

ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ തേനിയില്‍ വാങ്ങിയിട്ട കൃഷിയിടത്തില്‍ അദ്ദേഹം എത്തും. മണ്ണും വിളകളുമായുളള ബന്ധം പുതുക്കാന്‍..സിനിമകള്‍ക്ക് അവധി കൊടുത്ത് തനി പച്ചമനുഷ്യനായി കുട്ടേട്ടനായി..താരജാടകള്‍ ലവലേശമില്ലാത്ത ഒരു കുട്ടേട്ടനെയേ കോട്ടയംകാര്‍ ഇന്നോളം കണ്ടിട്ടുളളു. അത് അദ്ദേഹത്തിന്റെ സഹജഭാവമാണ്. ഏത് സമയത്തും ഒളശ്ശയിലെ വീട് അവിചാരിതമായി കടന്നു വരുന്ന അതിഥികള്‍ക്കായി തുറന്നിട്ടിരിക്കും. ഒരുപിടി ചോറു തരാതെ ആരെയും അദ്ദേഹം മടക്കി അയയ്ക്കാറുമില്ല. ആതിഥ്യമര്യാദ ആ കുടുംബത്തിന്റെ മുഖമുദ്രയാണ്. 

കഥാപാത്രത്തോടുളള നടന്റെ കാഴ്ചപ്പാടിലും വിജയരാഘവന് തനത് സമീപനങ്ങളുണ്ട്. ഒരു കഥാപാത്രത്തിന് ഭാവം പകരുന്നതില്‍ മാത്രമല്ല അതിന്റെ രൂപനിര്‍ണയത്തില്‍ പോലും തന്റേതായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. റാംജിറാവു എന്ന കഥാപാത്രത്തെ സിനിമയുടെ അണിയറക്കാര്‍ കണ്‍സീവ് ചെയ്തിരുന്നത് മറ്റൊരു തരത്തിലായിരുന്നു. എന്നാല്‍ ക്യാരക്ടറിനെ കുറിച്ചറിഞ്ഞപ്പോള്‍ തന്റെ മനസില്‍ രൂപപ്പെട്ട ഒരു സങ്കല്‍പ്പത്തെക്കുറിച്ച് അദ്ദേഹം സംവിധായകരുമായി കൂടിയാലോചിച്ച് അവരുടെ അനുവാദത്തോടെ ആ തരത്തില്‍ രൂപകല്‍പ്പന ചെയ്തു.

എണ്ണയിട്ട് മുടി പറ്റെ പിന്നോട്ട് ചീകി നെറ്റിക്ക് വീതി കൂട്ടി നീളമുളള കൃതാവും താഴേക്ക് ഇറക്കിയ മീശയുമൊക്കെയായി ഒരു വേറിട്ട് മേക്ക് ഓവര്‍. പേരില്‍ മാത്രമല്ല രൂപത്തിലും റാംജിറാവു ഒരു വേറിട്ട കഥാപാത്രമായി തോന്നിക്കണമെന്ന് വിജയരാഘവന് നിര്‍ബന്ധമുണ്ടായിരുന്നു. കഥാപാത്രങ്ങള്‍ മാത്രമല്ല ജീവിതത്തിന്റെ മൈനൂട്ടായ കാര്യങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ പോലും വിജയരാഘവന് അദ്ദേഹത്തിന്റേതായ ചില സമീപനങ്ങളുണ്ടായിരുന്നു. മൂത്തമകന്റെ വിവാഹം കഴിഞ്ഞപ്പോള്‍ അദ്ദേഹം പുത്രവധുവിനെയും ഭാര്യ സുമയെയും ഭക്ഷണം എങ്ങനെ നന്നായി വിളമ്പണം എന്ന് പഠിപ്പിക്കുന്ന ഒരു കോഴ്‌സിന് അയച്ചു. പ്ലേറ്റ് വയ്‌ക്കേണ്ട സ്ഥാനം, വെളളം കൊണ്ടു വയ്‌ക്കേണ്ട സ്ഥാനം, ചോറിന്റെ ദേഹത്ത് കറി ഒഴിക്കാന്‍ പാടില്ല,  വെളളം കുടിക്കേണ്ട രീതി...എല്ലാം അതിലുള്‍പ്പെടും. 

കുടുംബനാഥനായ കുട്ടേട്ടന്‍

ദൈവങ്ങള്‍ നല്‍കുന്ന പുണ്യങ്ങളില്‍ വിശ്വസിക്കാത്ത ഒരു പിതാവിന്റെ പുത്രനായി ജനിച്ചയാളാണ് വിജയരാഘവന്‍. നാടകം എന്ന കലയായിരുന്നു ആ കുടുംബത്തിന് എല്ലാം. ലോകത്ത് ആദ്യമായി നാടകം അരങ്ങേറിയത് ഗ്രീക്കിലെ ഡയനീഷ്യസ് ദേവന്റെ ദേവാലയത്തിലാണ്. കലകളുടെ ഐശ്വര്യത്തിന്റെ സമ്പത്തിന്റെ മദ്യപാനത്തിന്റെ എല്ലാം ദേവനായിരുന്നു ഡയനീഷ്യസ്. അച്ഛന്‍ (എന്‍.എന്‍.പിള്ള) വീട് പണിതപ്പോള്‍ അതിന് അദ്ദേഹം നല്‍കിയ പേര് ഡയനീഷ്യ എന്നായിരുന്നു. അച്ഛനെ ദൈവതുല്യമായി കാണുന്ന കുട്ടന്‍ ആ പേരില്‍ മാറ്റം വരുത്തിയില്ല ഇന്നോളം.

അടുത്ത ബന്ധുവായ അനിതയാണ് (സുമ) വിജയരാഘവന്റെ ജീവിതസഖി. സിനിമയുടെ ബഹളങ്ങള്‍ പടിക്ക് പുറത്തു നിര്‍ത്തിയ തനി വീട്ടമ്മ. കുട്ടേട്ടനും മക്കളായ ജിനദേവനും ദേവദേവനും മാത്രമാണ് അവരുടെ ലോകം. ജിനദേവന്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമാണ്. ഇളയമകന്‍ ദേവദേവന്‍ ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത പവനായി 99.99 എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചിരുന്നു. അഭിനയരംഗത്ത് മക്കളുടെ സാന്നിധ്യം പിന്നീട് കണ്ടില്ല. എന്നാല്‍ പ്രായവും കാലവും മാറി നില്‍ക്കുന്ന പ്രതിഭയുടെ ഊര്‍ജ്ജം കൊണ്ട്  വിജയരാഘവന്‍ നമ്മെ നിരന്തരം വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. 

രൂപഭാവശബ്ദനിയന്ത്രത്തില്‍ പുലര്‍ത്തുന്ന വൈവിധ്യമാണ് ഈ നടന്റെ കരുത്ത്. ഊര്‍ജ്ജസ്വലനായ പൊലീസ് ഓഫിസറാകുന്ന അതേയാള്‍ തന്നെ തൊട്ടടുത്ത സിനിമയില്‍ ഒരു പടുവൃദ്ധന്റെ മാനറിസങ്ങള്‍ മനോഹരമായി അവതരിപ്പിക്കും. കഥാപാത്രത്തിന്റെ പ്രകൃതം അനുസരിച്ച് അതിന്റെ എക്‌സ്ട്രീമിലേക്ക് സഞ്ചരിക്കാനുളള ഈ നടന്റെ കഴിവ് അപാരമാണ്. പരസ്പര വിഭിന്നമായ കഥാപാത്രങ്ങളെ അത് അര്‍ഹിക്കുന്ന തരത്തിലും തലത്തിലും സ്വയം ഡിസൈന്‍ ചെയ്യാനുളള വിസ്മയാവഹമായ ശേഷി അദ്ദേഹത്തിനുണ്ട്. ഏതു വലിയ പ്രതിഭയ്ക്കും കാലാന്തരത്തില്‍ നിറം മങ്ങുകയും മാറ്റ് കുറയുകയുമാണ് പതിവ്. എന്നാല്‍ കാലപ്പഴക്കം ചെല്ലുന്തോറും ഗുണം ഏറി വരുന്ന വീഞ്ഞ് പോലെയാണ് ഇദ്ദേഹം.

മലയാള സിനിമാ ചരിത്രത്തില്‍ വിജയരാഘവന്‍ എന്ന നടന്റെ സ്ഥാനം അടയാളപ്പെടുത്താന്‍ കിഷ്‌കിന്ധാകാണ്ഡത്തിലെ അപ്പുപ്പിളള എന്ന ഒരേയൊരു കഥാപാത്രം മതിയാവും. അത്രകണ്ട് ഭാവോജ്ജ്വലമാണ് ആ പ്രകടനം. ഒരു നടന്റെ പരമാവധി സിദ്ധി വെളിപ്പെടുന്ന അപൂര്‍വ സന്ദര്‍ഭം.അഞ്ഞൂറാന്‍ പുനര്‍ജനിച്ചിരിക്കുന്ന എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ നിറയുമ്പോള്‍ അതിനും മുകളില്‍ നില്‍ക്കുന്ന പ്രകടനം എന്ന് വിലയിരുത്തുന്നവരുമുണ്ട്. അതെന്തായാലും വിജയരാഘവനിലെ നടനെ രൂപപ്പെടുത്തുന്നതില്‍ എന്‍.എന്‍.പിളള എന്ന ആചാര്യന് വലിയ പങ്കുണ്ട്. അഭിനയകലയിലെ മഹാഗുരുവായ അച്ഛന്‍ വ്യക്തിജീവിതത്തില്‍ കുട്ടന് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. 

എന്തും തുറന്ന് പറയാവുന്ന സൗഹൃദമുണ്ടായിരുന്നു കുട്ടനുംഅച്ഛനും തമ്മില്‍. മരിച്ചാല്‍ എവിടെ അടക്കണമെന്ന ചോദ്യത്തിനും ക്ഷുഭിതനാകാതെ അച്ഛന്‍ നല്‍കിയ മറുപടി ഇങ്ങനെ. ‘‘കുഴിച്ചിട്ടാലും ചുട്ടാലും എങ്ങനെ അടക്കിയാലും വിരോധമില്ല. പക്ഷേ ശവകുടിരത്തിന് മേല്‍ എന്റെയൊരു  കവിതാ ശകലം കൂടി സ്ഥാപിക്കണം.’’ മകന്‍ വാക്ക് പാലിച്ചു. ഒളശ്ശയിലെ വീട്ടുപരിസരത്തുളള അച്ഛന്റെ സ്മൃതിമണ്ഡപത്തില്‍ ആ നാല് വരി കവിത ഇപ്പോഴും കാണാം.

‘‘എന്തൊരത്ഭുതം ! എന്നെ പ്രപഞ്ചം സൃഷ്ടിച്ചതോ

അല്ല ഞാനെന്നില്‍ കൂടി പ്രപഞ്ചം സൃഷ്ടിച്ചതോ?

ഉത്തരം കാണാത്തൊരീ ചോദ്യങ്ങള്‍ക്കവസാനം

ഉത്തരമെഴുതുമെന്‍ മരണപത്രത്തില്‍ ഞാന്‍...’’

English Summary:

Vijayaraghavan: The Underrated Genius Finally Getting His Due