സിനിമ ഉപേക്ഷിച്ച് പോയ നായികമാര്‍..?
സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ല എന്ന ചർച്ച സമീപകാല സംഭവ വികാസങ്ങളിലൂടെ ഒരുത്തിരിഞ്ഞിട്ടുണ്ട്. സിനിമയോടുളള തീവ്രമായ പാഷന്‍ ഒന്ന് കൊണ്ട് മാത്രം വന്നുപെട്ട പലരും ആദ്യകൗതുകം അടങ്ങുമ്പോള്‍ സിനിമ വിട്ടുപോകുന്നു. ചിലര്‍ ഓഡിഷന്‍ സമയത്തു തന്നെ സിനിമ ഉപേക്ഷിച്ച അനുഭവങ്ങളുണ്ട്. എന്നാല്‍ ശ്രദ്ധേയമായ
സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ല എന്ന ചർച്ച സമീപകാല സംഭവ വികാസങ്ങളിലൂടെ ഒരുത്തിരിഞ്ഞിട്ടുണ്ട്. സിനിമയോടുളള തീവ്രമായ പാഷന്‍ ഒന്ന് കൊണ്ട് മാത്രം വന്നുപെട്ട പലരും ആദ്യകൗതുകം അടങ്ങുമ്പോള്‍ സിനിമ വിട്ടുപോകുന്നു. ചിലര്‍ ഓഡിഷന്‍ സമയത്തു തന്നെ സിനിമ ഉപേക്ഷിച്ച അനുഭവങ്ങളുണ്ട്. എന്നാല്‍ ശ്രദ്ധേയമായ
സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ല എന്ന ചർച്ച സമീപകാല സംഭവ വികാസങ്ങളിലൂടെ ഒരുത്തിരിഞ്ഞിട്ടുണ്ട്. സിനിമയോടുളള തീവ്രമായ പാഷന്‍ ഒന്ന് കൊണ്ട് മാത്രം വന്നുപെട്ട പലരും ആദ്യകൗതുകം അടങ്ങുമ്പോള്‍ സിനിമ വിട്ടുപോകുന്നു. ചിലര്‍ ഓഡിഷന്‍ സമയത്തു തന്നെ സിനിമ ഉപേക്ഷിച്ച അനുഭവങ്ങളുണ്ട്. എന്നാല്‍ ശ്രദ്ധേയമായ
സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമല്ല എന്ന ചർച്ച സമീപകാല സംഭവ വികാസങ്ങളിലൂടെ ഒരുത്തിരിഞ്ഞിട്ടുണ്ട്. സിനിമയോടുളള തീവ്രമായ പാഷന്‍ ഒന്ന് കൊണ്ട് മാത്രം വന്നുപെട്ട പലരും ആദ്യകൗതുകം അടങ്ങുമ്പോള്‍ സിനിമ വിട്ടുപോകുന്നു. ചിലര്‍ ഓഡിഷന്‍ സമയത്തു തന്നെ സിനിമ ഉപേക്ഷിച്ച അനുഭവങ്ങളുണ്ട്. എന്നാല്‍ ശ്രദ്ധേയമായ സിനിമകളില്‍ തിളങ്ങി നില്‍ക്കെ പെട്ടെന്ന് സിനിമ വിട്ടുപോയവര്‍ എന്തുകൊണ്ടാവാം ഈ മേഖല ഉപേക്ഷിച്ചതെന്ന് പലപ്പോഴും തുറന്ന് പറയാറില്ല. ചിലര്‍ വ്യക്തിപരമായ കാരണങ്ങളാലാവാം പിന്‍വാങ്ങിയത്. മറ്റ് ചിലര്‍ക്ക് സിനിമയിലെ ചില അനഭിലഷണീയമായ പ്രവണതകള്‍ ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ലെന്ന് വരാം. ഒരേയൊരു സിനിമ മുതല്‍ രണ്ടും മൂന്നും പടങ്ങളില്‍ അഭിനയിച്ചവരും കുറച്ചധികം പടം ചെയ്തവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ച നടി സൗമ്യ ( അദ്വൈതം, പൂച്ചക്കാര് മണികെട്ടും) അഭിനയം അവസാനിപ്പിച്ച് പോയത് ചിലരുടെ മോശമായ പെരുമാറ്റം സഹിക്കവയ്യാതെയാണെന്ന് ഇതിനോടകം മാധ്യമങ്ങളിലുടെ വെളിപ്പെടുത്തിക്കഴിഞ്ഞു. സമീപകാലത്ത് നടി ആതിരയും (ദാദാസാഹിബ്) പരസ്യമായി തന്നെ ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
ചില പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് സ്ഥിരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇടമല്ലെന്ന കരുതലിൽ സ്ഥലം വിട്ട ചരിത്രവുമുണ്ട്. ഒരുപക്ഷെ തികച്ചും വ്യക്തിപരമായ മറ്റ് എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാവാം അവര്‍ സിനിമ ഉപേക്ഷിച്ച് പോയത്. എന്നിരുന്നാലും ആദ്യപരീക്ഷണം കഴിഞ്ഞ് ക്യാമറയെ അഭിമുഖീകരിക്കാതെ കളമൊഴിഞ്ഞവരെക്കുറിച്ചുളള അന്വേഷണം കൗതുകരമാവും.
ചഞ്ചല്‍ എവിടെ?
ഡാന്‍സിലുടെയും മോഡിലിംഗിലൂടെയും കലാജീവിതം ആരംഭിച്ച കോഴിക്കോട് സ്വദേശിനി ചഞ്ചല്‍ ആദ്യം അഭിനയിച്ച ചിത്രം 'എന്ന് സ്വന്തം ജാനകിക്കുട്ടി'യാണ്. നല്ല ഉയരമുളള പൂച്ചക്കണ്ണുളള മെലിഞ്ഞ സുന്ദരി അന്നേ പ്രേക്ഷകരുടെ മനസിലുടക്കിയിരുന്നു. അവര്‍ പിന്നീട് ഓര്‍മ്മച്ചെപ്പ്, ഋഷിവംശം എന്നിങ്ങനെ രണ്ട് സിനിമകളില്‍ കൂടി മുഖം കാണിച്ചു.
അടുത്തതായി ഒരു സൂപ്പര്‍താര സിനിമയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെന്നും ഓഡിഷന്‍ അടക്കം താരത്തിന്റെ പതിവ് ചടങ്ങുകള്‍ എന്ന കടമ്പ കടന്നാലേ അവസരം ഉറപ്പാകൂ എന്ന് മനസിലായപ്പോള്‍ അതിന് തയ്യാറാവാതെ സിനിമ ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് മടങ്ങിയെന്നും അക്കാലത്ത് സിനിമാ വാരികകള്‍ എഴുതി പൊലിപ്പിച്ചിരുന്നു. എന്നാല്‍ നടി നേരിട്ട് ഒരിടത്തും ഇത്തരമൊരു കാര്യം വെളിപ്പെടുത്താത്ത സ്ഥിതിക്ക് ആ പറയുന്നതില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് ഉറപ്പില്ല. കാരണങ്ങള്‍ എന്ത് തന്നെയായാലും ആരെക്കൊണ്ടും വിപരീതമായി ഒന്നും പറയിക്കാതെ ചഞ്ചല്‍ സിനിമ വിട്ട് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചു. എന്തായാലും ജാനകിക്കുട്ടി എന്ന സിനിമയിലെ കുഞ്ഞാത്തോള്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ അവര്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു.
അമേരിക്കന്‍ മലയാളയായ ഹരിശങ്കറെയാണ് ചഞ്ചല്‍ വിവാഹം കഴിച്ചത്. ഇപ്പോള്‍ കുടുംബസമേതം അമേരിക്കയില്‍ താമസം. നിഹാര്‍, നിള എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്. 17 വര്‍ഷമായി അമേരിക്കയില്‍ കലാഞ്ജലി സ്‌കുള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുകയാണ് താരം.
22 വര്‍ഷങ്ങള്‍ക്ക് ശേഷം ചഞ്ചല്‍ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലുടെയാണ് വീണ്ടും പൊതുസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അഭിമുഖത്തിനിടയില്‍ അവര്‍ മകള്‍ക്കൊപ്പം സാന്ത്വനത്തിലെ ഉണ്ണീ വാവാവോ എന്ന ഗാനം ആലപിച്ച് കാണികളെ അത്ഭുതപ്പെടുത്തി.
പ്രിയത്തിലൂടെ പ്രിയങ്കരിയായ ദീപ
ദീപാ നായര്‍ എന്ന പേര് പറഞ്ഞാല്‍ ഒരുപക്ഷെ പെട്ടെന്ന് തിരിച്ചറിഞ്ഞു എന്ന് വരില്ല. കുഞ്ചാക്കോ ബോബന്റെ ഹിറ്റ് സിനിമകളിലൊന്നായ പ്രിയത്തിലെ സുന്ദരിയായ നായികയെക്കുറിച്ച് പറഞ്ഞാല്‍ ആരും ഓര്‍മ്മിച്ചെന്നു വരും. അത്രമേല്‍ ഹൃദയഹാരിയായ മുഖമായിരുന്നു ആ കുട്ടിയുടേത്.
വലിയ സിനിമാ പ്രേമിയായ ദീപ എന്‍ജിനീയറിംഗ് ബിരുദധാരിയായിരുന്നു. തൊഴില്‍ മേഖയിലേക്ക് പ്രവേശിക്കുകയോ വിവാഹം കഴിഞ്ഞ് സെറ്റിലാകുകയോ ചെയ്യും മുന്‍പ് തന്റെ പാഷനായ ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന് ദീപ തീവ്രമായി ആഗ്രഹിച്ചു. അതും കുഞ്ചാക്കോ ബോബന്റെ നായികയായി തന്നെ അഭിനയിക്കണം. അനിയത്തിപ്രാവും നിറവും മറ്റും കണ്ട് ദീപ അടക്കം ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ ചാക്കോച്ചനെ ആരാധിക്കുന്ന കാലം.
ദീപ തന്റെ ആഗ്രഹം ബിസിനസുകാരനായ പിതാവ് കെ.കെ.നായരോട് പറഞ്ഞു.മകള്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ ഈ മേഖലയെക്കുറിച്ചുളള കേട്ടറിവുകള്‍ അത്ര ശുഭകരമല്ല താനും. എന്ന് കരുതി ഏക മകളുടെ ആഗ്രഹം തളളാനും വയ്യ. അദ്ദേഹം അതേക്കുറിച്ച് സുദീര്‍ഘമായി ആലോചിച്ചു. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി.
സ്വന്തമായി പണം മുടക്കി ഒരു സിനിമ നിര്‍മ്മിക്കുക. അതില്‍ ചാക്കോച്ചനെ നായകനാക്കുക. ദീപ നായികയും. പരിചയക്കാരനായ സംവിധായകന്‍ സനലിനെ ചുമതല ഏല്‍പ്പിച്ചു. അങ്ങനെ രൂപം കൊണ്ട സിനിമയാണ് പ്രിയം. പക്ഷെ ഒരു വ്യവസ്ഥ. ഈ സിനിമയോടെ അഭിനയം നിര്‍ത്തിക്കോളണം. ദീപ സമ്മതിച്ചു.
ഷൂട്ടിംഗ് തുടങ്ങി നല്ല നിലയില്‍ അവസാനിച്ചു. പടം സാമാന്യ തരക്കേടില്ലാതെ ഓടി എന്ന് മാത്രമല്ല ദീപയക്ക് ധാരാളം ഓഫറുകളും ലഭിച്ചു. എന്നാല്‍ പറഞ്ഞ വാക്കില്‍ അച്ഛനും മകളും ഉറച്ചു നിന്നു. പിന്നീടൊരു സിനിമയുടെ കരാറിലും ദീപ ഒപ്പ് വച്ചില്ല. ഇന്‍ഫോസിസില്‍ ജോലി ലഭിച്ച ദീപ പിന്നീട് വിവാഹം കഴിച്ച് ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്ഥിരതാമസമാക്കി.
ക്ഷണക്കത്തുമായി വന്ന ആതിര
ഉലകനായകന്‍ കമലഹാസനെ നായകനാക്കി ചെയ്ത ആദ്യ സിനിമയായ ചാണക്യന്‍ മെഗാഹിറ്റായതോടെ സംവിധായകന്‍ രാജീവ് കുമാറിന് ഓഫറുകളുടെ കുത്തൊഴുക്കായി. വാരിവലിച്ച് പടം ചെയ്യാന്‍ ഇഷ്ടമില്ലാത്ത അദ്ദേഹം കൂട്ടത്തില്‍ വലിയ ബാനറായ സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ ഓഫര്‍ സ്വീകരിച്ചു. രാജീവ് മുന്നോട്ട് വച്ച ഡിമാന്റ് അവര്‍ അംഗീകരിച്ചു. താരബാഹുല്യമില്ലാതെ പുതുമുഖങ്ങളെ നായികാ നായകന്‍മാരാക്കി ഒരു ചിത്രം. ചാണക്യന്‍ എഴുതിയ സാബ് ജോണിന്റെ തിരക്കഥയില്‍ രൂപം കൊണ്ട സിനിമയുടെ പേര് ക്ഷണക്കത്ത്.
സംഗീത സംവിധായകന്‍ ശരത്തിന്റെ ഹൃദ്യമായ പാട്ടുകളുടെ അകമ്പടിയോടെ വന്ന മ്യൂസിക്കല്‍ ലവ് സ്‌റ്റോറി. രാജീവ് അത് മനോഹരമായി ചിത്രീകരിച്ചു. നിയാസ് മുസല്യാര്‍ എന്ന സുന്ദരനായ ചെറുപ്പക്കാരനായിരുന്നു നായകന്‍. ആതിര എന്ന സുന്ദരിക്കുട്ടി നായികയും. ഇരുവരും ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നു എന്ന ചഞ്ചലിപ്പൊന്നുമില്ലാതെ അഭിനയിച്ച ചിത്രം എന്തുകൊണ്ടോ ബോക്‌സാഫീസില്‍ വിജയമായില്ല. ശരത്ത് എന്ന മികച്ച സംഗീത സംവിധായകനെ സമ്മാനിച്ചു എന്നത് മാത്രമാണ് ആ സിനിമ നല്‍കിയ നേട്ടം. സല്ലാപം കവിതയായ്...ആ രാഗം മധുമയമാം രാഗം...എന്നീ ഗാനങ്ങളെല്ലാം ഇന്നും സംഗീത പ്രേമികളുടെ ചുണ്ടിലും മനസിലും തത്തിക്കളിക്കുന്നു എന്നതാണ് സിനിമ അവശേഷിപ്പിച്ച ഏക ഘടകം.
അക്കാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് സിനിമയിലെ ക്യൂട്ട് ഹീറോയിനായിരുന്നു. ആതിര അതോടെ അഭിനയം അവസാനിപ്പിച്ചു. ആദ്യ സിനിമ പരാജയപ്പെട്ടതു കൊണ്ട് പിന്‍വാങ്ങുന്നുവെന്നാണ് അവര്‍ പറഞ്ഞ ന്യായം. അത് എന്തായാലും പിന്നീട് ഒരിക്കലും അവര്‍ അഭിനയിച്ചില്ല. അതിസുന്ദരിയായ ആതിരയെ തേടി ധാരാളം ഓഫറുകള്‍ വന്നെങ്കിലും സ്വീകരിച്ചില്ല. 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ക്ഷണക്കത്തിന് ശേഷം പിന്നീടൊരിക്കലും അവര്‍ ലൈംലൈറ്റില്‍ വന്നു കണ്ടില്ല.
കണ്ണേട്ടന്റെ സോണിയയെ പിന്നെ കണ്ടില്ല
തീയറ്ററില്‍ വന്‍പരാജയമായ എന്നെന്നും കണ്ണേട്ടന്‍ എന്ന ചിത്രം പില്‍ക്കാലത്ത് ടിവിയിലുടെയും യൂട്യൂബിലുടെയും ആളുകള്‍ ആവര്‍ത്തിച്ചു കണ്ട സിനിമയാണ്. നായികാ നായകന്‍മാര്‍ അവസാനം ഒന്നിക്കുന്നില്ല എന്ന ഏക കാരണത്താലാണ് കവിത പോലെ മനോഹരമായ ചിത്രം അക്കാലത്ത് വിജയിക്കാതെ പോയത്. ഇതേ ചിത്രം പ്രേക്ഷക മനശാസ്ത്രം അനുസരിച്ചുളള മാറ്റങ്ങളോടെ ഫാസില്‍ തന്നെ
വര്‍ഷം 16 എന്ന പേരില്‍ തമിഴില്‍ പുനര്‍ നിര്‍മ്മിച്ചപ്പോള്‍ പടം വന്‍ഹിറ്റായി. നടി ഖുശ്ബുവിന്റെ ആദ്യചിത്രം കൂടിയായിരുന്നു വര്‍ഷം 16.
ആലപ്പുഴ എസ്.ഡി.കോളജില്‍ ഫാസിലിന്റെ ഗുരുവായിരുന്ന പ്രൊഫ. കുറുപ്പിന്റെ മകള്‍ സോണിയ ജി.നായരായിരുന്നു കണ്ണേട്ടനിലെ നായിക. അന്ന് കലാതിലകം എന്ന നിലയില്‍ പേരെടുത്തിരുന്ന സോണിയയുടെ ചിത്രം പത്രമാധ്യമങ്ങളിലൊക്കെ വലിയ പ്രാധാന്യത്തോടെ അച്ചടിച്ചു വന്നിരുന്നു. ഒരു പടത്തിലെങ്കിലും അഭിനയിക്കുക എന്നത് സോണിയയുടെ വലിയ മോഹമായിരുന്നു.
സോണിയയെ കണ്ട് പരിചയമുളള ഫാസിലിന് തന്റെ മനസിലുളള പ്രണയകഥയിലെ നായികയ്ക്ക് ഈ ശാലീന സുന്ദരി യോജിക്കുമെന്ന് തോന്നി. കഥാകൃത്തായ മധുമുട്ടവും അതിനോട് യോജിച്ചു. അങ്ങനെ കഷ്ടപ്പാടുകള്‍ കൂടാതെ അനായാസം സോണിയ സിനിമയിലെത്തി. കണ്ണേട്ടന്റെ കഥ കേട്ട് ഇഷ്ടമായ ഫാസിലിന്റെ മനസില്‍ ആദ്യം വന്ന മുഖം ഗുരുനാഥന്റെ മകളായ സോണിയയുടേതാണെന്നും പറയപ്പെടുന്നു.
എന്തായാലും ഫാസിലിന്റെ ഗുരുനാഥന്റെ മകള്‍ എന്ന പരിഗണനയും സുരക്ഷിതത്വവും സോണിയക്ക് ഷൂട്ടിംഗ് സെറ്റിലുടനീളം ലഭിച്ചു. എന്നാല്‍ സിനിമ തനിക്ക് പറ്റിയ മേഖലയല്ലെന്ന് തോന്നിയ സോണിയ പിന്നീട് അഭിനയ രംഗം ഉപേക്ഷിച്ചതായി പലരും എഴുതി. നൃത്തമാണ് തനിക്ക് പ്രധാനമെന്നും ഒരു കൗതുകത്തിന്റെ പേരില്‍ അഭിനയിച്ചു എന്നതിനപ്പുറം സിനിമ പ്രൊഫഷനാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സോണിയയുമായി അടുത്ത വൃത്തങ്ങളില്‍ നിന്നറിയാന്‍ കഴിഞ്ഞു. എന്തായാലും പിന്നീട് ഒരു സിനിമയിലും ആ കുട്ടിയെ കണ്ടില്ല.
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലുടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളികള്‍ സോണിയയെ കാണുന്നത്. ആകെ ഒരു സിനിമയില്‍ മാത്രം സാന്നിദ്ധ്യം അറിയിച്ച സോണിയ ഇന്നും മലയാളത്തനിമയുളള പെണ്‍കുട്ടികളുടെ നിത്യഹരിത മാതൃകയായി തുടരുന്നു.
സുവോളജിയില്‍ എം.എസ്.സി, എം.ഫില്‍ ചെയ്ത സോണിയ കുറച്ചു കാലം ശാസ്ത്രാധ്യാപികയായി ജോലി ചെയ്‌തെങ്കിലും പിന്നീട് പൂര്‍ണമായും നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.സമീപകാലത്ത് മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഏറെക്കാലത്തിന് ശേഷം അവരുടെ മുഖം മലയാളികള്‍ കാണുന്നത്. അഭിനയ സ്‌കൂള്‍ ഓഫ് കുച്ചിപ്പുടി എന്ന പേരില്‍ ആസ്‌ട്രേലിയയില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ് സോണിയ. അന്‍പതോളം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.
കാര്‍ത്തികയും ഉത്തരമാരും അഖിലയും
നടിമാരായ രാധയുടെയും ഊര്‍മ്മിളാ ഉണ്ണിയുടെയും ആശാ ശരത്തിന്റെയും മക്കള്‍ക്കും സിനിമയില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല. അംബിക-രാധ സിനിമാ കുടുംബത്തില്‍ നിന്നും വന്ന നായികയാണ് ജൂനിയര്‍ കാര്‍ത്തിക. നടി രാധയുടെ മകള്‍ കാര്‍ത്തിക മകരമഞ്ഞ് എന്ന ലെനിന്‍ രാജേന്ദ്രന്‍ സിനിമയില്‍ സന്തോഷ് ശിവന്റെ നായികയായി അഭിനയിച്ചിരുന്നു. പിന്നീട് ഏതാനും സിനിമകളില്‍ മാത്രം അഭിനയിച്ച കാര്‍ത്തികയുടെ പിതാവ് വന്‍വ്യവസായിയായിരുന്നു. സിനിമ ജീവിതമാര്‍ഗമല്ലാത്ത കാര്‍ത്തികയും അഭിനയത്തോടുളള പാഷന്‍ കൊണ്ട് മാത്രം വന്നു പോയതാണ്. സമീപകാലത്ത് ആ കുട്ടി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ഊര്‍മ്മിളാ ഉണ്ണിയുടെ മകള്‍ ഉത്തരാ ഉണ്ണിയും ( ഇടവപ്പാതി) ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും (ഖെദ്ദ) ആഗ്രഹത്തിന്റെ പേരില്‍ ഒരു സിനിമയില്‍ മാത്രം പ്രത്യക്ഷപ്പെട്ട് പിന്‍വാങ്ങി. ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
അഭിനയവഴിയില്‍ പാരമ്പര്യത്തിന്റെ പിന്‍ബലമൊന്നുമില്ലെങ്കിലും രണ്ടേ രണ്ട് സിനിമകളില്‍ മാത്രംഅഭിനയിച്ച ശേഷം പിന്‍വാങ്ങിയ മറ്റൊരു നടിയാണ് അഖില ശശിധരന്‍. 2007 ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത തകധിമി എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലുടെ പ്രശസ്തിയുടെ വെളളിവെളിച്ചത്തിലേക്ക് വന്ന അഖില ഭരതനാട്യവും കളരിപ്പയറ്റുമെല്ലാം അഭ്യസിച്ചിരുന്നു. ദിലീപ് നായകനായ കാര്യസ്ഥനിലുടെ സിനിമയിലെത്തിയ അഖില തേജാഭായി ആന്‍ഡ് ഫാമിലി എന്ന പൃഥ്വിരാജ് ചിത്രത്തിലും അഭിനയിച്ചു. പിന്നീട് അവര്‍ അഭിനയിച്ചില്ലെന്ന് മാത്രമല്ല ഇപ്പോള്‍ എവിടെയെന്ന് പോലും ആര്‍ക്കും അറിയില്ല. എന്തുകൊണ്ട് രണ്ട് സിനിമകള്‍ക്ക് ശേഷം അഖില അഭിനയം അവസാനിപ്പിച്ചു എന്നതും ഒരു ദുരൂഹസമസ്യയായി തുടരുന്നു.
അഭിനയം വിട്ട് കാറ്ററിങ് സര്‍വീസ്
ദാദാസാഹിബ് അടക്കം വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച ആതിര അഭിനയം അവസാനിപ്പിച്ചതിന്റെ കാരണങ്ങള്‍ ആദ്യ ഘട്ടത്തില്‍ തുറന്ന് പറഞ്ഞിരുന്നില്ല. അവര്‍ ഒരു ക്ഷേത്രത്തിലെ ശാന്തിയെ വിവാഹം കഴിച്ച് കാറ്ററിംഗ് സര്‍വീസും തനി വീട്ടമ്മയും മറ്റുമായി ഒതുങ്ങിക്കൂടി. വര്‍ഷങ്ങള്‍ക്ക് ശേഷം സമീപകാലത്ത് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ താന്‍ അഭിനയം അവസാനിപ്പിക്കാന്‍ ഇടയാക്കിയ കാരണങ്ങള്‍ തുറന്ന് പറഞ്ഞു. ''ആത്മാഭിമാനമുളളവര്‍ക്ക് പറ്റിയ മേഖലയല്ല സിനിമയെന്നും പലരും മുഖത്ത് നോക്കി അനിഷ്ടകാര്യങ്ങൾ തുറന്ന് ചോദിക്കുന്നിടം വരെ സംസ്‌കാരശൂന്യമായി മാറിയ ഒരു മേഖലയില്‍ നിന്നും ഗത്യന്തരമില്ലാതെ താന്‍ ഉപേക്ഷിച്ച് പോരുകയായിരുന്നു''വെന്നും ''വലിയ റോള്‍മോഡലുകള്‍ എന്ന് നാം പുറമെ വിലയിരുത്തുന്ന നടന്‍മാരും സാങ്കേതിക പ്രവര്‍ത്തകരും പോലും ഇക്കാര്യത്തില്‍ തീരെ മാന്യതയില്ലാത്തവരാണെ''ന്നും ആതിര തുറന്ന് പറയുകയുണ്ടായി.
ഇനി ഒരിക്കലും ഈ മേഖലയിലേക്ക് താനില്ലെന്നും ഇനി വരുന്ന കുട്ടികള്‍ക്കെങ്കിലും അബദ്ധം പറ്റാതിരിക്കാനാണ് ഈ തുറന്ന് പറച്ചിലെന്നും അവര്‍ സൂചിപ്പിച്ചു.
നാം സുരക്ഷിതരല്ല
വൈശാലി, ഞാന്‍ ഗന്ധര്‍വ്വന്‍, നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, ഉത്തരം എന്നീ സിനിമകളില്‍ അഭിനയിച്ച സുപര്‍ണ നാലേ നാല് സിനിമകള്‍ കൊണ്ട് അഭിനയം അവസാനിപ്പിച്ച് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. രൂപഭംഗിയുടെ അവസാന വാക്കായി പ്രകീര്‍ത്തിക്കപ്പെട്ട സുപര്‍ണ വൈശാലിയിലെ നായകനായ സഞ്ജയ് മിശ്രയെയയാണ് ജീവിതത്തില്‍ കൂടെക്കൂട്ടിയത്. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടും സമീപകാല വിവാദങ്ങളും സജീവമായതോടെ ഇതുവരെ മൗനം പാലിച്ചു നിന്ന അവര്‍ താന്‍ സിനിമാ ഇന്‍ഡസ്ട്രി ഉപേക്ഷിക്കാനുണ്ടായ സാഹചര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. സ്ത്രീകള്‍ ഈ രംഗത്ത് കടുത്ത പീഡനങ്ങള്‍ നേരിടുന്നതായി അവര്‍ തുറന്ന് പറഞ്ഞു. താന്‍ അധികം വൈകാതെ ഈ മേഖല ഉപേക്ഷിച്ചതിന് പിന്നിലും ഇത്തരം തിക്താനുഭവങ്ങളായിരുന്നുവെന്ന് അവര്‍ പറയുന്നു. ധനം,
കാബൂളിവാല, രാജധാനി, കേളി തുടങ്ങി ഏതാനും സിനിമകളില്‍ അഭിനയിച്ച ചാര്‍മ്മിളയും ഇത്തരം അതിക്രമങ്ങള്‍ മൂലം സിനിമ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം വിശദീകരിക്കുകയുണ്ടായി.
എല്ലാം അവസാനിപ്പിച്ച് ഹീരാ രാജഗോപാല്‍..
നിര്‍ണയം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, മിന്നാമിനുങ്ങിനും മിന്നുകെട്ട് , പൂത്തിരുവാതിര രാവില്‍...എന്നിങ്ങനെ ഏതാനും മലയാള സിനിമകളിലും നിരവധി തമിഴ് ചിത്രങ്ങളിലും നായികയായി തിളങ്ങി നിന്ന ഹീരയും 1999 ന് ശേഷം എന്നേക്കുമായി സിനിമ അവസാനിപ്പിച്ച് പോയതിന് പിന്നിലും ക്രൂരമായ വഞ്ചനകളുടെയും ചൂഷണങ്ങളുടെയും ദയനീയ മുഖം ഉളളതായി പറയപ്പെടുന്നു.
പരസ്യ മോഡല്‍ എന്ന നിലയിലാണ് ഹീര തന്റെ സെലിബ്രറ്റി ലൈഫ് ആരംഭിക്കുന്നത്. പിന്നീട് ചില പടങ്ങളില്‍ നായികയായി. എന്നാല്‍ കാല്‍നൂറ്റാണ്ടായി അവരെക്കുറിച്ച് യാതൊരു അറിവുമില്ല. അവര്‍ എങ്ങും പരാതികളും പരിഭവങ്ങളും പറയുകയോ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ല.
1991 മുതല്‍ 1999 വരെ സജീവമായിരുന്ന അവരുടെ അവസാന ചിത്രം സ്വയംവരം (തമിഴ്) ആയിരുന്നു. ഇപ്പോള്‍ 53 വയസ്സുള്ള ഹീര വ്യവസായിയായ പുഷ്‌കര്‍ മാധവിനെ വിവാഹം കഴിച്ചിരുന്നുവെങ്കിലും നാല് വര്‍ഷങ്ങള്‍ മാത്രമേ ആ ബന്ധത്തിന് ആയുസുണ്ടായിരുന്നുളളു.
വിവാഹത്തിന് മുന്‍പ് ഒരു തമിഴ് നടനും അവരും തമ്മിലുളള പ്രണയം അക്കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. വിവാഹവാഗ്ദാനം നല്‍കി നടന്‍ അവരെ വഞ്ചിക്കുകയായിരുന്നുവെന്നും ദീര്‍ഘകാലം അതിന്റെ പേരില്‍ ചൂഷണം ചെയ്തിരുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചു. അവര്‍ ഇത് സംബന്ധിച്ച് ഒരിടത്തും വെളിപ്പെടുത്തലുകള്‍ നടത്താത്തതു കൊണ്ട് ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണമുണ്ടായില്ല. നടന്‍ പിന്നീട് മലയാളിയായ മറ്റൊരു നടിയെ വിവാഹം കഴിച്ച് സ്വന്തം ജീവിതം സുരക്ഷിതമാക്കി. ഇന്നും തമിഴ് സിനിമയിലെ മിന്നും താരമാണ് നടന്‍. ഹീരയാവട്ടെ ആരാലും അറിയപ്പെടാതെ ഒതുങ്ങിക്കൂടി ജീവിക്കുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ വിപരീതമായ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. നടനും ഹീരയും തമ്മിലുളള ബന്ധം അറിഞ്ഞ മാതാവ് ഇതിനെ എതിര്‍ത്തിരുന്നെന്നും ഹീരയുടെ ആക്ടിംഗ് കരിയറിനെ ഈ ബന്ധം ബാധിക്കുമെന്നതിനാലാണ് അവര്‍ ഇടങ്കോലിട്ടതെന്നും പറയുന്നവരുണ്ട്.
എന്തായാലും ആദ്യം വിവാഹിതനായത് നടനാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹീരയും ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും തുടക്കത്തില്‍ തന്നെ പാളി.ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന രാജഗോപാലിന്റെ ഏക മകളായിരുന്നു ഹീര. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നും സൈക്കോളജിയില്‍ ബിരുദം നേടിയ ഹീരയ്ക്ക് പഠനകാലത്ത് തന്നെ പ്രിന്റ് മീഡിയയില്‍ വരുന്ന പരസ്യങ്ങളില്‍ മോഡലിങിന് അവസരം ലഭിച്ചിരുന്നു. ആ സമയത്ത് വരുമാനം കണ്ടെത്താനായി ഹീര പലവിധ ജോലികള്‍ ചെയ്തിരുന്നു. എന്‍സൈക്ക്‌ളോ പീഡിയ വില്‍പ്പന, മോഡല്‍ കോര്‍ഡിനേറ്റര്‍, ഹോട്ടല്‍ റിസപ്ഷനിസ്റ്റ്...
ഇരുപതാം വയസ്സിൽ ഇദയം എന്ന സിനിമയില്‍ നായികയാകാന്‍ ഹീരയ്ക്ക് അവസരം ലഭിച്ചു. പടം വന്‍ഹിറ്റായതോടെ ഹീരയും ശ്രദ്ധിക്കപ്പെട്ടു. സഞ്ജയ് ദത്തിനൊപ്പം അമനാഥ് എന്ന ബോളിവുഡ് ചിത്രത്തില്‍ നായികയായി അരങ്ങേറാനും ഹീരയ്ക്ക് സാധിച്ചു. സഞ്ജയ്ദത്ത് കേസില്‍ കുടുങ്ങിയതോടെ സിനിമയുടെ റിലീസ് നീണ്ടുപോവുകയും പിന്നീട് ഫ്‌ളോപ്പാകുകയും ചെയ്തു. കാതല്‍ക്കോട്ടൈ എന്ന സൂപ്പര്‍ഹിറ്റ് തമിഴ്ചിത്രമാണ് ഹീരയ്ക്ക് വന്‍ഖ്യാതി നേടിക്കൊടുത്തത്. മലയാളത്തില്‍ അവര്‍ അഭിനയിച്ച നിര്‍ണയം മികച്ച പടമായിട്ടും ബോക്‌സ്ഓഫിസില്‍ വിജയമായില്ല. പതിയെ പടിയിറക്കം സംഭവിക്കുന്ന ഹീരയെയാണ് പ്രേക്ഷകര്‍ കണ്ടത്.
1999 ന് ശേഷം അവര്‍ എവിടെയെന്നോ എന്ത് ചെയ്യുകയാണെന്ന് പോലും ആര്‍ക്കും അറിവില്ല. എന്തായാലും വേദനകള്‍ മാത്രം സമ്മാനിച്ച സിനിമയില്‍ നിന്നും എന്നേക്കുമായി അവര്‍ പിന്‍വാങ്ങിയെന്ന് പിന്നീടുളള അവരുടെ നിശ്ശബ്ദത സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ കാരണങ്ങള്‍ തുറന്ന് പറയാനും അവര്‍ തയ്യാറായില്ല.