ADVERTISEMENT

വനിത വിജയകുമാറിനെ തമിഴ് സിനിമകളില്‍ ധാരാളമായി കണ്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യമായി കാണുന്നത് ‘ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്’ എന്ന ചിത്രത്തിലാണ്. ഉദയകൃഷ്ണ-സിബി കെ.തോമസ് എന്ന ഹിറ്റ് കോംബോ ആദ്യമായി തിരക്കഥയൊരുക്കിയ സിനിമ എന്നതായിരുന്നു ഹിറ്റ്‌ലര്‍ ബ്രദേഴ്‌സിന്റെ ഏക സവിശേഷത. സിനിമയ്ക്ക് തരക്കേടില്ലാത്ത കലക്‌ഷന്‍ ലഭിച്ചെങ്കിലും വനിത തിരക്കുളള നായികയായില്ല. തമിഴിലും തെലുങ്കിലുമൊക്കെ ചില പടങ്ങളില്‍ അഭിനയിച്ചെങ്കിലും അവിടെയൊന്നും നിലം തൊട്ടില്ല. അഭിനയത്തില്‍ തനിക്ക് വേണ്ടത്ര ഭാവിയില്ലെന്നു കണ്ട് വനിത സഹോദരിയും നടിയുമായ പ്രീതാ വിജയകുമാറിന്റെ കോസ്റ്റ്യൂം ഡിസൈനറായി കൂടെക്കൂടി. എന്നാല്‍ താരമായി വിലസിയിരുന്ന തനിക്ക് ഒരു പരിധിക്കപ്പുറം താഴേക്ക് പോകാന്‍ പറ്റുമോ എന്ന ചിന്ത വനിതയെ ഗ്രസിച്ചു തുടങ്ങി. അങ്ങനെ ‘കാക്കൈ സിരാഗിനിലേ’ എന്ന പടത്തില്‍ അവര്‍ പി.വാസുവിന്റെ സംവിധാന സഹായിയായി. ഫിലിം മേക്കിങ് പഠിച്ച് ആ മേഖലയില്‍ എന്തെങ്കിലൂം ആയിത്തീരുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ അവിടെയും പച്ചതൊട്ടില്ല. 

ഒടുവില്‍  നിര്‍ണായകമായ ആ തീരുമാനം എടുത്തു. തത്കാലം സിനിമ ഉപേക്ഷിച്ച് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുക. ആകാശ് എന്ന യുവാവുമായുളള വിവാഹത്തോടെ ജീവിതം മറ്റൊരു പന്ഥാവില്‍ എത്തിച്ചേരുമെന്ന് അവര്‍ കണക്ക് കൂട്ടി. 2007 വരെ വലിയ കാറും കോളുമില്ലാതെ പോയ ബന്ധം വര്‍ഷം അവസാനിക്കും മുന്‍പ് വിവാഹമോചനത്തിലെത്തി. അതിന്റെ കാരണങ്ങള്‍ എന്താണെന്ന് അവര്‍ക്കും ആകാശിനും മാത്രമേ അറിയു. തകര്‍ന്ന മനസിനെ പരുവപ്പെടുത്തിയെടുത്ത വനിത സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിച്ചു. 2013ല്‍ ‘നാന്‍ രാജവാഗ പോഗിരെന്‍’ എന്ന ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ പ്രത്യക്ഷപ്പെട്ടു. അതേവര്‍ഷം തന്നെ ‘സുമ്മ നച്ചുനു ഇരുക്ക്’ എന്ന കോമഡി ഡ്രാമയില്‍ പ്രാധാന്യമുളള വേഷം ചെയ്തു. എന്നാല്‍ ഇതൊന്നും തന്നെ കരിയര്‍ ബ്രേക്കായില്ല.

seema-vanitha-vijayakumar

എംജിആറിന്റെയും രജനിയുടെയും പേരില്‍ ഒരു സിനിമ

സിനിമകള്‍ നിര്‍മിക്കുക എന്നതായിരുന്നു അടുത്ത പരീക്ഷണം. 2015ല്‍ എംജിആര്‍-ശിവാജി-രജനി-കമല്‍ എന്ന വിചിത്രമായ ടൈറ്റിലില്‍ അവര്‍ പടം നിര്‍മിച്ചു. ഒരു പൊതുവേദിയില്‍ വച്ച് നൃത്ത സംവിധായകന്‍ റോബര്‍ട്ടും വനിതയും തമ്മില്‍ ചര്‍ച്ച ചെയ്ത ഒരു വിഷയത്തില്‍ നിന്നാണ് സിനിമയുടെ ത്രെഡ് വീണു കിട്ടുന്നത്. മദ്യ ലഹരിയില്‍ നാല് പ്രശസ്ത നടന്‍മാരുടെ മുഖംമൂടി ധരിച്ച കളളന്‍മാര്‍ എടിഎം കൊളളയടിക്കുന്നതും ഒരു വനിതാ പൊലീസ് ഓഫിസര്‍ അവരെ പിടികൂടുന്നതും മറ്റുമായിരുന്നു  പ്രമേയം. ഹ്യൂമര്‍ ട്രീറ്റ്‌മെന്റുളള  പടത്തിന്റെ ശീര്‍ഷകം കേട്ട് ആളുകള്‍ തിയറ്ററുകളിലേക്ക് ഇരച്ചെത്തുമെന്നും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുമെന്നും തരംഗം സൃഷ്ടിക്കുമെന്നും അവര്‍ അടുപ്പമുളളവരോട് പറഞ്ഞു. അത്രയേറെ പ്രതീക്ഷയായിരുന്നു ആ സംരംഭത്തില്‍. 

ഈ ചിത്രത്തില്‍ വനിത നിര്‍മാണത്തിനൊപ്പം അഭിനയിക്കുകയും ചിത്രത്തിന് സംഭാഷണം എഴുതുക കൂടി ചെയ്തു. വനിത കുട്ടിയായിരുന്ന കാലത്ത് അവരുടെ മാതാപിതാക്കള്‍ ആരംഭിച്ച വനിതാ ഫിലിം പ്രൊഡക്‌ഷന്‍ കമ്പനിയുടെ ബാനറിലാണ് പടം നിർമിച്ചത്. എന്നാല്‍ ഇതൊന്നും ബോക്‌സാഫിസില്‍ തുണയ്‌ക്കെത്തിയില്ല. വനിതയുടെ ജീവിതം മാറ്റിമറിക്കാന്‍ നിര്‍മാതാവ് എന്ന പദവിക്കും കഴിഞ്ഞില്ലെന്ന് മാത്രമല്ല അതുവരെയില്ലാത്ത ചില കുരുക്കുകളിലേക്ക് നയിക്കുകയും ചെയ്തു. കരാര്‍ പ്രകാരം സിനിമ 80 തിയറ്ററില്‍ റിലീസ് ചെയ്തില്ലെന്ന് ആരോപിച്ച് വനിത ചിത്രത്തിന്റെ വിതരണക്കാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. വനിത ഒരു പ്രശ്‌നകാരിയെന്ന് ചലച്ചിത്ര വ്യവസായത്തില്‍ ആകമാനം പ്രചരിക്കപ്പെട്ടു. പിന്നീട് ആരും തന്നെ അവരെ അഭിനയിക്കാന്‍ വിളിക്കാതെയായി. വീണ്ടും പഴയതു പോലെ അഭിനയം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.

vanitha-vijayakumar-family
വനിതയുടെ അച്ഛൻ വിജയകുമാറും സഹോദരൻ അരുൺ വിജയ്‌യും സഹോദരിമാരും

മിനിസ്‌ക്രീനിലും ഭാഗ്യപരീക്ഷണം

സിനിമ തനിക്ക് വളക്കൂറുളള മണ്ണല്ലെന്ന് തിരിച്ചറിഞ്ഞ വനിത മിനിസ്‌ക്രീനില്‍ ഒരു കൈ പയറ്റി നോക്കി. വിജയ് ടിവിയിലെ ഒരു റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ഷോയില്‍ നിന്ന് പുറത്തായ രണ്ടാമത്തെ മത്സരാർഥിയായി അവര്‍. വിജയ് ടിവിയിലെ തന്നെ ഒരു കുക്കിങ് ഷോയിലും മത്സരാര്‍ത്ഥിയായി. പുതു പുതു അര്‍ത്ഥങ്ങള്‍ എന്ന തമിഴ് സീരിയലില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടേണ്ട ഗതികേടില്‍ വരെ കാലം അവരെ കൊണ്ടു ചെന്നെത്തിച്ചു. ജീവിതത്തിന്റെ ഗതിവിഗതികളില്‍ നമ്മുടേതല്ലാത്ത ചില ഇടപെടലുകള്‍ ഉണ്ടെന്ന് അനുഭവം വനിതയെ ബോധ്യപ്പെടുത്തുകയായിരുന്നു. അവര്‍ കയറിയിറങ്ങാത്ത ക്ഷേത്രങ്ങളില്ല. സന്ദര്‍ശിക്കാത്ത ജോത്സ്യന്‍മാരില്ല. ചെയ്യാത്ത വഴിപാടുകളുമില്ല.

എന്നാല്‍ ഒരു ശക്തിക്കും അവര്‍ ആഗ്രഹിച്ച തലത്തില്‍ പിന്‍തുണയ്ക്കാനോ  കൈപിടിച്ചുയര്‍ത്താനോ കഴിഞ്ഞില്ല. സിനിമയില്‍ അന്യമായ വിജയം വ്യക്തിജീവിതത്തിലെങ്കിലും സംഭവിക്കട്ടെ എന്ന പ്രതീക്ഷയോടെയാണ് അവര്‍ 2000 സെപ്റ്റംബറില്‍ ആകാശിനെ വിവാഹം കഴിച്ചത്. ഒരു മകനും  മകളും ജനിച്ചു എന്നതൊഴിച്ചാല്‍ ഒരു അപൂര്‍ണരേഖ പോലെ ആ ബന്ധം അവസാനിച്ചു. വിവാഹമോചന കേസും മക്കളൂടെ സംരക്ഷണാവകാശവും മറ്റുമായി കോടതികള്‍ കയറിയിറങ്ങാനായിരുന്നു അടുത്ത നിയോഗം. അത് സൃഷ്ടിച്ച മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും അവരുടെ ഭാവനയ്ക്ക് അപ്പുറത്തായിരുന്നു. പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തവും കൊളുത്തിപ്പട എന്ന അവസ്ഥ. മദ്രാസ് ഹൈക്കോടതി ഒടുവില്‍ മക്കളെ രണ്ടുപേര്‍ക്കുമൊപ്പം മാറി മാറി നിര്‍ത്താന്‍ ഉത്തരവായി. 

വിവാഹമോചനം സംഭവിച്ച കുറച്ച് നാളുകള്‍ക്കു ശേഷം വീണ്ടും വിവാഹിതയായി. മാനസികമായ ഒരു പിന്‍തുണ അവര്‍ക്ക് ആ ഘട്ടത്തില്‍അത്യന്താപേക്ഷിതമായിരുന്നു. വ്യവസായിയായ ആനന്ദ് വിജയരാജായിരുന്നു ഇക്കുറി വരന്‍. ഈ ബന്ധത്തില്‍ ഒരു മകളും ജനിച്ചു. മൂന്നു വര്‍ഷം മാത്രമേ ആ ബന്ധത്തിനും ആയുസ് ഉണ്ടായുളളു. 2010ല്‍ അവര്‍ ഔദ്യോഗികമായി പിരിഞ്ഞു. ആനന്ദ് തനിക്ക് മനസമാധാനം നല്‍കുന്നില്ലെന്നും തന്റെ സിനിമാ അവസരങ്ങള്‍ മുടക്കുന്നതായും വനിത പരാതിപ്പെട്ടു. എന്തായാലും ആ ബന്ധവും പാതിവഴിയില്‍ അവസാനിച്ചു. ആനന്ദിന് മകളുടെ സംരക്ഷണച്ചുമതലയും ലഭിച്ചു. 

റോബര്‍ട്ടിനെ കണ്ടുമുട്ടുന്നു

ഇനിയൊരു വിവാഹം എന്ന ആലോചന തന്നെ വനിതയെ ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. മനസിനേറ്റ മുറിവുകള്‍ ഉണക്കാന്‍ സിനിമയിലേക്ക് മടങ്ങാമെന്ന് വച്ചാല്‍ അവസരങ്ങള്‍ തീരെയില്ല. അതിസുന്ദരികളായ കൊച്ചുപെണ്‍കുട്ടികള്‍ അരങ്ങ് തകര്‍ക്കുന്ന സിനിമയില്‍ തന്റെ പ്രായത്തിലുളള ഒരു നടിക്ക് യോജിച്ച വേഷങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല. അമ്മ വേഷങ്ങളിലേക്ക് പോകാന്‍ പ്രായമായിട്ടുമില്ല. അങ്ങനെ ആകെ അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് കോറിയോഗ്രാഫറായ റോബര്‍ട്ടുമായി അടുക്കുന്നത്. സൗഹൃദത്തിലായിരുന്നു തുടക്കം. തന്റെ പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ ഒരാള്‍ എന്ന നിലയിലാണ് വനിത ആ ബന്ധത്തെ കണ്ടത്. അത് ഡേറ്റിങിലേക്ക് വഴിമാറി. 

ഒരു പടം സംവിധാനം ചെയ്യുക എന്നത് റോബര്‍ട്ടിന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. വനിതയുടെ സഹായത്തോടെ അതും നിറവേറി. അവര്‍ ഒരുമിച്ച് രചന നിര്‍വഹിച്ച എം.ജി.ആര്‍-ശിവാജി-രജനി-കമല്‍ എന്ന പടത്തില്‍ റോബര്‍ട്ട് സംവിധായകനായപ്പോള്‍ വനിത പടം നിര്‍മിക്കുകയും ചെയ്തു. റോബര്‍ട്ടിന്റെ സംവിധാനത്തില്‍ അഭിനയിക്കുകയും ചെയ്തു.  ആ സിനിമ വനിതയ്ക്ക് വലിയ സാമ്പത്തിക ബാധ്യതകള്‍ വരുത്തി വച്ചു എന്ന് മാത്രമല്ല കേസും പുക്കാറുമായി  കോടതികള്‍ കയറിയിറങ്ങേണ്ടിയും വന്നൂ. റോബര്‍ട്ടിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി വാസ്തവത്തില്‍ സ്വയം ബലി കൊടുക്കുകയായിരുന്നു അവര്‍. എന്തായാലും സിനിമ പോലെ തന്നെ അവരുടെ ബന്ധവും അപൂര്‍ണമായി.

വര്‍ഷങ്ങളോളം കടുത്ത വിഷാദ രോഗത്തിന് അടിമയായ വനിത ട്രീറ്റ്‌മെന്റിനൊപ്പം കൗണ്‍സലിങിനും വിധേയയായി. എന്നിട്ടും പൂര്‍ണമായി മനസ് തിരികെ പിടിക്കാനാവുന്നില്ലെന്ന് ബോധ്യമായപ്പോള്‍ നിരവധി കടമ്പകള്‍ കടന്ന് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഒരു സവര്‍ണ ഹൈന്ദവ കുടുംബത്തില്‍ നിന്നും ബുദ്ധമതത്തിലേക്കുളള മാറ്റം കുടുംബവൃത്തങ്ങളിലും സിനിമാ വ്യവസായത്തിലും വലിയ ചര്‍ച്ചകള്‍ക്കിടയാക്കി. എന്നാല്‍ കേവലം ഒരു മതം മാറ്റം എന്നതിനപ്പുറം ശാന്തിയുടെ പ്രതീകമായ ബുദ്ധ ഭഗവാന്‍ തനിക്ക് അപാരമായ വിശ്രാന്തിയും സമാധാനവും നല്‍കുന്നതായി വനിത പറഞ്ഞതോടെ വിമര്‍ശകര്‍ നാവടച്ചു. ഏത് മതവും ആത്യന്തികമായി മനുഷ്യന് സമാശ്വാസം പകരുന്നതാവണം എന്ന് വനിത ഏറ്റു പറഞ്ഞു. 

peter-paul-vanitha-vijayakumar
പീറ്റർ പോളിനൊപ്പം

ഇതൊക്കെ സംഭവിക്കുമ്പോഴും വനിതയുടെ മനസ് പൂര്‍ണമായ അര്‍ത്ഥത്തില്‍ ശാന്തമായില്ല. ആനന്ദുമായുളള ബന്ധത്തില്‍ ജനിച്ച മകളെ ഒരു നോക്ക് കാണണമെന്ന തീവ്രമായ ആഗ്രഹം അവരെ അലട്ടി. വനിത മകളെ ആഗ്രഹം അറിയിച്ചു. അവള്‍ അമ്മയ്‌ക്കൊപ്പം റിയാലിറ്റി ഷോ ഷൂട്ട് ചെയ്യുന്ന ചെന്നെയിലെ സ്റ്റുഡിയോയില്‍ എത്തി. കുപിതനായ ആനന്ദ് വനിത മകളെ തട്ടിക്കൊണ്ടു പോയി എന്ന് ആരോപിച്ച് കേസ് കൊടുത്തു. പൊലീസ് വനിതയെ തേടി ഷൂട്ടിങ് ഫ്‌ളോറിലെത്തി. എന്നാല്‍ ചോദ്യം ചെയ്യലില്‍  കാര്യങ്ങള്‍ തകിടം മറിഞ്ഞു. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സ്വമനസാലെ  അമ്മയ്‌ക്കൊപ്പം പോന്നതാണെന്നും മകള്‍ പറഞ്ഞതോടെ അറസ്റ്റ് ഒഴിവായി. ഈ സമയത്തെല്ലാം വനിത അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നുവെന്ന് അവര്‍ പിന്നീട് പറഞ്ഞു. 

വനിത വിജയകുമാർ
വനിത വിജയകുമാർ

വീണ്ടും ഒരു ജീവിതപങ്കാളി

ഒരു സ്ത്രീ മാനസികമായി എത്ര തന്നെ കരുത്തയാണെങ്കിലും ചില ഘട്ടങ്ങളില്‍ ഒരു പുരുഷനില്‍ നിന്നുളള സ്‌നേഹം, പിന്‍തുണ, കരുതല്‍, പരിഗണന എല്ലാം ആഗ്രഹിക്കും. അത് കേവലം ശാരീരികാവശ്യത്തിനായുളളതല്ല. പ്രശ്‌നങ്ങള്‍ ഷെയര്‍ ചെയ്യാനും ഒപ്പം നില്‍ക്കാനും സങ്കടങ്ങളില്‍ സമാശ്വാസമാകാനും ഒരാള്‍. അങ്ങനെയൊരു ആഗ്രഹം തീവ്രമായപ്പോള്‍ വനിത അറിയാതെ മറ്റൊരു പുരുഷനിലേക്ക് ചാഞ്ഞു. സമൂഹം അതിനെ എങ്ങനെ കാണും എന്ന് അവര്‍ ചിന്തിച്ചില്ല. ഒരു ആണിന്റെ തണല്‍ അവര്‍ക്ക് അത്രമേല്‍ വലിയ അനിവാര്യതയായിരുന്നു. 

vanitha-vijayakumar

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പീറ്റര്‍പോള്‍ എന്ന ഫോട്ടോഗ്രാഫറുമായി അടുക്കുന്നത് ഈ ഘട്ടത്തിലാണ്.  2020ല്‍ അവര്‍ ചെന്നെയില്‍ വച്ച് വിവാഹിതരായി. അവിടെയും വനിതയ്ക്ക് മനസമാധാനം ലഭിച്ചില്ല. ഈ വിവാഹം മാധ്യമങ്ങളില്‍ വിവാദക്കൊടുങ്കാറ്റ് തന്നെ  സൃഷ്ടിച്ചു. പീറ്ററിന്റെ ആദ്യഭാര്യ വനിതയ്ക്കും ഭര്‍ത്താവിനുമെതിരെ കേസ് ഫയല്‍ ചെയ്തു. നിയമപരമായി ഒരു വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു ബന്ധത്തിലേര്‍പ്പെട്ടു എന്നതായിരുന്നു പരാതിക്ക് അടിസ്ഥാനം. 

jovika
വനിത വിജയകുമാറിന്റെ മകൾ ജോവിക

വീണ്ടും കോടതികള്‍ കയറിയിറങ്ങി. ജീവിതം സംഘര്‍ഷപൂര്‍ണമായ ആ കാലയളവില്‍ വനിത ഒരു സത്യം തിരിച്ചറിഞ്ഞു. പ്രണയിച്ച കാലത്ത് താന്‍ കണ്ട ആളായിരുന്നില്ല യഥാര്‍ത്ഥ പീറ്റര്‍പോള്‍. അയാള്‍ അമിതമദ്യപാനിയും ലഹരി വസ്തുക്കള്‍ക്ക് അടിമയുമായിരുന്നു. ഒരു തരത്തിലും യോജിച്ചു പോകാന്‍ കഴിയാത്ത ബന്ധം. വീടിനകത്തും പുറത്തും സൈ്വര്യമില്ലാത്ത അവസ്ഥ. അങ്ങനെ ദിവസങ്ങൾ മാത്രം നീണ്ടു നിന്ന വിവാഹബന്ധത്തില്‍ നിന്ന് അവര്‍ പുറത്ത് കടന്നു. പരസ്പര സമ്മതത്തോടെയുളള ഒരു വേര്‍പിരിയലായിരുന്നു അത്. 

വസ്ത്രവ്യാപാരത്തിലേക്ക്...

സിനിമ പോലെ തന്നെ കുടുംബജീവിതവും തനിക്ക് പിടിതരില്ലെന്ന് ബോധ്യമായ അവര്‍ തത്കാലം രണ്ടിനോടും വിട പറഞ്ഞ് കര്‍മരംഗം ഒന്ന് മാറ്റിപ്പിടിച്ചു. 2021ല്‍ വനിതാ വിജയകുമാര്‍ സ്‌റ്റൈലിങ് എന്ന പേരില്‍ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പ് തുറന്നു. കോസ്റ്റ്യൂം ഡിസൈനറായും ജോലി ചെയ്തു. അവിടെയും അമ്പരപ്പിക്കുന്ന വിജയമൊന്നും വനിതയെ തേടി എത്തിയില്ല. പക്ഷെേ തോറ്റുകൊടുക്കാന്‍ മനസില്ലാത്ത പെണ്ണായിരുന്നു അവര്‍. വിജയം എന്ന മൂന്നക്ഷരം എത്തിപ്പിടിച്ച ഒരുപാട് സ്ത്രീകള്‍ തനിക്ക് മുന്‍പേ താന്‍ സഞ്ചരിച്ച വഴികളിലുടെ കടന്നു പോയിട്ടുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഭാഗ്യദേവത തന്നെയും കടാക്ഷിക്കാതിരിക്കില്ല. കാലത്തിന് ഒരു കാവ്യനീതിയുണ്ട്. ഒരാളെ പരമാവധി പരീക്ഷിക്കുകയും അഗ്‌നി പഥങ്ങളിലുടെ നടത്തിക്കുകയും ചെയ്യുമ്പോള്‍ കാലം എവിടെയോ അവള്‍ക്കായി ഒരു പുഞ്ചിരി കാത്തു വച്ചിട്ടുണ്ട്. ആ വിശ്വാസത്തെ മുറുകെ പിടിച്ച് സഞ്ചരിക്കുന്നതിനിടയിലും വനിതയുടെ കരംപിടിക്കാന്‍ വീണ്ടും ഒരാളെളത്തി എന്ന വാര്‍ത്ത പരന്നു. 

2024 ഒക്‌ടോബറില്‍ ആദ്യമായിരുന്നു അത്. സേവ് ദ് ഡേറ്റിന്റെ ഫോട്ടോസ് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വച്ചുകൊണ്ട് വനിത തന്നെയാണ് ആ വിവരം പരസ്യമാക്കിയത്. ഒക്‌ടോബര്‍ 5 ന് വിവാഹം നടക്കുമെന്നും അവര്‍ അറിയിച്ചു. വരന്‍ ആരെന്നതാണ് സസ്‌പെന്‍സ്. അതുതന്നെയാണ് കൗതുകവും. ഒരിക്കല്‍ വനിത ആവേശത്തോടെ പ്രണയിച്ച നൃത്തസംവിധായകന്‍ റോബര്‍ട്ട്.  വനിതയുടെ പുതിയ വിവാഹത്തിനായി കാത്തിരുന്നവരെ ഞെട്ടിച്ചുകൊണ്ട് അവര്‍ ഒക്‌ടോബര്‍ 5 ന് സത്യാവസ്ഥ പുറത്തു വിട്ടു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്ന പേരില്‍ താന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ പ്രൊമോഷനായിരുന്നു അത്. ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായി അഭിനയിക്കുന്നത് വനിതയും റോബര്‍ട്ടുമാണ്. വനിതയുടെ മകള്‍ ജോവിക വിജയകുമാറിന്റെ പേരിലാണ് നിര്‍മാണം. 

vanitha-vijayakumar-wedding32

ഇനി ജീവിതത്തിലും വനിതയും റോബര്‍ട്ടും ഒന്നിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അത് എന്തായാലും  മറ്റൊരു വലിയ നേട്ടം കൈവരിക്കാനായതിന്റെ ത്രില്ലിലാണ് വനിത. അവര്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസിസ് ആന്‍ഡ് മിസ്റ്റര്‍. നടി, നിര്‍മ്മാതാവ്, സംഭാഷണ രചയിതാവ്, കോസ്റ്റിയൂം ഡിസൈനര്‍..എന്നിങ്ങനെ വിവിധി മേഖലകളില്‍ പയറ്റി പരാജയപ്പെട്ട വനിതയുടെ മറ്റൊരു വലിയ സ്വപ്നമായിരുന്നു സ്വതന്ത്ര സംവിധായികയാവുക എന്നത്. സ്വപ്നങ്ങളാണല്ലോ നമ്മെ മുന്നോട്ട് നടക്കാന്‍ പ്രേരിപ്പിക്കുന്നത്? 

അനുബന്ധം:

വസന്തങ്ങള്‍ പുഷ്പിച്ചു കൊണ്ടേയിരുന്നു...

ഒരിക്കല്‍ അകന്നവര്‍ വീണ്ടും ഒന്നിച്ചാല്‍ ആ ബന്ധം ശാശ്വതമാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. അകന്ന് കഴിയുമ്പോഴാണ് സ്‌നേഹത്തിന്റെ ഊഷ്മളത നാം തിരിച്ചറിയുന്നതെന്നാണ് നടി പ്രിയാ രാമന്റെ അനുഭവം പറയുന്നത്. നഷ്ടപ്പെടുമ്പോഴാണ് ഒരിക്കല്‍ കരഗതമായിരുന്നതിന്റെ മൂല്യം ബോധ്യമാകുന്നത്.പ്രിയയും തമിഴ് നടന്‍ രഞ്ജിത്തും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. രണ്ട് കുട്ടികളുണ്ടായ ശേഷം അവര്‍ വേര്‍ പിരിഞ്ഞു. 1999 മുതല്‍ 2014 വരെ ഒന്നര പതിറ്റാണ്ട് നീണ്ട ദാമ്പത്യത്തിന് തിരശ്ശീല വീണു. രഞ്ജിത്ത് താമസിയാതെ മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ പ്രിയയുടെ മനസില്‍ നിന്നും രഞ്ജിത്ത് മാഞ്ഞുപോയില്ല.

അവര്‍ മറ്റൊരു ബന്ധത്തിലേക്ക് പോയതുമില്ല. തെറ്റുകള്‍ മനസിലാക്കി  ഒരിക്കല്‍ അദ്ദേഹം തിരിച്ചു വരുമെന്ന്  പ്രിയ വിശ്വസിച്ചു. പുനര്‍വിവാഹം കഴിഞ്ഞപ്പോഴാണ് പ്രിയയുടെ വില എന്തായിരുന്നുവെന്ന് രഞ്ജിത്തിന് ബോധ്യം വന്നത്. രഞ്ജിത്ത് മൂന്ന് വര്‍ഷം നീണ്ടു ദാമ്പത്യത്തിന് വിട പറഞ്ഞു. പക്ഷേ ഇനി എന്ത് പറഞ്ഞ് പ്രിയയെ സമീപിക്കും. പ്രിയ തന്നെ സ്വീകരിക്കുമോ എന്ന ആകുലത മൂലം മൗനം പാലിച്ച് ഏകനായി കഴിഞ്ഞു. എന്നാല്‍ 2017 ലെ ഒരു അവാര്‍ഡ് ദാനച്ചടങ്ങില്‍ പ്രിയക്ക് പുരസ്‌കാരം നല്‍കാന്‍ സംഘാടകര്‍ കണ്ടെത്തിയത് രഞ്ജിത്തിനെയായിരുന്നു. വേദിയില്‍ അവാര്‍ഡ് കൈമാറിയ ശേഷം രഞ്ജിത്ത് പ്രിയയെ ചേര്‍ത്തണച്ചു. ഒരു നവവധുവിനെ പോലെ പ്രിയ ആ നെഞ്ചിലേക്ക് ഹൃദ്യമായ ഒരു ചിരിയോടെ ചാഞ്ഞു. ആയിരങ്ങളെ സാക്ഷി നിര്‍ത്തി പിണക്കത്തിന്റെ മഞ്ഞുരുകി. കുട്ടികള്‍ക്ക് വേണ്ടി തങ്ങള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന് രഞ്ജിത്ത് പരസ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി ആ ദാമ്പത്യം അതിന്റെ എല്ലാ പൂര്‍ണതയോടും നിലനില്‍ക്കുന്നു. ഇനിയൊരിക്കലും പിരിയില്ലെന്ന ജന്മാന്തര വാഗ്ദാനത്തോടെ...ഒരിക്കല്‍ മറ്റൊരു വേദിയില്‍ വച്ച് തങ്ങളുടെ പ്രണയത്തെ രഞ്ജിത്ത്അതിമനോഹരമായി ഇങ്ങനെ നിര്‍വചിച്ചു.

'പ്രിയാ...നീ പൂക്കുന്നിടത്താണ്...വസന്തം..!'

English Summary:

Vanitha Vijayakumar: Why Did This Tamil Star Fade From the Limelight?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com