‘ദിയ ജ്യോതികയെപ്പോലെ തന്നെ, കണ്ടാൽ സഹോദരങ്ങൾ’; സൂര്യയുടെ ദീപാവലി ആഘോഷം
Mail This Article
താരദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും ദീപാവലി ആഘോഷത്തിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ജ്യോതികയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. മക്കളായ ദിയയെയും ദേവിനെയും ദമ്പതികൾക്കൊപ്പം കാണാം.
കസവ് കരയുള്ള വെള്ള മുണ്ടും പേസ്റ്റൽ നിറത്തിലുള്ള ഷർട്ടുമാണ് സൂര്യയും മകൻ ദേവും ധരിച്ചിരുന്നത്. ആദ്യമായാണ് ദേവ് മുതിർന്ന ശേഷം മുണ്ടും ഷർട്ടും ധരിച്ച് ഒരു ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. ഹെവി വർക്കുള്ള കറുത്ത നിറത്തിലുള്ള ലെഹങ്കയും അതിനിണങ്ങുന്ന ഷർട്ട് മോഡൽ ടോപ്പും സിംപിൾ ഹെയർ സ്റ്റൈലുമായിരുന്നു ജ്യോതിക ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ചുവന്ന നിറത്തിലുള്ള സ്ലീവ് ലെസ് ഷറാറയായിരുന്നു മകൾ ദിയ ധരിച്ചിരുന്നത്.
ജ്യോതികയും ദിയയും ഇരു കൈകളിലും മെഹന്തിയും അണിഞ്ഞിട്ടുണ്ട്. ദിയയെ കണ്ടാൽ ജൂനിയർ ജ്യോതികയെന്നേ പറയൂ എന്നും കമന്റുകളുണ്ട്. സൂര്യയുടെ കുടുംബ ചിത്രം കണ്ടതോടെ നാലുപേരെയും ഒറ്റ ഫ്രെയിമിൽ കാണുമ്പോൾ മാതാപിതാക്കളും മക്കളുമാണെന്ന് തോന്നുന്നില്ലെന്നും സഹോദരങ്ങളെപ്പോലെയാണ് തോന്നുന്നതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. എല്ലാവരെയും ഒറ്റ ഫ്രെയിമിൽ കണ്ട സന്തോഷത്തിലാണ് ആരാധകര്‍.
കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയും ജ്യോതികയും ഒരു വർഷം മുമ്പ് മുംബൈയിലേക്ക് വീട് മാറിയിരുന്നു. 'ഷൈത്താൻ' എന്ന ചിത്രമാണ് അവസാനമായി ജ്യോതികയുടെതായി തിയറ്ററിൽ എത്തിയ ചിത്രം. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.
അതേസമയം ആരാധകര്‍ ഏറെ കാത്തിരുന്ന 'കങ്കുവ'യാണ് സൂര്യയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. നവംബർ ആദ്യം ചിത്രം തിയറ്ററുകളിലെത്തും. സിരുത്തൈ ശിവയാണ് കങ്കുവ സംവിധാനം ചെയ്തിരിക്കുന്നത്.