ADVERTISEMENT

നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സാന്ദ്ര തോമസ്. സംഘടനയിലെ അംഗങ്ങൾക്കെതിരെ താൻ നൽകിയ കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും എത്ര മൂടി വച്ചാലും സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

‘‘തീർച്ചയായും ഗൂഢാലോചനയുടെ ഫലമായാണ് എന്നെ പുറത്താക്കിയ ഈ നടപടി വന്നിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് എന്നെ പുറത്താക്കുക എന്ന തീരുമാനം എടുത്തത് തന്നെ. ആരൊക്കെ ചേർന്ന് പുറത്താക്കി എന്ന് ചോദിച്ചാൽ അത് ഭാരവാഹികൾ ഒക്കെ തന്നെയാണെന്നു പറയേണ്ടി വരും. ഞാൻ ആർക്കെതിരെ ആണോ കേസ് കൊടുത്തത് അവരും പിന്നെ സിനിമയിലെ പവർ ഗ്രൂപ്പും ചേർന്നാകും എന്നെ പുറത്താക്കിയത്. ഇവർ എത്ര മൂടി വച്ചാലും സത്യം പുറത്തുവരും. ഒരു ജോലി സ്ഥലത്തെ ജോലിക്കാർക്ക് ലൈംഗികാതിക്രമം നേരിട്ടാൽ അത് പോയി പറയാൻ ഒരിടമുണ്ട്. പക്ഷേ ഞാൻ ഒരു തൊഴിലുടമയാണ്. എന്നെപ്പോലെ ഒരാൾക്ക് അത് പോയി പറയാൻ ഒരു ഇടമില്ല.  അതുകൊണ്ട് ഇതുപോലൊരു പ്രശ്നം ഇനി ഇവിടെ ഉണ്ടാകരുത് എന്ന് കരുതിയിട്ടാണ്, മറ്റുള്ള സ്ത്രീകളുടെ കൂടെ നിന്ന് പോരാടാൻ ഞാൻ തീരുമാനിച്ചത്. 

സ്ത്രീകൾ സിനിമ ഇൻഡസ്ട്രിയൽ സേഫ് ആയിരിക്കണം അതുകൊണ്ടാണ് ഞാൻ അവർക്കൊപ്പംനിന്നത്. എന്നെപ്പോലെയുള്ള മറ്റു നിർമാതാക്കളായ സ്ത്രീകൾക്കും ഒക്കെ മോശമനുഭവം ഉണ്ടായിട്ടുണ്ട്. അത് അവരൊക്കെ തുറന്നു പറഞ്ഞിട്ടുമുണ്ട്. പലരും കേസുമായി മുന്നോട്ടുപോകാൻ പേടിയുള്ളതുകൊണ്ടാണ് മുന്നോട്ടു വരാത്തത്. ഞങ്ങളെ പോലെയുള്ളവർക്ക് ഇങ്ങനെ മുന്നോട്ടു വരാൻ കഴിഞ്ഞില്ലെങ്കിൽ സാധാരണ ഒരു അഭിനേതാവിന്റെയോ ടെക്നിഷ്യന്റെയോ അവസ്ഥ എന്തായിരിക്കും. അവരൊക്കെ മുന്നോട്ടു വന്നുകഴിഞ്ഞാൽ അവരൊക്കെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ എന്തായിരിക്കും. ഒരു പവർ പൊസിഷനിൽ ഇരിക്കുന്ന നിർമാതാവായ എനിക്ക് ഇത്രയും ബുദ്ധിമുട്ടുകൾ നേരിടുന്നതെങ്കിൽ ആർട്ടിസ്റ്റുകൾ ഒറ്റയ്ക്കാണ് ഇതെല്ലാം നേരിടേണ്ടി വരിക. അതൊക്കെ വളരെ പ്രയാസമുള്ള കാര്യമാണ്.   

എന്നെ ഇൻഡസ്ട്രിയിൽ നിന്നും പുറത്തു നിന്നുമൊക്കെ പലരും വിളിച്ചിരുന്നു. കേസിൽ നിന്ന് പിന്മാറണം എന്ന രീതിയിലുള്ള സമ്മർദ്ദങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ഇനി ഒരിക്കലും സിനിമ ചെയ്യാൻ പറ്റില്ല എന്ന രീതിയിലുള്ള ഭീഷണികൾ ഉണ്ടായിട്. പക്ഷേ ഞാൻ കേസുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു. എന്റെ കേസ് എന്നു പറയുന്നത് എന്റെ ബോധ്യമാണ്. എനിക്ക് ഉണ്ടായ അനുഭവമാണ്, അത് സത്യമാണ്. അതുകൊണ്ടുതന്നെ ഞാൻ അതുമായി മുന്നോട്ടുപോകും.  

എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രവർത്തി ഉണ്ടായിട്ടുണ്ട്. അതുതന്നെയാണ് എസ്ഐടിയിൽ ഇരിക്കുന്ന കേസ്. ബി. രാഗേഷ്, ഔസേപ്പച്ചൻ, അനിൽ തോമസ്, ആന്റോ ജോസഫ് ഇവർക്കെതിരെയാണ് ഞാൻ കേസ് കൊടുത്തിരിക്കുന്നത്.  ഈ നാലുപേരിൽ നിന്നാണ് എനിക്ക് വളരെ മോശം അനുഭവം ഉണ്ടായത്. അത് എനിക്ക് ഇങ്ങനെ ഒരു പബ്ലിക് മീഡിയയിൽ സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആണ് പറയാത്തത്. കേസ് എസ്ഐടിയിൽ  ഇരിക്കുന്നതുകൊണ്ട് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയില്ല. ഒരു സ്ത്രീയെന്ന നിലയിൽ വളരെ മോശം അനുഭവമാണ് ഉണ്ടായത്. എനിക്ക് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയ അനുഭവമായിരുന്നു നിർമാതാക്കളുടെ അസോസിയേഷനിൽ നിന്നും ഉണ്ടായത്.  

ആ കൂട്ടത്തിൽ നിന്ന് ഒരാൾ തന്നെ ഈ വിഷയത്തിൽ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇത് ഞാൻ അറിഞ്ഞു കഴിഞ്ഞിട്ട് എങ്ങനെയാണ് ഇങ്ങനെ ഒരു അസോസിയേഷന്റെ ഭാഗമായിട്ട് നിൽക്കുക. അതിന്റെ പിറ്റേദിവസം തന്നെ ഞാൻ ഇവരെ വിളിച്ച് എന്റെ ബുദ്ധിമുട്ട് അറിയിച്ചു. ഞാൻ ലിസ്റ്റിനോട് പറഞ്ഞു, അനിൽ തോമസിനോട് പറഞ്ഞു, എല്ലാവരോടും പറഞ്ഞു നിങ്ങൾ ചെയ്തത് ശരിയായില്ല എന്ന്. അനിൽ തോമസ്, ലിസ്റ്റിൻ എന്നിവർ എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു, എന്നിട്ട് പോലും അവരുടെ ഭാഗത്തുനിന്ന് ഒരു മോശം അനുഭവമുണ്ടായപ്പോൾ ഞാൻ തകർന്നുപോയി. 

മാനസികമായി എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കി, ഞാൻ ഒരു പാനിക്ക് അറ്റാക്കിലേക്ക് വരെ പോയി.  അതിൽ നിന്ന് റിക്കവർ ചെയ്തു വരാൻ ഇത്രയും സമയം എടുത്തു. എന്നെപ്പോലെ ധൈര്യമുള്ള ഒരു സ്ത്രീക്ക് ഇതിൽ നിന്ന് പുറത്ത് കടക്കാൻ ഇത്രയും ദിവസം ഉണ്ടായെങ്കിൽ ഒരു സാധാരണ സ്ത്രീയുടെ കാര്യം ഒന്നാലോചിച്ചു നോക്കൂ. അന്നത്തെ ഒരു ദിവസത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഇപ്പോഴും വിഷമമാണ് തോന്നുന്നത്.  എനിക്ക് ഇപ്പോഴും അതിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യാവസ്ഥ. കേസുമായി മുന്നോട്ട് വരുന്ന പല സ്ത്രീകളും ഇതേ അവസ്ഥയിലൂടെ തന്നെ കടന്നു പോകും എന്നുറപ്പാണ്.’’–സാന്ദ്രയുടെ വാക്കുകൾ.

English Summary:

Sandra Thomas says her expulsion from the producers' association is a conspiracy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com