തിയറ്ററിൽ ‘കങ്കുവ’യുടെ ‘ഒച്ച’ കുറയ്ക്കാൻ നിർദേശം നൽകി നിര്‍മാതാവ്
Mail This Article
‘കങ്കുവ’ സിനിമയുടെ അമിത ശബ്ദവുമായി ബന്ധപ്പെട്ട വിമർശനത്തിൽ നടപടിയുമായി നിർമാതാവ് ജ്ഞാനവേൽ രാജ. തിയറ്ററുകളിൽ സിനിമയുടെ വോളിയം (ശബ്ദം) മൈനസ് രണ്ട് ആയി കുറയ്ക്കാൻ വിതരണക്കാർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. നവംബർ 15 വൈകിട്ടോടെയോ 16നോ പ്രശ്നം പൂർണമായും പരിഹരിക്കാനാണ് ശ്രമം.
സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകള്‍ സമൂഹ മാധ്യമങ്ങളില്‍ ഉടലെടുത്തിരുന്നു. ഓസ്‍കര്‍ ജേതാവും ലോക പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടിയും ഈ വിഷയത്തിൽ പ്രതികരണവുമായി എത്തി.
ചിത്രത്തിലെ ശബ്ദബാഹുല്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ദേശീയ മാധ്യമത്തിൽ വന്ന വാർത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം. ‘‘റീ റെക്കോര്‍ഡിങ് മിക്സര്‍ ആയ ഒരു സുഹൃത്താണ് ഈ വാർത്ത എന്റെ ശ്രദ്ധയിൽപെടുത്തുന്നത്. നമ്മുടെ ജനപ്രിയ സിനിമകളിലെ ശബ്ദത്തെക്കുറിച്ച് ഇത്തരത്തിലൊരു അവലോകനം കാണുമ്പോൾ നിരാശയുണ്ട്. ഉച്ചത്തിലുള്ള ഒരു യുദ്ധത്തില്‍ അകപ്പെട്ടിരിക്കുകയാണ് നമ്മുടെ കലാചാതുരിയും വൈദഗ്ധ്യവുമൊക്കെ. ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ശബ്ദ ലേഖകനെയോ? അതോ എല്ലാ അരക്ഷിതാവസ്ഥകളും പരിഹരിക്കുന്നതിന് അവസാന നിമിഷം വരുത്തുന്ന എണ്ണമറ്റ മാറ്റങ്ങളെയോ. നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ നിലത്ത് ചവുട്ടിനിന്ന് കാര്യങ്ങൾ ഉച്ചത്തിലും വ്യക്തമായും പറയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. തലവേദനയോടെ പ്രേക്ഷകർ തിയറ്റർ വിട്ടാൽ ഒരു സിനിമയ്ക്കും ആവർത്തന മൂല്യമുണ്ടാകില്ല.’’–റസൂൽ പൂക്കുട്ടിയുടെ വാക്കുകൾ.
അതേസമയം തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി ചിത്രം മുന്നേറുകയാണ്. ബോളിവുഡ് താരം ബോബി ഡിയോള്‍ വില്ലനായ ചിത്രത്തിലെ നായിക ദിഷാ പഠാനിയാണ്. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്.
യോഗി ബാബു, കെ.എസ്. രവികുമാര്‍, ജഗപതി ബാബു, ഹരിഷ് ഉത്തമന്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.