ADVERTISEMENT

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രല്‍ പാള്‍സി എന്ന രോഗത്തോട് പടപൊരുതി പന്തളം സ്വദേശി രാഗേഷ് കൃഷ്ണനൻ തന്റെ സിനിമയുമായി എത്തുകയാണ്. സിനിമയെന്ന ലക്ഷ്യത്തിനും രാഗേഷ് കൃഷ്ണന്റെ നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ ആ മാറാരോഗവും കീഴടങ്ങുകയായിരുന്നു. ഒന്നരവര്‍ഷംകൊണ്ട് രാഗേഷ് ഒരുക്കിയ 'കളം @ 24' സിനിമ, തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മന്ത്രി സജി ചെറിയാന്‍, സാംസ്‌കാരിക വകുപ്പിന്റെ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.

‘‘ഇത് രാകേഷ് കൃഷ്ണൻ കുരമ്പാല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്നെ കാണാൻ വന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. രാകേഷ് സെറിബ്രൽ പാൾസി രോഗബാധിതനാണ്. ശാരീരികവെല്ലുവിളിയെ തെല്ലും വകവെക്കാതെ തന്റെ സ്വപ്നത്തിന് പിന്നാലെ പോയ രാകേഷിന്റെ സിനിമ എന്ന ആ സ്വപ്നം നാളെ പൂവണിയുകയാണ്. തന്റെ ജീവിതത്തിൽ വന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ട് ഈ അസുഖത്തോടും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത ഒരു സിനിമ കളം@24 എന്ന പേരിൽ പുറത്തിറങ്ങുകയാണ്.

ലോകസിനിമയിൽ തന്നെ സെറിബ്രൽ പാൾസിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. രാകേഷിന്റെ ഇന്റർവ്യൂകൾ ചിലപ്പോൾ നിങ്ങളിൽ കുറച്ച് പേരെങ്കിലും കണ്ടുകാണും. ആ ചെറുപ്പക്കാരൻ പിന്നിട്ട സഹനവഴികൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ നമുക്ക് കണ്ണ് നിറയും. ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ ബസ്സ്റ്റാൻഡിൽ ഷർട്ട്‌ ഊരി പിച്ച എടുത്ത കാര്യം വരെ രാകേഷ് പങ്കുവച്ചിട്ടുണ്ട്. സിനിമയോടുള്ള രാകേഷിന്റെ തീവ്രമായ സ്നേഹം പടം റിലീസ് ചെയ്യുന്നതിൽ വരെ എത്തിയിട്ടുണ്ട്. ഞാൻ ഈ സിനിമയുടെ പ്രമോഷന് പത്രസമ്മേളനത്തിൽ രാകേഷിനൊപ്പം പങ്കെടുത്തിരുന്നു. 

നിർഭാഗ്യവശാൽ നമ്മുടെ മുൻനിര മാധ്യമങ്ങൾ ഒന്നും അതിന് വലിയ പരിഗണന നൽകിയില്ല. ഇവിടെ വരെയേ രാകേഷിന് ഓടാൻ പറ്റുകയുള്ളൂ, ഇനിയങ്ങോട്ട് ആ ബാറ്റൺ രാകേഷ് സിനിമാപ്രേമികൾക്ക് കൈമാറുകയാണ്. ഈ കൊച്ചു സിനിമ ആകെ കുറച്ചു തിയറ്ററുകളിൽ മാത്രമേയുള്ളൂ. നിങ്ങളിൽ സാധിക്കുന്നവരെല്ലാം അടുത്തുള്ള തിയറ്ററിൽ പോയി രാകേഷിന്റെ സിനിമ കാണണം. കണ്ടാൽ സോഷ്യൽ മീഡിയയിലോ സുഹൃത്തുക്കളോടോ അഭിപ്രായം പങ്കുവയ്ക്കണം. പിന്തുണയ്ക്കണം. രാകേഷ് അത് അർഹിക്കുന്നുണ്ട്. കൊച്ചനുജനും സിനിമയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ.’’–സജി ചെറിയാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

പന്തളം കുരമ്പാല കാര്‍ത്തികയില്‍ രാധാകൃഷ്ണക്കുറുപ്പിന്റെയും മുന്‍ പന്തളം ഗ്രാമപ്പഞ്ചായത്തംഗം രമ ആര്‍.കുറുപ്പിന്റെയും മകനായ രാഗേഷ് കൃഷ്ണന് ജന്മനാ സെറിബ്രല്‍ പാള്‍സിയുണ്ട്. കേള്‍വിക്കുറവും സംസാരിക്കുവാനുള്ള പ്രയാസവും നടക്കാനുള്ള ബുദ്ധിമുട്ടുമൊന്നും വകവയ്ക്കാതെ ചരിത്രത്തില്‍ ബിരുദവും കംപ്യൂട്ടര്‍ ഡിപ്ലോമയും നേടി. പഠനകാലത്തുതന്നെ ആല്‍ബങ്ങളും ചെറുസിനിമകളുംചെയ്ത് ശ്രദ്ധേയനായി. അഞ്ച് ആല്‍ബവും മൂന്ന് ഹ്രസ്വചിത്രവും പുറത്തിറക്കി. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിയില്ലെന്ന പരിഹാസവാക്കുകള്‍ക്ക് മറുപടിയായിട്ടാണ് ആദ്യത്തെ ഹ്രസ്വചിത്രം സംവിധാനംചെയ്തത്. ഇപ്പോഴിതാ കുടുംബക്കാരുടെയും തന്നെ സ്നേഹിക്കുന്ന ഒരുപാട് നല്ല സുഹൃത്തുക്കളുടെയും പിന്തുണയോടെ മുഴുനീള സിനിമയുമായി രാഗേഷ് എത്തുകയാണിപ്പോൾ.

English Summary:

Ragesh Krishnan, a native of Pandalam, who has been battling cerebral palsy since birth, is all set to release his own movie.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com