മൊഴികളുടെ പേരിൽ സിനിമാപ്രവർത്തകരെ വേട്ടയാടുന്നു: പ്രത്യേക അന്വേഷണസംഘത്തിനെതിരെ മാലാ പാർവതി
Mail This Article
പ്രത്യേക അന്വേഷണസംഘം വിശ്വാസ വഞ്ചന കാട്ടിയെന്ന് നടി മാല പാര്‍വതി. ഹേമ കമ്മിറ്റിക്കു മുന്നിൽ നൽകിയ മൊഴികളുമായി ബന്ധപ്പെട്ട കേസിൽ മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് മാലാ പാർവതി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. സിനിമാ രംഗത്തെ അക്കാദമിക് പ്രവർത്തനങ്ങളുടെ ഭാഗമായാണ് മൊഴി നൽകിയതെന്നും ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യവും മുന്‍നിര്‍ത്തിയാണ് കമ്മിറ്റിയുടെ മുന്നിൽ വന്നതെന്നും മാലാ പാർവതി വ്യക്തമാക്കി.
എന്നാല്‍ തന്റെ മൊഴിയിൽ കേസെടുക്കേണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചിട്ടും തുടർ നടപടി ഉണ്ടായില്ലെന്ന് നടി കോടതിക്കു നൽകിയ ഹർജിയിൽ പറയുന്നു. സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നുവെന്നും നടി ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ശല്യം ചെയ്യുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് മാല പാര്‍വതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിനിടെയാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്.