2025ലെ മോഹൻലാൽ പ്രോജക്ട്സ്; ലിസ്റ്റ് പുറത്തുവിട്ട് ആശീർവാദ്
Mail This Article
വരാനിരിക്കുന്ന മോഹൻലാൽ സിനിമകളുടെ പട്ടിക പുറത്തുവിട്ട് ആശിർവാദ് സിനിമാസ്. ഈ വർഷം അവസാനം റിലീസ് ചെയ്യുന്ന ബറോസ് മുതൽ അടുത്ത വർഷം ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ വരെയുള്ള സിനിമകളാണ് പട്ടികയിലുള്ളത്. സിനിമകളും അവയുടെ റിലീസ് തിയതിയും ഉൾപ്പടെയുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്ന വിഡിയോ ആണ് ആശിർവാദ് സിനിമാസ് പുറത്തു വിട്ടത്.
വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ എന്ന ആമുഖത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ബറോസ്, തുടരും, എംപുരാൻ, ഹൃദയപൂർവം, വൃഷഭ എന്നീ ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് വിഡിയോയിൽ ഉള്ളത്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലർ ചിത്രം ബറോസ് ആണ് പട്ടികയിൽ ആദ്യം ഇടം നേടിയത്. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ചിത്രം തിയേറ്ററുകളിലെത്തും. അടുത്ത വർഷം ജനുവരിയിൽ റിലീസ് ചെയ്യുന്ന ‘തുടരും’ ആണ് 2025ൽ മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന ആദ്യചിത്രം. വർഷങ്ങൾക്കു ശേഷം ശോഭന- മോഹൻലാൽ ജോഡി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തരുൺമൂർത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളം ഇതുവരെ കേട്ടിട്ടില്ലാത്ത ബജറ്റിൽ ഒരുങ്ങുന്ന എംപുരാൻ മാർച്ച് 27നാണ് തിയറ്ററുകളിൽ എത്തുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവീനോ തോമസ്, മഞ്ജു വാരിയർ, പൃഥ്വിരാജ് തുടങ്ങി ഒട്ടനവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തും. ഒരു ഇടവേളയ്ക്കു ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം.
മോഹൻലാലിനെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭ 2025 ഒക്ടോബർ 16ന് റിലീസ് ചെയ്യും. 200 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് വൃഷഭ. നന്ദ കിഷോർ ആണ് സംവിധാനം. സഹ്റ എസ്.ഖാൻ ആണ് നായിക. മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രമാകും വൃഷഭ.
പുലിമുരുകൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പീറ്റർ ഹെയ്നയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം വൃഷഭ 2025 ഒക്ടോബർ 16-നാണ് തിയേറ്ററുകളിലെത്തുന്നത്. 200 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് വൃഷഭ.