ചെയ്തതിനെല്ലാം പലിശ സഹിതം തിരിച്ചുകിട്ടും: ഒളിയമ്പുമായി നയൻതാര
Mail This Article
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷുമായുള്ള നിയമപോരാട്ടം ആരംഭിച്ച ഘട്ടത്തില്‍ നയന്‍താര പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധേയമാകുന്നു. കര്‍മയില്‍ അടിസ്ഥാനമാക്കിയാണ് പോസ്റ്റ്. ‘നുണകള്‍ കൊണ്ട് നിങ്ങള്‍ ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ അതൊരു വായ്പയായി കണക്കാക്കണം. ഇത് പലിശ സഹിതം നിങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കും’, എന്ന അര്‍ഥം വരുന്ന പോസ്റ്റാണ് നയന്‍താര പങ്കുവച്ചത്. ധനുഷുമായുള്ള വിവാദം തന്നെയാണ് ഈ കുറിപ്പിലൂടെ നയന്‍താര ഉദ്ദേശിക്കുന്നത് എന്നാണ് സൂചന.
നയൻതാര: ബിയോണ്ട് ദ് ഫെയറിടെയില്‍’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട ധനുഷിന്റെ വക്കീല്‍ നോട്ടീസിന് നയന്‍താര അഭിഭാഷകന്‍ മുഖേന മറുപടി നല്‍കിയതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിലെ പ്രതികരണം. പകര്‍പ്പാവകാശ ലംഘനം നടന്നിട്ടില്ലെന്ന് നയന്‍താര നല്‍കിയ മറുപടി. ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത് സിനിമയിലെ ദൃശ്യങ്ങളല്ലെന്നും സ്വകാര്യലൈബ്രററിയില്‍ നിന്നുള്ളവയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
‘‘ഒരു ലംഘനവും ഇല്ലെന്നാണ് ഞങ്ങളുടെ പ്രതികരണം. കാരണം ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് തിരശ്ശീലയ്ക്ക് പിന്നിലെ (സിനിമയിൽ നിന്ന്) ഭാഗമല്ല, അത് വ്യക്തിഗത ഭാഗമാണ്. അതിനാൽ, ഇതൊരു ലംഘനമല്ല’’–നയൻതാരയുടെ അഭിഭാഷകന്റെ മറുപടി. കേസിൽ അടുത്ത വാദം മദ്രാസ് ഹൈക്കോടതിയിൽ ഡിസംബർ 2ന് നടക്കും.
നയൻതാരയെയും വിഘ്‌നേഷിനെയും പ്രൊഡക്‌ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്‌സ് ചേമ്പേഴ്‌സിന്റെ മാനേജിങ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നൽകിയത്.
നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ ക്ലിപ്പുകൾ അനധികൃതമായി ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രൊഡക്‌ഷൻ ഹൗസായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടിയാണ് ധനുഷ് കേസ് കൊടുത്തത്. 24 മണിക്കൂറിനുള്ളിൽ നയൻതാര ഈ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധനുഷിന്റെ അഭിഭാഷക സംഘം പ്രസ്താവനയിറക്കിയത്. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
നവംബര്‍ 18നാണ് നെറ്റ്ഫ്ലിക്സ് നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി റിലീസ് ചെയ്തത്. ധനുഷ് നിര്‍മിച്ച്, വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുകയും നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ മേക്കിങ് ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാന്‍ ധനുഷിന്‍റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നയന്‍താര ചിത്രീകരണസമയത്ത് സ്വന്തം മൊബൈലില്‍ പകര്‍ത്തിയ ചില വിഡിയോയും ഡോക്യുമെന്‍ററിയില്‍ ചേര്‍ത്തിരുന്നു.