ADVERTISEMENT

അകാലത്തിൽ അന്തരിച്ച തന്റെ സഹോദരൻ ഷെൽജുവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നുവെന്ന് നടൻ ബൈജു എഴുപുന്ന. പുകവലിയും മദ്യപാനവും തുടങ്ങിയ ദുശ്ശീലങ്ങൾ ഒന്നുമില്ലാത്തയാളായിരുന്നു ഷെൽജുവെന്നും അനുജൻ ആരോഗ്യം നന്നായി ശ്രദ്ധിക്കുമായിരുന്നെന്നും ബൈജു പറയുന്നു. ഹൃദയാഘാതം സംഭവിച്ച അനുജനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നെങ്കിലും രക്ഷപെടുത്താനായില്ല എന്നും ബൈജു പറഞ്ഞു. 

‘കഴിഞ്ഞ ദിവസം ഷെൽജുവിന്റെ വെഡ്ഡിങ് ആനിവേഴ്സറി ആയിരുന്നു. ഞാൻ ഉച്ചയ്ക്ക് അവനെ വിളിച്ചിരുന്നു. അവന്റെ കാറുമായിട്ടാണ് ഞാൻ പോയത്. ഇടുക്കിക്കു പോകുന്ന യാത്രയിൽ തൊടുപുഴ എത്തിയപ്പോൾ ഷെൽജുവിന് ഒട്ടും സുഖമില്ലാതെ വന്നു എന്ന് അറിഞ്ഞു. അവന് അനക്കം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോൾ തന്നെ ലേക്ക്ഷോറിലേക്ക് കൊണ്ടുപോയി. പക്ഷേ നമ്മുടെ റോഡിന്റെ അവസ്ഥ കാരണം എത്തിക്കാൻ കുറച്ചു വൈകി. അവിടെ ചെന്നിട്ട് അവർ ഒരു ഇരുപതു മിനിറ്റോളം ശ്രമിച്ചു.’ ബൈജു പറയുന്നു.  

‘ആരോഗ്യം നന്നായി നോക്കുന്ന ആളാണ്. മദ്യപിക്കില്ല, പുകവലിക്കില്ല, ദുശ്ശീലങ്ങൾ ഒന്നും ഇല്ല. എല്ലാ ദിവസവും വർക്ക്ഔട്ട് ഒക്കെ ചെയ്യും. ശരീരം നന്നായി നോക്കുന്ന ഒരാളാണ്. അവനു ഇപ്പോ 49 വയസ്സായി.  ദൈവം വിളിച്ചാൽ ആരോഗ്യമുണ്ടെന്നോ സമയമെന്നോ ഒന്നും ഇല്ല, ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം വിളിക്കും. അവൻ എന്റെ മമ്മിയുടെ അടുത്തേക്ക് പോയി. രണ്ട് മാസത്തിനു മുൻപ് ഒരു പനി വന്നിരുന്നു. അന്ന് കുറച്ചു ദിവസം ആശുപത്രിയിൽ ആയിരുന്നു. അതിനു ശേഷം അവനു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പ്രഷറും കൊളസ്ട്രോളും ഷുഗറും ഇടയ്ക്കിടെ നോക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഭാര്യ വിചാരിച്ചത് ഷുഗർ കുറഞ്ഞതാണ് എന്നാണ്. പക്ഷേ അതൊരു കാർഡിയാക് അറസ്റ്റ് ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ പൾസ് ഉണ്ടായിരുന്നു, പക്ഷേ ശ്രമിച്ചിട്ടും തിരിച്ചു പിടിക്കാൻ പറ്റിയില്ല. സമയമാകുമ്പോൾ എല്ലാവരും പോയെ പറ്റൂ. ഞാൻ സിനിമയുമായി നടക്കുമ്പോൾ അവനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ബൈജു പറഞ്ഞു.

അനുജന്റെ സംസ്കാരച്ചടങ്ങിനു ശേഷം ടോക്സ് ലെറ്റ് മി ടോക് എന്ന ചാനലിനോടു സംസാരിക്കവെയായിരുന്നു ബൈജുവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു അന്തരിച്ചത്. നാൽപ്പത്തിയൊൻപതുകാരനായ ഷെൽജുവിന്റെ പെട്ടെന്നുള്ള വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി.

English Summary:

Actor Baiju Ezhuppunna says that his brother Shelju, who passed away prematurely, had no major health issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com