ആ നിരാശ മറികടക്കാനെടുത്തത് മൂന്നാഴ്ച; വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി
Mail This Article
മലൈക്കോട്ടൈ വാലിബനു നേരിട്ട വിമർശനങ്ങളോടു പ്രതികരിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുകയെന്നതല്ല, അവരുടെ അഭിരുചികളെ മാറ്റിമറിക്കാനും സംവിധായകനു കഴിയണമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി അഭിപ്രായപ്പെട്ടു. ഗലാട്ട പ്ലസിന്റെ ഡയറക്ടേഴ്സ് റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകൾ: "കുട്ടിക്കാലം മുതൽ സിനിമയിൽ കണ്ട അതിഗംഭീര മുഹൂർത്തങ്ങൾ പുനരാവിഷ്കരിക്കാനാണ് മലൈക്കോട്ടൈ വാലിബനിൽ ശ്രമിച്ചത്. എന്റെ മനസ്സിൽ പതിഞ്ഞ ആ സിനിമകളുടെ ഒരു മൊണ്ടാഷ് ആണ് അത്. ബച്ചൻ സാറും രജനി സാറും സ്ക്രീനിൽ നിറഞ്ഞാടിയ സിനിമകളില്ലേ... കയ്യടിച്ചും വിസലടിച്ചും തിയറ്ററിൽ ആസ്വദിച്ച സിനിമകൾ! മലൈക്കോട്ടൈ വാലിബന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. അതിനെക്കുറിച്ചോർത്ത് സങ്കടപ്പെട്ടത് വെറും മൂന്നാഴ്ചകളാണ്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുകയെന്നതല്ല ഒരു സംവിധായകന്റെ ജോലി. മറിച്ച്, പ്രേക്ഷകരുടെ അഭിരുചികളെ മാറ്റി മറിക്കുവാൻ സംവിധായകനു കഴിയണം. അവരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെ ഉയർത്താൻ കഴിയണം. അതാണ് എന്റെ ശൈലി. സംവിധാനമെന്നാൽ സിനിമ നിർമിക്കുക എന്നതു മാത്രമല്ല. എന്തു കാണണമെന്ന പ്രേക്ഷകരുടെ ചിന്തകളെ സ്വാധീനിക്കുന്നതു കൂടിയാകണം. അതും സംവിധാനത്തിൽ പെടും."
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന് തിയറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. സിനിമയ്ക്കെതിരെ നടന്ന ഹേറ്റ് ക്യാംപയിൻ തന്നെ നിരാശപ്പെടുത്തിയിരുന്നുവെന്ന് ലിജോ തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നു.