ജോലിക്ക് കൂലി അവകാശം, അത് അഹങ്കാരമല്ല; പ്രതികരിച്ച് നീന പ്രസാദ്
Mail This Article
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ നടി പ്രതിഫലം ചോദിച്ചതിൽ തെറ്റില്ല എന്ന് നർത്തകി നീന പ്രസാദ്. ഒരുത്തർ ചെയ്യുന്ന ജോലിക്ക് പ്രതിഫലം വാങ്ങാൻ അവർക്ക് അവകാശമുണ്ട്. അതിൽ മറ്റൊരാൾ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന് നീന പ്രസാദ് മനോരമ ന്യൂസിനോട് പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി ശിവൻകുട്ടിയുടെ ആരോപണം വലിയ വിവാദമായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നർത്തകിയായ നീന പ്രസാദ് സ്വന്തം നിലപാട് വ്യക്തമാക്കിയത്.
"സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ നടി പ്രതിഫലം ചോദിച്ചതിൽ തെറ്റില്ല. ഓരോരുത്തർ അവരവരുടെ വർക്കിന് നൽകുന്ന മൂല്യമാണ് അത്. അതിനെക്കുറിച്ച് മറ്റൊരാൾ അഭിപ്രായം ചോദിക്കുന്നത് തന്നെ ശരിയല്ല. അങ്ങനെ ഒരാൾ അഭിപ്രായം പറയുന്നതും ശരിയല്ല," നീന പ്രസാദ് പറഞ്ഞു.
സ്കൂൾ കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരിൽ ചിലർ അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. ‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നു വന്ന ഒരു പ്രശസ്ത സിനിമാനടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ സമ്മതിച്ച അവർ 5 ലക്ഷം രൂപ പ്രതിഫലം ചോദിച്ചു എന്ന് ശിവൻ കുട്ടി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ശിവൻ കുട്ടി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവന വിവാദമായപ്പോൾ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിനിമാരംഗത്തെ പ്രമുഖരായ ആശാ ശരത്, സുധീർ കരമന , ആർ എൽ വി രാമകൃഷ്ണൻ എന്നിവർ എത്തിയിരുന്നു.