അല്ലു എന്ന ബ്രാൻഡ്; ഏറ്റവും വേഗത്തിൽ ആയിരം കോടി നേടുന്ന ഇന്ത്യൻ ചിത്രമായി പുഷ്പ 2
Mail This Article
ഏറ്റവും വേഗത്തിൽ ആയിരം കോടി നേടി പുഷ്പ 2. റിലീസ് ചെയ്ത് 6 ദിവസത്തിനുള്ളിലാണ് പുഷ്പ 2 ദി റൂൾ എന്ന സിനിമ 1000 കോടി ക്ലബ്ബിൽ കയറിയത്. ആദ്യഭാഗത്തിന്റെ മുഴുവന്‍ കലക്ഷനെയും മറികടന്നുള്ള കുതിപ്പാണ് പുഷ്പ–2വിന്റേത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ പല റെക്കോര്‍ഡുകളും പഴങ്കഥയായി.
ഇതിനു മുൻപ് 1000 കോടി നേടിയ ഇന്ത്യൻ സിനിമകൾ ബാഹുബലി 2 ദി കൺക്ലൂഷൻ, ദംഗൽ, ആർ ആർആർ, കെ ജി എഫ്, കൽക്കി, പഠാൻ, ജവാൻ എന്നിവയാണ്.
അഞ്ചു ദിവസം കൊണ്ടാണ് ഷാറുഖ് ഖാന്‍റെ 'പഠാൻ' ആഗോള തലത്തിൽ 500 കോടി ക്ലബ്ബിൽ ഇടം നേടിയത്. 'ജവാന്‍' 13 ദിവസവും 'സ്ത്രീ 2' 22 ദിവസവും 'ഗദ്ദര്‍ 2' 24 ദിവസവും എടുത്താണ് 500 കോടി ക്ലബിലെത്തിയത്. 12 ദിവസം കൊണ്ട് വിജയ് നായകനായ ലിയോ 500 കോടി നേട്ടം കൈവരിച്ചിരുന്നു. ഈ കണക്കുകൾക്കു മേലെയാണ് ഇപ്പോൾ 'പുഷ്പ'യുടെ റെക്കോർഡ് കലക്‌ഷൻ. ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. തിയറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കമാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും പദ്ധതിയിട്ടിരുന്നത്. അത് ഏറെ ഫലം കണ്ടു എന്നാണ് കലക്ഷൻ സൂചിപ്പിക്കുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തിയ 'പുഷ്പ 2: ദ റൂൾ' ബോക്സോഫിസ് കൊടുങ്കാറ്റായി മാറുമെന്ന കണക്കുകൂട്ടൽ തെറ്റയിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർത്തിരിക്കുകയാണ്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ഇതിന്‍റെ തുടർച്ചയായി എത്തിയ പുഷ്പ 2വിന് മുന്നിൽ സകല റെക്കോർഡുകളും കടപുഴകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ്, മാർക്കറ്റിങ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പിആർഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിങ്: ഫസ്റ്റ് ഷോ.