'പറഞ്ഞത് ബോധ്യമുള്ള കാര്യങ്ങൾ'; ആവർത്തിച്ച് ആർ. ശ്രീലേഖ
Mail This Article
ബോധ്യമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് ആവർത്തിച്ച് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ. ദിലീപിനെതിരെ കോടതിയിൽ തെളിവില്ലെന്ന ആര്‍. ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ അതിജീവിത നിയമനടപടി സ്വീകരിച്ച സാഹചര്യത്തിൽ മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു അവർ. "'എനിക്ക് ആരേയും പേടിയില്ല. പറയുന്നവർ പറയട്ടെ. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് ബോധ്യമുണ്ട്,'' ആര്‍.ശ്രീലേഖ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവുകളില്ലെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ ആരോപണമുന്നയിച്ചിരുന്നെന്നും ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത കോടതിയെ സമീപിച്ചത്.
ശ്രീലേഖയുടെ വാക്കുകൾ ഇങ്ങനെ: ''സത്യത്തിന്‍റെ, ദിലീപിന്‍റെ പക്ഷത്താണ് ഞാൻ, അയാൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന ബോധ്യം എനിക്ക് ആ സമയത്ത് തന്നെ വന്നിരുന്നു. ഈ കേസിൽ ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ടെനിക്ക്. ഞാൻ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതും കണ്ടെത്തിയ വസ്തുതകളും അതാണ്. അതൊക്കെ ഏതെങ്കിലും അവസരത്തിൽ പറയണമല്ലോ, അതാണ് പറഞ്ഞത്. ചാനലിലൂടെ ഇതൊക്കെ വെളിപ്പെടുത്തുമ്പോൾ ഇപ്പോൾ ഇതൊക്കെ പറയണോയെന്ന ചിന്ത ഉണ്ടായിരുന്നു. കേസ് തീരാൻ കാത്ത് നിൽക്കണോയെന്നായിരുന്നു ആലോചന. എന്നാൽ ഈ കേസ് തീരാൻ പോകുന്നില്ലെന്ന് എനിക്ക് അറിയാമായിരുന്നു. കാരണം, തീർന്നാൽ ചീട്ടുകൊട്ടാരം പോലെ ഈ കേസ് പൊളിയും,അതുകൊണ്ട് ഉൾവിളി വന്നപ്പോൾ ആണ് ഞാൻ തുറന്ന് പറഞ്ഞത്. എന്‍റെ മുൻപിൽ വരുന്ന കേസുകളിലെല്ലാം തന്നെ മറുഭാഗം ഞാൻ കാണും, ഇരയുടേയും പ്രതിയുടേയും ഭാഗത്ത് നിന്ന് നോക്കിയാലേ കുറ്റത്തെ കുറിച്ചുള്ള പൂർണ ചിത്രം കിട്ടൂ എന്ന ബോധ്യം എനിക്കുണ്ട്. ദിലീപിന്‍റെ കേസിലും അതാണ് ഞാൻ സ്വീകരിച്ചത്. ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഞാൻ അവൾക്കൊപ്പമാണ് നിൽക്കേണ്ടത്. ദിലീപിനെ അവശനിലയിൽ ജയിലിൽ കാണുന്നത് വരെ ഞാൻ അങ്ങനെ തന്നെയാണ് നിന്നത്. കേസിനെ കുറിച്ച് പഠിച്ചപ്പോഴാണ് എനിക്ക് മനസിലായത്. ഒരു ഡിഐജിയാണ് പറഞ്ഞത്, ദിലീപിനെതിരെ നമ്മൾ തെളിവുകൾ ഉണ്ടാക്കിയതാണെന്ന്, അവിശ്വസനീയമായിരുന്നു അത്. ദിലീപിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നു. ഞാൻ പറയുന്നത് ശരിയാണെന്ന് അവർക്കറിയാം. പക്ഷെ അവർ അത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല."