കിടപ്പുമുറി വരെ എത്തി കസ്റ്റഡിയിലെടുത്തത് ശരിയായില്ല, വസ്ത്രം മാറാനും അനുവദിച്ചില്ല: പൊലീസിനോട് എതിർപ്പ് പ്രകടമാക്കി അല്ലു
Mail This Article
അറസ്റ്റ് ചെയ്യാനായി ഹൈദരാബാദിലെ വസതിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് തന്റെ എതിര്‍പ്പ് പ്രകടമാക്കി അല്ലു അർജുൻ. വീട്ടിലെത്തി തന്നെ അറസ്റ്റ് ചെയ്തതിലുള്ള നീരസമാണ് താരം തുറന്നു പറഞ്ഞത്. ‘‘എന്നെ അറസ്റ്റ് ചെയ്തതിൽ തെറ്റൊന്നുമില്ല. എന്നാൽ, ബെഡ്റൂമിനടുത്തു നിന്ന് കസ്റ്റഡിയിലെടുക്കുന്നത് ശരിയായില്ല, വസ്ത്രം മാറാൻ പോലും നിങ്ങൾ സമയം തന്നില്ല,’’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
അറസ്റ്റു ചെയ്യാൻ പൊലീസ് എത്തിയപ്പോൾ വസ്ത്രം മാറാൻ അനുവദിക്കണമെന്ന് അല്ലു അഭ്യർഥിച്ചിരുന്നു. എന്നാൽ, അല്ലു രക്ഷപ്പെടാൻ ശ്രമിക്കുമെന്ന് കരുതി നിരവധി പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കിടപ്പുമുറിയിലേക്ക് പിന്തുടർന്നു. കിടപ്പുമുറിക്ക് പുറത്ത് ഇത്രയധികം ഉദ്യോഗസ്ഥർ നിന്നതാണ് താരത്തെ അസ്വസ്ഥനാക്കിയത്. കൂടാതെ, പിതാവ് പൊലീസ് വാഹനത്തിൽ താരത്തിനൊപ്പം കയറാൻ ശ്രമിച്ചപ്പോൾ, അദ്ദേഹത്തിന്റെ സാന്നിധ്യം തെറ്റിദ്ധാരണകൾക്ക് കാരണമായേക്കാമെന്ന ആശങ്ക ചൂണ്ടിക്കാട്ടി പൊലീസ് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
അല്ലുവിനെ പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വീടിന് അകത്തു നിന്നും പൊലീസ് ഉദ്യോഗസ്ഥരോടു സംസാരിച്ച് പുറത്തേക്കു വരുന്ന അല്ലുവിനെ ഇപ്പോൾ പുറത്തുവരുന്ന വിഡിയോയിൽ കാണാം. അതിനിടയിൽ, സ്റ്റാഫിലൊരാൾ താരത്തിന് കോഫി കൊണ്ടു കൊടുക്കുന്നുണ്ട്. താരം കോഫി കുടിച്ചു കഴിയുന്നതു വരെ പൊലീസ് കാത്തു നിന്നു. അതിനു ശേഷമാണ് വാഹനത്തിൽ കയറ്റിയത്.
പൊലീസിനെ കണ്ട് ആശങ്കപ്പെടുന്ന ഭാര്യ സ്നേഹ റെഡ്ഡിയെ ആശ്വസിപ്പിക്കുന്ന അല്ലു അർജുനെയും വിഡിയോയിൽ കാണാം. പൊലീസ് വണ്ടിയിൽ കയറുന്നതിനു മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകിയാണ് അല്ലു സമാധാനിപ്പിക്കുന്നത്. സ്നേഹയുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു. അല്ലു അർജുന്റെ സഹോദരൻ അല്ലു സിരിഷ്, അച്ഛൻ അല്ലു അരവിന്ദ് എന്നിവരും സമീപത്തുണ്ട്.
അല്ലുവിനെ കൊണ്ടുവരാനെത്തിയ പൊലീസ് ജീപ്പിൽ ആദ്യം കയറിയത് അച്ഛൻ അല്ലു അരവിന്ദ് ആണ്. എന്നാല്‍ അച്ഛനെ സ്നേഹത്തോടെ തന്നെ വണ്ടിയിൽ നിന്നും അല്ലു തിരിച്ചിറക്കുന്നുണ്ട്. പൊലീസ് ജീപ്പിൽ അല്ലു അർജുൻ മാത്രമാണ് കയറിയത്. പൊലീസ് വാഹനത്തിൽ അച്ഛൻ കൂടി കയറിയാൽ, അദ്ദേഹവും അറസ്റ്റിലായെന്ന് തെറ്റിദ്ധാരണ ജനിപ്പിക്കുമെന്ന പൊലീസിന്റെ നിർദേശത്തെ തുടർന്നാണ് അല്ലു അർജുൻ അച്ഛനെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയത്. നല്ലതായാലും മോശമായാലും അതിന്റെ ക്രെഡിറ്റ് ഞാനൊറ്റയ്ക്ക് ഏൽക്കാമെന്നായിരുന്നു അല്ലു അച്ഛനോടു പറഞ്ഞത്.