അല്ലു അർജുനെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യാപിതാവ്; കടത്തിവിടാതെ പൊലീസ്
Mail This Article
‘പുഷ്പ 2: ദ റൂൾ’ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ അല്ലു അർജുനെ കാണാൻ ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസ് സ്റ്റേഷനകത്തേക്കു പ്രവേശിക്കാൻ ചന്ദ്രശേഖർ റെഡ്ഡിക്ക് പൊലീസ് അനുവാദം നിഷേധിച്ചു. പൊലീസ് സ്റ്റേഷനു മുന്നിൽ നിരവധി ആരാധകരും തമ്പടിച്ചിട്ടുണ്ട്.
അല്ലു അർജുനെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ശേഷം താരത്തിന്റെ ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ച അദ്ദേഹം മരുമകന്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പൊലീസ് സ്‌റ്റേഷനിൽ തന്നെയും പ്രവേശിപ്പിക്കാൻ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു, "ഇൻസ്‌പെക്ടർ, ദയവായി ഞങ്ങളെ അകത്തേക്ക് വിടൂ. ഞങ്ങൾ ഒരു പ്രശ്നവും ഉണ്ടാക്കില്ല. ദയവു ചെയ്ത് അകത്തേക്ക് കടത്തി വിടൂ,'' എന്ന് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി പൊലീസിനോട് ആവശ്യപ്പെടുന്നത് വിഡിയോയിൽ കേൾക്കാം.
പുഷ്പ 2ന്റെ പ്രീമിയറിനിടെ, തിക്കിലും തിരക്കിലും പെട്ടു 35 കാരിയായ സ്ത്രീ മരിച്ച സംഭവത്തിൽ മരിച്ചയാളുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സെക്ഷൻ 105, 118 (1) പ്രകാരം ചിക്കാട്ട്പള്ളി പൊലീസ് സ്റ്റേഷനിൽ അല്ലുവിനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയറ്റർ മാനേജ്‌മെന്റിനുമെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
സന്ധ്യ തിയേറ്റർ ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തി മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അല്ലു അർജുൻ പറഞ്ഞിരുന്നു. അല്ലു അർജുൻ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്, “സന്ധ്യ തിയറ്ററിലെ ദാരുണമായ സംഭവത്തിൽ എന്റെ ഹൃദയം തകർന്നു. ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും അവർക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ യാത്രയിൽ അവരെ സഹായിക്കാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്.''
അല്ലു അർജുനും അദ്ദേഹത്തിന്റെ ടീമിനും തിയറ്റർ മാനേജ്‌മെൻന്റിനുമെതിരെ മരിച്ചയാളുടെ കുടുംബം പരാതി നൽകിയിരുന്നു. തുടർന്നാണ് താരത്തിനെതിരെ എഫ്ഐആറിട്ട് അന്വേഷണം ആരംഭിച്ചത്. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കാൻ താരം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ തുടർനടപടികളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു താരം ഹൈക്കോടതിയെ സമീപിച്ചത്.
എഫ്ഐആർ ഫയൽ ചെയ്തതിനെത്തുടർന്ന്, എഫ്ഐആർ റദ്ദാക്കാൻ താരം അപേക്ഷ നൽകുകയും അറസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ തുടർനടപടികളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു എങ്കിലും കുടുംബം കേസുമായി മുന്നോട്ടു പോകുകയായിരുന്നു.