അല്ലുവിനെ കണ്ട് കണ്ണീരടക്കാനാകാതെ സ്നേഹ റെഡ്ഡി; ഓടിയെത്തി മകൻ അയാൻ; വിഡിയോ
Mail This Article
ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച് സ്വന്തം വസതിയിലെത്തിയ അല്ലു അർജുനെ കണ്ട് വികാരനിർഭരയായി ഭാര്യ സ്നേഹ റെഡ്ഡി. അല്ലുവിനെ കണ്ടതും സ്നേഹ ഓടിവന്ന് ആലിംഗനം ചെയ്യുകയായിരുന്നു. സന്തോഷം കൊണ്ട് കണ്ണുനിറയുന്നതും കാണാം.
അമ്മയുടെ സ്നേഹം കണ്ട് സന്തോഷിക്കുന്നുണ്ട് മക്കളായ അയാനും അർഹയും. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ വസതയിലെത്തിയാണ് പൊലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് ആശങ്കപ്പെടുന്ന സ്നേഹയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പൊലീസ് വണ്ടിയിൽ കയറുന്നതിനു മുമ്പ് ഭാര്യയ്ക്ക് സ്നേഹ ചുംബനം നൽകിയാണ് അല്ലു സമാധാനിപ്പിച്ചത്. സ്നേഹയുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു.
പുഷ്പ 2 സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തിലാണ് അല്ലു അറസ്റ്റിലാകുന്നത്. ജാമ്യം ലഭിച്ചിട്ടും അല്ലു ജയിലിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി മുഴുവൻ അദ്ദേഹം ജയിലിലാണ് കഴിഞ്ഞത്. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്‍റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തത് കാരണമാണ് നടനെ, ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. ഒടുവിൽ ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇന്ന് രാവിലെ ലഭിച്ചതോടെയാണ് അദ്ദേഹം ജയിലിൽ നിന്നും പുറത്തേക്കിറങ്ങുന്നത്.
നൂറുകണക്കിന് ആരാധകരാണ് അല്ലു അറസ്റ്റിലായതിനെ തുടർന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയത്. പൊലീസിന്‍റെ നാടകീയ നീക്കത്തില്‍ തെലുങ്ക് സിനിമാ ലോകവും നടുങ്ങി. സൂപ്പര്‍താരം ചിരഞ്ജീവിയടക്കം ചിത്രീകരണം നിര്‍ത്തിവച്ചു. ആരാധകര്‍ സംഘടിച്ചതും സ്ഥിതിഗതികള്‍ ആശങ്കാകുലമാക്കി.
കേസില്‍ തിയേറ്റര്‍ ഉടമ, മാനേജര്‍, സുരക്ഷാ മേധാവി തുടങ്ങിയവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈമാസം നാലിന് രാത്രി പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് മുപ്പത്തൊന്‍പതുകാരി മരിച്ചത്. സിനിമ കാണാനെത്തിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആരാധകരുടെ ശ്രമമാണു അത്യാഹിതമുണ്ടാക്കിയത്.