ADVERTISEMENT

പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പാൻ ഇന്ത്യൻ താരം അല്ലു അർജുനെ വീട്ടിലെത്തി തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത് രാജ്യമൊട്ടാകെ ചർച്ചയായി. ജാമ്യം ലഭിച്ചതിനെ തുടർന്ന് താരം പുറത്തിറങ്ങിയെങ്കിലും അല്ലുവിന്റെ അറസ്റ്റ് തെലങ്കാന സർക്കാരും ടോളിവുഡും തമ്മിലുള്ള ശീതസമരത്തെ പരസ്യമാക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിക്ക് സിനിമാക്കാരോട് എന്താണ് പ്രശ്നം എന്നാണ് ആരാധകർ ഉന്നയിക്കുന്ന ചോദ്യം. 

അധികാരത്തിൽ എത്തിയതു മുതൽ സിനിമ വ്യവസായത്തോട് ഒട്ടും അനുഭാവമില്ലാത്ത ഇടപെടലുകളാണ് രേവന്ത് റെഡ്ഡി നടത്തിയത്. സിനിമാതാരങ്ങളെ അന്ധമായി ആരാധിക്കുകയും അഭിപ്രായരൂപീകരണത്തിൽ താരസ്വാധീനം പ്രകടമാക്കുകയും ചെയ്യുന്ന ആന്ധ്രയിയിലെയും തെലങ്കാനയിലെയും ജനങ്ങളെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയുടെ നിലപാടുകൾ അമ്പരപ്പുളവാക്കുന്നതായിരുന്നു. സർക്കാർ ആരെയും ഭയക്കുന്നില്ല എന്നു സ്ഥാപിക്കാൻ വേണ്ടിയുള്ള തന്ത്രങ്ങളാണ് ഈ നടപടികളെന്ന വിമർശനവും ഉയർന്നു. എന്നാൽ, സിനിമാക്കാർ മുഖ്യമന്ത്രിയെ വേണ്ടവിധം ഗൗനിക്കാതിരുന്നതാണ് ഈ പ്രശ്നങ്ങൾക്കു കാരണമെന്നും ചിലർ ചൂണ്ടിക്കാട്ടി. ബോധവൽക്കരണ വിഡിയോകളിൽ പ്രത്യക്ഷപ്പെടാൻ താരങ്ങളെ നിർബന്ധിക്കുന്നതു മുതൽ നന്ദി പുരസ്കാരത്തിന് ബദലായി മറ്റൊരു പുരസ്കാരം ഏർപ്പെടുത്താനുള്ള നിർദേശം ഉൾപ്പടെ വലുതും ചെറുതുമായ നിരവധി ഇടപെടലുകൾ മുഖ്യമന്ത്രി നടത്തിയത് വലിയ ചർച്ചകൾക്കാണ് ടോളിവുഡിൽ തുടക്കമിട്ടത് 

അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും. മക്കള്‍ സമീപം
അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും. മക്കള്‍ സമീപം

അനുമതിക്ക് നിബന്ധനകൾ

ലഹരിമരുന്ന് ദുരുപയോഗത്തെയും സൈബർ കുറ്റകൃത്യങ്ങളെയും കുറിച്ച് ബോധവൽക്കരണ വിഡിയോകൾ തയാറാക്കിയാൽ മാത്രമേ സിനിമാനിർമാണത്തിന് ആവശ്യമായ അനുമതികളും സൗകര്യങ്ങളും സർക്കാർ നൽകൂ എന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചത് സിനിമാക്കാർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വലിയ ബജറ്റിലുള്ള സിനിമകൾ ചെയ്യാനുള്ള ഉത്സാഹം സമൂഹത്തോടുള്ള ചില ഉത്തരവാദിത്തങ്ങൾ പാലിക്കുന്നതിലും കാണിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ലഹരിമരുന്ന് ദുരുപയോഗം സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഇത്തരം വിഡിയോകൾ ഓരോ സിനിമയും ആരംഭിക്കുന്നതിന് മുമ്പ് കാണിക്കണം എന്ന ആവശ്യം കൂടി നിർബന്ധമാക്കാൻ തുനിഞ്ഞതോടെ തെലുങ്കു സിനിമാലോകം പ്രധിഷേധം പരസ്യമാക്കി.  

അറസ്റ്റിലായ അല്ലു അർജുനെ വൈദ്യപരിശോധനയ്ക്കു ശേഷം ആശുപത്രിയിൽനിന്നു പുറത്തേക്കു കൊണ്ടുവരുമ്പോൾ ആരാധകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: പിടിഐ
അറസ്റ്റിലായ അല്ലു അർജുനെ വൈദ്യപരിശോധനയ്ക്കു ശേഷം ആശുപത്രിയിൽനിന്നു പുറത്തേക്കു കൊണ്ടുവരുമ്പോൾ ആരാധകരെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: പിടിഐ

''സിനിമാ പ്രവർത്തകർ ടിക്കറ്റ് നിരക്കു വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതിൽ ഒരു പ്രശ്നവുമില്ല. ഇത് ബിസിനസിന്റെ അവിഭാജ്യ ഘടകമാണ്. എന്നിരുന്നാലും, സാമൂഹിക അവബോധം പ്രോത്സാഹിപ്പിക്കുന്ന വിഡിയോകൾ സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യുന്നതിലൂടെ സാമൂഹിക ഉത്തരവാദിത്തം പ്രകടിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലഹരിമരുന്ന് ഭീഷണിയും സൈബർ കുറ്റകൃത്യങ്ങളും സംബന്ധിച്ച ഈ ന്യൂസ് റീൽ തിയറ്ററുകളിൽ സിനിമകൾ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ഫീസ് ഈടാക്കാതെ പ്രദർശിപ്പിക്കണമെന്ന് സംസ്ഥാനത്തെ എല്ലാ തിയറ്റർ ഉടമകളോടും ഞാൻ അഭ്യർഥിക്കുന്നു,” എന്നാണു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞത്.

സമൂഹത്തിനു നന്മ വരുത്തുന്ന വിഡിയോകൾ ചെയ്യുന്നതിനെ സിനിമാലോകം സ്വാഗതം ചെയ്തെങ്കിലും ഇവ ചെയ്താലെ സിനിമ ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിക്കൂ എന്ന കർക്കശ നിലപാട് പലരും ചോദ്യം ചെയ്തു. 

അറസ്റ്റിലായ അല്ലു അർജുനെ വൈദ്യപരിശോധനയ്ക്കു ശേഷം ആശുപത്രിയിൽനിന്നു പുറത്തേക്കു കൊണ്ടുവരുന്നു. ചിത്രം: പിടിഐ
അറസ്റ്റിലായ അല്ലു അർജുനെ വൈദ്യപരിശോധനയ്ക്കു ശേഷം ആശുപത്രിയിൽനിന്നു പുറത്തേക്കു കൊണ്ടുവരുന്നു. ചിത്രം: പിടിഐ

മുഖം നോക്കാത്ത ‘പൊളിച്ചു മാറ്റൽ’

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം, നടൻ നാഗാർജുനയുടെ ‘എൻ കൺവെൻഷൻ സെന്റർ’ നിയമലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തെലങ്കാന സർക്കാർ പൊളിച്ചുമാറ്റിയിരുന്നു. ഈ പ്രവൃത്തി തന്നെ വേദനിപ്പിച്ചെന്നും എല്ലാ മാർഗനിർദേശങ്ങളും പാലിച്ചാണ് കൺവെൻഷൻ സെന്റർ നിർമാണം നടത്തിയതെന്നും നാഗാർജുന പ്രതികരിച്ചു. സർക്കാർ ഏകപക്ഷീയമായി കെട്ടിടം പൊളിക്കുകയായിരുന്നു എന്നായിരുന്നു നാഗാർജുനയുടെ ആരോപണം. എന്നാൽ അന്നു നാഗാർജുനയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ തെലുങ്ക് സിനിമയിലെ പ്രമുഖർ അൽപം വൈമനസ്യം കാണിച്ചുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

നിർമാണപ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്ന സ്ഥലത്താണ് നാഗാർജുനയുടെ കൺവെൻഷൻ സെന്റർ എന്നാണ് സർക്കാരിന്റെ വാദം. തടാകത്തിന്റെ ബഫർ സോണിലായിരുന്നു കൺവെൻഷൻ സെന്റർ നിർമിച്ചിരുന്നത്. ഇവിടെ അനധികൃതമായി കയ്യേറി നിർമാണപ്രവർത്തനം നടത്തിയതിനാലാണ് കൺവെൻഷൻ സെന്റർ പൊളിച്ചു നീക്കിയതെന്ന് സർക്കാർ പറയുന്നു. ഏത് വമ്പൻ കക്ഷികൾക്കെതിരെയും നടപടിയെടുക്കാൻ കെൽപ്പുള്ള സർക്കാരാണ് നിലവിലുള്ളത് എന്ന പൊതുജനാഭിപ്രായം രൂപീകരിക്കാനാണ് തെലങ്കാന സർക്കാർ ഈ നടപടിയെ ഉപയോഗിച്ചത്. 

allu-arjun-father-in-law

നന്ദി പുരസ്കാരത്തിന് ബദലായി ‘ഗദ്ദർ’

ആന്ധ്രാപ്രദേശും തെലങ്കാനയുമായി പിരിഞ്ഞെങ്കിലും തെലുങ്ക് സിനിമകൾക്കുള്ള വിഖ്യാതമായ നന്ദി പുരസ്കാരങ്ങൾ പഴയ രീതിയിൽ തന്നെയായിരുന്നു നൽകി വന്നിരുന്നത്. എന്നാൽ, തെലങ്കാനയ്ക്കു മാത്രമായി ‘ഗദ്ദർ അവാർഡ്’ നൽകാനുള്ള നിർദേശം മുഖ്യമന്ത്രി മുന്നോട്ടു വച്ചു. തെലുങ്ക് സിനിമയുടെ പ്രൗഢമായ ചരിത്രം വരെ ഇഴചേർന്നു കിടക്കുന്ന ഒന്നാണ് നന്ദി പുരസ്കാരം. ഐക്യ ആന്ധ്രയുടെ തിളക്കാമർന്ന അവശേഷിപ്പായി സാംസ്കാരികലോകം ഹൃദയത്തോടു ചേർത്തു നിറുത്തിയിരിക്കുന്ന നന്ദി പുരസ്കാരത്തിന് ബദലെന്ന ആശയത്തിന് കാര്യമായ പിന്തുണ നേടിയെടുക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. പുതിയ സംരംഭം എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകാൻ തെലുങ്ക് സിനിമാ വ്യവസായത്തോട് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നുവെങ്കിലും ആ തീരുമാനത്തോടു തെലുങ്കു സിനിമാ വ്യവസായം പ്രതികരിച്ചില്ല. 

അല്ലു അർ‌ജുനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങൾ. വിഡിയോ ദൃശ്യം. Photo: X
അല്ലു അർ‌ജുനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങൾ. വിഡിയോ ദൃശ്യം. Photo: X

സിനിമാലോകത്തിന്റെ ഈ തണുപ്പൻ പ്രതികരണത്തിൽ മുഖ്യമന്ത്രി തന്റെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. "തെലുങ്ക് സിനിമാ വ്യവസായത്തിലെ സംഭാവനകളെയും നേട്ടങ്ങളെയും ആദരിക്കുന്നതിനുള്ള മാർഗമായാണ് ഞങ്ങൾ ഗദ്ദർ അവാർഡുകൾ പ്രഖ്യാപിച്ചത്. എന്നാൽ സിനിമാ വ്യവസായ പ്രമുഖരിൽ നിന്നു പ്രതികരണം ഉണ്ടാകാത്തത് നിരാശാജനകമാണ്," എന്നായിരുന്നു വിഷയത്തിൽ രേവന്ത് റെഡ്ഡിയുടെ പ്രതികരണം.

2023 ഓഗസ്റ്റിൽ അന്തരിച്ച തെലങ്കാനയിലെ വിപ്ലവഗായകൻ ഗദ്ദറിന് ആദരസൂചകമായിട്ടാണ് പുതുതായി ഏർപ്പെടുത്താനുദ്ദേശിക്കുന്ന പുരസ്കാരത്തിന് അദ്ദേഹത്തിന്റെ പേരു നൽകാമെന്ന് മുഖ്യമന്ത്രി നിർദേശിച്ചത്. തെലങ്കാനയുടെ സംസ്ഥാന പദവിക്കായുള്ള മുന്നേറ്റത്തിൽ പ്രധാന പങ്കു വഹിച്ച കവിയും ആക്ടിവിസ്റ്റുമായിരുന്നു ഗുമ്മാഡി വിട്ടൽ റാവു എന്ന ഗദ്ദർ. മാവോയിസ്‌റ്റ്‌ സംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്– ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദർ. അതിന്റെ സാംസ്കാരിക സംഘടനയായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. ചുമലിൽ കമ്പിളിപ്പുതപ്പും കാലിൽ ചിലങ്കയും കൈയിൽ ചെങ്കൊടികെട്ടിയ മുളവടിയുമായി രാജ്യത്തെ വിവിധ വേദികളിൽ കവിത പാടിയും സംസാരിച്ചും നടന്ന കവി പിന്നീട് മാവോയിസ്റ്റ് ബന്ധം വിച്ഛേദിച്ചിരുന്നു. 

അല്ലു അർജുന്റെ വസതിയിൽ നിന്നും
അല്ലു അർജുന്റെ വസതിയിൽ നിന്നും

സിനിമാക്കാർക്കെന്താ കൊമ്പുണ്ടോ?

ചെറുതും വലുതുമായ ഇത്തരം പ്രശ്നങ്ങൾ പലയിടങ്ങളിൽ ചർച്ചയാകുന്നതിന് ഇടയിലാണ് പുഷ്പ 2 റിലീസ് ആകുന്നതും ദൗർഭാഗ്യകരമായ സംഭവം നടക്കുന്നതും. റിലീസ് ദിനത്തിലെ തിരക്കിൽപ്പെട്ട് സ്ത്രീ മരിച്ചത് രാജ്യത്തെയൊന്നാകെ നടുക്കിയ സംഭവമായിരുന്നു. ഇതിനെത്തുടർന്ന് അല്ലു അർജ്ജുനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുക മാത്രമല്ല, അപ്രതീക്ഷിതമായി താരത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അല്ലു അർജുന്റെ അറസ്റ്റ് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കി. താരത്തിന് നേരിട്ടു പങ്കില്ലാത്തെ വിഷയത്തിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനു മേൽ അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും വിമർശനം ഉയർന്നു. തുടർന്ന് വിശദീകരണവുമായി രേവന്ത് റെഡ്ഡി നേരിട്ടെത്തി. 

രേവന്ത് റെഡ്ഡിയുടെ വാക്കുകൾ: "ഈ രാജ്യത്ത് സൽമാൻ ഖാനും സഞ്ജയ് ദത്തും എന്തുകൊണ്ട് അറസ്റ്റിലായെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇവിടെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രിക്കു വരെ ഒരു ഭരണഘടനയാണുള്ളത്. അംബേദ്ക്കറിന്റെ ഭരണഘടന പ്രകാരം എല്ലാവർക്കും ഒരേ നിയമ സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നത്. ആ സംഭവം നടന്ന ഉടനെ തന്നെ തിയറ്റർ ഉടമകളെയും മാനേജ്െമന്റിനെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പത്ത് ദിവസം കഴിഞ്ഞാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നത്. പിന്നീട് കോടതി ജാമ്യം അനുവദിച്ചു. ഇവിടെ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടു. ദാരുണമായ സംഭവം നടന്നതിനുശേഷം കേസെടുത്തില്ലെങ്കിൽ നിങ്ങൾ എന്താകും പറയുക? സിനിമാ നടനായി വേറെ നിയമമുണ്ടോ? സാധാരണക്കാരനായിരുന്നെങ്കിൽ ആദ്യം തന്നെ പിടിച്ച് ജയിലിൽ ഇട്ടേനെ എന്നിങ്ങനെയുള്ള ചർച്ചകളുണ്ടാകും. ഒരു ക്രൈം നടന്നു. അതിന് ഉത്തരവാദി ആരെന്നു മാത്രമാണു സർക്കാർ നോക്കുന്നത്. അയാൾ സിനിമാ നടനാണെന്നോ രാഷ്ട്രീയക്കാരനാണെന്നോ നോക്കാറില്ല." 

അല്ലു അർജുനും ഭാര്യ സ്നേഹയും
അല്ലു അർജുനും ഭാര്യ സ്നേഹയും

"അല്ലു അർജുൻ തിയറ്ററിലെത്തി സിനിമ കണ്ടശേഷം മടങ്ങിയിരുന്നെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. എന്നാൽ തിയറ്ററിലെത്തിയ താരം തന്റെ കാറിനു മുകളിൽ നിന്ന് ആരാധകരെ നോക്കി കൈവീശുകയായിരുന്നു. അവിടെ ഒരു കോലാഹലം സൃഷ്ടിച്ചു. അതുകൊണ്ടാണ് അദ്ദേഹത്തെ കേസിൽ പതിനൊന്നാം പ്രതിയാക്കിയത്. ആരാണ് ഇതിന് ഉത്തരവാദി? ഇതിൽ സർക്കാരിനും പൊലീസിനും ഉത്തരവാദിത്തമില്ലേ? ഇതൊരു സിനിമ മാത്രമാണ്. അവർക്കു വേണമെങ്കിൽ സ്റ്റുഡിയോയിൽ തന്നെ സ്പെഷൽ ഷോ നടത്താമായിരുന്നു. ഹോം തിയറ്ററുകൾ ഒക്കെ എല്ലായിടത്തും ഉണ്ട്. വീട്ടിലിരുന്ന് തന്നെ കാണാമായിരുന്നല്ലോ. പൊതുസ്ഥലത്ത് പോകുമ്പോൾ തീർച്ചയായും പൊലീസിനെ അറിയിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ പൂർണ സുരക്ഷയോടെ തന്നെ ഇതെല്ലാം നടന്നേനെ. ഇപ്പോൾ ഞാൻ തന്നെ ആരോടും പറയാതെ അപ്രതീക്ഷിതമായി ഇവിടെ എത്തി.  എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ എനിക്കെതിരെയും പൊലീസ് കേസെടുക്കും. അല്ലുവിനോട് ഒരു വ്യക്തി വൈരാഗ്യവുമില്ല.'' റെഡ്‌ഡി കൂട്ടിച്ചേർത്തു.

വേണമായിരുന്നോ ഈ എടുത്തുചാട്ടം?

മുഖം നോക്കാതെ നടപടിയെടുക്കുന്ന സർക്കാരാണ് തന്റേതെന്ന് സ്ഥാപിക്കാനുള്ള മുഖ്യമന്ത്രിയുടെ തിടുക്കമാണ് പല പ്രശ്നങ്ങൾക്കും കാരണമെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം. കാലാകാലങ്ങളായി സിനിമയുമായും സിനിമാ വ്യവസായത്തിലെ പ്രമുഖരുമായും സംസ്കാരികമായി ഇഴുകി ചേർന്നിരിക്കുന്ന ഒരു നാടിന്റെ വികാരങ്ങളെ ഒട്ടും മമതയില്ലാതെ സമീപിക്കുന്നത് ന്യായീകരണമില്ലാത്ത തെറ്റാണെന്ന് ഇക്കൂട്ടർ വാദിക്കുന്നു. അതേസമയം, സിനിമയെന്ന കലയെ ഒരു വ്യവസായം മാത്രമായി കാണുകയും അതിനോട് ചേർന്നു നിൽക്കുന്നവരെ പ്രത്യേകമായി പരിഗണിക്കാത്തത് അത്ര വലിയ പ്രശ്നമായി കരുതേണ്ടതില്ലെന്നുമാണ് രേവന്ത് റെഡ്ഡി അനുകൂലികളുടെ നിലപാട്. എങ്കിലും, ഒറ്റനോട്ടത്തിൽ മനഃപൂർവമായ കുറ്റകൃത്യം ചെയ്യാത്ത അല്ലു അർജുനെ ചിരകാല കുറ്റവാളിയെ പോലെ അറസ്റ്റ് ചെയ്തത് അതിരുകടന്ന സമീപനമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരെ കുറ്റം പറയാനൊക്കുമോ?

English Summary:

The arrest of pan-India star Allu Arjun by the Telangana police at his residence following the death of a woman in a stampede during the screening of the film "Pushpa 2" has sparked nationwide discussion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com