കുനാൽ കപൂറിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന വീരം സിനിമയുടെ ട്രെയിലറിനെ പ്രശംസിച്ച് ആമിർ ഖാൻ. ട്രെയിലർ ഗംഭീരമായെന്നും കുനാൽ കപൂറിന് എല്ലാ ആശംസകളും നേരുന്നുവെന്നും ആമിർ ഖാൻ ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.
ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനാണ് ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയത്. ഒരു ബോളിവുഡ് താരം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കുന്ന ആദ്യമലയാളചിത്രത്തിന്റ ട്രെയിലർ കൂടിയായിരുന്നു വീരം. മുപ്പത്തിയഞ്ചു കോടി രൂപയോളം ചെലവിട്ട് നിർമ്മിച്ച ചിത്രത്തിന്റെ ട്രെയിലറിനും വീര്യമേറെ.
ആക്ഷനും കളർടോണും ആഴമുള്ള സംഭാഷണങ്ങളും അതിലേറെ നായകൻ കുനാൽ കപൂറിന്റെ തീക്ഷ്ണമായ നോട്ടവുമുള്ള ട്രെയിലർ സിനിമയോടുള്ള ആകാംഷയേറ്റുന്നു. നൂറു കോടി ക്ലബിലെത്തുന്ന ആദ്യ മലയാളം ചിത്രമാകും ഇതെന്നാണ് സംവിധായകൻ ജയരാജ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് പുലിമുരുകൻ മലയാളത്തിൽ നൂറുകോടി ക്ലബിൽ ഇടംനേടുകയും ചെയ്തു. ഷേക്സ്പിയറിന്റെ പ്രശസ്ത നോവല്‍ മാക്ബത്തിന്റെ അനുരൂപമാണ് വീരം. എം.ആർ വാര്യറാണ് സംഭാഷണ രചന. കാമറ എസ് കുമാർ.
മികച്ച സാങ്കേതികതയോടെ ചെയ്ത സിനിമയുടെ ഗ്രാഫിക്സിനു മാത്രം ചെലവിട്ടത് 20 കോടി രൂപയാണ്. മലയാളം, ഇംഗ്ലിഷ് ഹിന്ദി ഭാഷകളിലായി ജയരാജിന്റെ ഈ സ്വപ്ന ചിത്രം പ്രദർശനത്തിനെത്തും. ചന്ദ്രകല ആർട്സ് ആണു സിനിമ നിർമ്മിക്കുന്നത്.