തെരുവിലെ ദൈവപുത്രനായാണ് ഓട്ടോമുരുകന്‍ എന്ന മുരുകന്‍ അറിയപ്പെടുന്നത്. ഒന്നരപ്പതിറ്റാണ്ടിനിടെ അയ്യായിരത്തോളം ആലംബഹീനരെയാണ് മുരുകന്‍ തെരുവില്‍നിന്ന് വീണ്ടെടുത്തത്. തിരുവനന്തപുരം നഗരത്തില്‍ ആര്‍ക്കും വേണ്ടാതെ അലഞ്ഞുനടന്നവര്‍ക്ക് തുണയായി മുരുകനൊപ്പം ഡബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും എത്തി.
തിരുവനന്തപുരത്തെ തെരുവോരങ്ങളില്‍ അസുഖം ബാധിച്ചും, ഭിക്ഷയാചിച്ചു നടന്നവരെയും പുതുജീവിതത്തിലേക്ക് കൂട്ടികൊണ്ടുവന്നിരിക്കുകയാണ് മുരുകനും ഭാഗ്യലക്ഷ്മിയും. മാസങ്ങളോളം കുളിക്കാതെയും മറ്റും ജഡപിടിച്ചുകിടന്ന താടിയും മുടിയും വെട്ടി അവരെ കുളിപ്പിച്ച് പുതുവസ്ത്രങ്ങളും അവര്‍ക്ക് നല്‍കി. ഭാഗ്യലക്ഷ്മി തന്നെയാണ് ആളുകളുടെ മുടിവെട്ടി കുളിപ്പിച്ചതും. ഭാഗ്യലക്ഷ്മിയും സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷും മുരുകനൊപ്പം ഇതിന് നേതൃത്വം നല്‍കി.
തെരുവില്‍ ആരോരുമില്ലാതെ അലയുന്നവരില്‍ കുഷ്ഠരോഗികളുണ്ട്, മാനസിക വിഭ്രാന്തി ബാധിച്ചവരുണ്ട്, മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരും മാറാവ്യാധികളാല്‍ ദുരിതമനുഭവിക്കുന്നവരുമുണ്ട്. എന്നാല്‍ ഇവരെയെല്ലാം മറ്റുള്ളവര്‍ കണ്ടില്ലെന്ന് നടിക്കും. ആര്‍ക്കും വേണ്ടാതെ തെരുവോരങ്ങളില്‍ അലഞ്ഞുനടക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് സ്വന്തമായി ഭക്ഷണവും പാര്‍പ്പിടവും നല്‍കുകയാണ് വര്‍ഷങ്ങളായി ഓട്ടോ മുരുകന്‍ ചെയ്യുന്നത്. തെരുവുമക്കളുടെ പുനരധിവാസത്തിനായി 'തെരുവുവെളിച്ചം' എന്ന പേരില്‍ എറണാകുളം കാക്കനാട് കളക്ടറേറ്റിനുസമീപം സംഘടനയും നടത്തുന്നുണ്ട്.