ഗ്ലാമര്‍ റാണിയില്‍ നിന്ന് സന്യാസിനിയായി മാറിയ താരം

ബോളിവുഡിലെ ഏതൊരു നടിയുടെയും ആഗ്രഹമായിരിക്കും വെള്ളിത്തിരയില്‍ തിളങ്ങി ബോളിവുഡിലെ താരറാണിയാകുക എന്നത്. ഐശ്വര്യ റായിയും സുസ്മിത സെന്നുമൊക്കെ ബോളിവുഡില്‍ രംഗപ്രവേശനം ചെയ്യുന്നതിനൊപ്പമാണ് ഈ നടിയും സിനിമാമോഹവുമായി എത്തുന്നത്. മോഡലിങ്ങിലും മിനിസ്ക്രീനിലും സിനിമയിലും തിളങ്ങി നിന്ന ആ താരം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്പോഴാണ് എല്ലാം ഉപേക്ഷിച്ച് സന്യാസ ജീവിതം ആരംഭിക്കുന്നത്.

സിനിമയെ വെല്ലുന്ന കഥയാണ് ബർക്ക മദൻ എന്ന നടിയ്ക്ക് പറയാനുള്ളത്. ജീവിതത്തിൽ പ്രശസ്തിയുടെ പടവുകൾ കയറുമ്പോൾ സിനിമ ജീവിതം ഉപേക്ഷിച്ച ബർക്ക വെള്ളിത്തിരയിൽ നിന്നും ആത്മീയതയുടെ വെളിച്ചത്തിലേയ്ക്ക് ചേക്കേറുകയായിരുന്നു.

ആരും കൊതിച്ചുപോകുന്ന സ്വപ്നം കാണുന്ന സിനിമ, മോഡൽ രംഗത്ത്് നിന്നുമാണ് ബർക്ക സന്യാസ ജീവിതം തെരഞ്ഞടുത്തത്. ഇന്ത്യയുടെ സൗന്ദര്യ കിരീടം അണിയുന്നതിനായി 1994 ലെ മിസ് ഇന്ത്യ മത്സരത്തിൽ ബോളിവുഡിൻറെ താരാറാണിമാരായ ഐശ്വര്യ റായിക്കും സുസ്മിത സെന്നിനും ഒപ്പം ചുവട് വെയ്ക്കാൻ ബർക്കയും ഉണ്ടായിരുന്നു. കോലലംപൂരിൽ നടന്ന മിസ് ടൂറിസം ഇൻറർനാഷണലിൽ ബർക്ക മിസ് ടൂറിസം റണ്ണറപ്പായി.

പിന്നീട് കഴിവും സൗന്ദര്യവും ഉള്ള ബർക്ക ബോളിവുഡ് നടിയായി മാറി. 1996 ൽ റിലീസ് ചെയ്ത കിലാഡിയോൻ കി കിലാഡി, ഭൂത്, സോച്ച് ലോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. സുർക്കാബ് ആണ് അവസാനമായി അഭിനയിച്ച ചിത്രം. നിരവധി സീരിയലുകളിലും ബർക്ക അഭിനിയിച്ചിട്ടുണ്ട്. എന്നാൽ ഈ നേട്ടങ്ങളിലൊന്നു ബർക്ക സന്തുഷ്ടയായിരുന്നില്ല. ബോളിവുഡ് സ്റ്റാറാകാനുള്ള ശ്രമമൊന്നും നടത്താതെ പ്രശസ്തിയുടെ വക്കിൽ നിൽക്കുമ്പോൾ തന്നെ ബർക്ക ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞു. ബുദ്ധ സന്യാസിയായ ബർക്കയുടെ ഇപ്പോഴത്തെ പേര് ഗ്യാൽറ്റൻ സാംറ്റെൻ എന്നാണ്. ഹുസ് ഖാസിലെ സുഷിത മഹായാന മൈഡിറ്റെഷൻ കേന്ദ്രത്തിലാണ് ബർക്കയുടെ താമസം.

ബോളിവുഡിലെ താരാറാണി പട്ടം സ്വപ്നം കാണേണ്ട ബർക്ക ആത്മീയ പാതയിലേക്ക് എത്തിയതെങ്ങനെ എന്ന അന്വേഷണത്തിന് മറുപടി ഇങ്ങനെ. ബര്‍ക്കയ്ക്ക് പത്ത് വയസുള്ളപ്പോൾ മാതാപിതാക്കൾക്കോപ്പം സിക്കിമിലെ റാംടേക്ക് ആശ്രമം സന്ദർശിച്ചിരുന്നു. അന്ന് അവിടെ നിന്നും മടങ്ങിപോരാൻ തോന്നിയില്ല. ആശ്രമവുമായുള്ള ആദ്യ ബന്ധം തുടങ്ങുന്നത് അവിടെ നിന്നുമാണ്. പിന്നീട് ബുദ്ധവിഹാരങ്ങൾ അവളുടെ സ്ഥിരം വസതിയായി മാറി. രണ്ടായിരം മുതൽ ആശ്രമങ്ങൾ സ്ഥിരമായി സന്ദർശിക്കാൻ ആരംഭിച്ചു. എല്ലാ വർഷവും ധർമ്മശാല സന്ദർശിക്കാറുണ്ട്.

വർണ്ണപകിട്ടുള്ള വസത്രങ്ങൾ ഉപേക്ഷിച്ച് കാവി വസ്ത്രം ധരിച്ച് തലമുണ്ഡനം ചെയ്ത് ബുദ്ധസന്യാസിനിയായി. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ച ബർക്ക ഇപ്പോൾ കൂടുതൽ സമയവും ധ്യാനത്തിനായാണ് ചിലവഴിക്കുന്നത്.