ബാഹുബലി പൊട്ടിമുളച്ചതല്ല !

ബാഹുബലി ചിത്രീകരണവേളയിൽ രാജമൗലിയും കൂട്ടരും

വർഷങ്ങളേറെയെടുത്ത് കഥ നെയ്ത്, കാഴ്ചയുടെ വിസ്മയക്കൂട്ട് ചേർത്ത് സംവിധായകൻ എസ്.എസ്.രാജമൗലി യാഥാർഥ്യമാക്കിയെടുത്ത ഒരു സ്വപ്നം, ബാഹുബലി. ആ ചിത്രത്തിനു വേണ്ടി രാവും പകലുമില്ലാതെ യത്നിച്ച മൂന്നു വർഷക്കാലത്തും രാജ്യത്ത് മികവിന്റെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ ഭാഗത്തേക്കൊന്നു തിരിഞ്ഞു പോലും നോക്കാതെ അപ്പോഴെല്ലാം തന്റെ ചിത്രത്തിലെ ഓരോ ഷോട്ടിലും മികവിന്റെ കയ്യൊപ്പ് ചാർത്താനുള്ള തിരക്കിലായിരുന്നു അദ്ദേഹം. ആ പ്രയത്നത്തിനിപ്പോൾ ലഭിച്ചിരിക്കുന്നതാകട്ടെ അർഹിക്കുന്ന അംഗീകാരവും.

ബാഹുബലിയെ ഒരു അമർചിത്രകഥയുടെ നിലവാരത്തിലേക്കു താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾത്തന്നെ ആ സിനിമയ്ക്കു പിന്നിലുള്ള പരിശ്രമങ്ങളും കാണാതെ പോകരുത്. കാശുമുടക്കി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളൊരുക്കുന്ന വെറും മസാലപ്പടമായിരുന്നില്ല ബാഹുബലി. ചലച്ചിത്രമെന്ന കലയെ അതിന്റെ എല്ലാ അർഥത്തിലും ബഹുമാനിച്ചു തയാറാക്കിയതായിരുന്നു. സിനിമ രാഷ്ട്രീയനിലപാട് വ്യക്തമാക്കാനും സമൂഹത്തിന്റെ നേർക്കണ്ണാടിയാകാനുമൊക്കെയുള്ളതാണ് എന്ന പരമ്പരാഗത കാഴ്ചപ്പാടിനെ തച്ചുടച്ചു കൊണ്ട് ‘സിനിമ സിനിമയ്ക്കു വേണ്ടിയുള്ളതാണ്’ എന്നു പ്രഖ്യാപിക്കുന്നതായിരുന്നു ഇത്തവണത്തെ ബാഹുബലിയുടെ പുരസ്കാരവിജയം. കലാപരമായി മാത്രമല്ല സാങ്കേതികമായും മികവു പുലർത്തുന്ന സിനിമകൾക്കു നേരെ ഇനിയുള്ള കാലം കണ്ണടയ്ക്കാനാകില്ലെന്ന് ജൂറി പറയുമ്പോൾ അത് ചലച്ചിത്രലോകത്ത് മാറ്റത്തിന്റെ ഒരു പുതുവഴിയാണു വെട്ടുന്നത്.

2011ലാണ് രാജമൗലി പ്രഭാസുമൊത്തുള്ള തന്റെ പുതിയ സിനിമയെപ്പറ്റിയുള്ള ആദ്യസൂചന നൽകുന്നത്. തൊട്ടടുത്ത വർഷം അദ്ദേഹത്തിന്റെ ‘ഈച്ച’യെന്ന മെഗാഹിറ്റ്. ആ വിജയത്തിന്റെ അലയടങ്ങും മുൻപ് 2013ൽ ‘ബാഹുബലി’ പ്രഖ്യാപനമെത്തി. മഹാഭാരതകഥയുടെ മാതൃകയിൽ മഹിഷ്മതി മഹാരാജ്യത്തിന്റെ കഥ പറയുന്ന ബ്രഹ്മാണ്ഡ ചിത്രം. 120 കോടി രൂപയെന്ന ബജറ്റിനൊപ്പം ഉയർന്നത് ആരാധകരുടെ പ്രതീക്ഷ കൂടിയായിരുന്നു.

2013 ജൂലൈ ആറിന് ആന്ധ്രയിലെ റോക്ക് ഗാർഡൻസിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് തുടക്കം. എന്നാൽ അതിനും മുൻപ് ഒരു വർഷക്കാലത്തോളം പ്രീ പ്രൊഡക്‌ഷനിൽ വൻ ഒരുക്കങ്ങളാണു രാജമൗലിയും സംഘവും നടത്തിയത്. പ്രീ പ്രൊഡക്​ഷനു വേണ്ടി അത്രയും സമയം ചെലവഴിച്ച മറ്റൊരു സിനിമയും ഇന്ത്യയിലുണ്ടാകില്ല. തികച്ചും സാങ്കൽപികമായ ഒരു കഥയ്ക്കനുയോജ്യമായ സെറ്റുകൾ ആദ്യം വിരിഞ്ഞത് 15000ത്തിലേറെ സ്കെച്ചുകളിലൂടെ.

ബാഹുബലിക്കു വേണ്ടി മൂന്നു വർഷത്തോളം നായകൻ പ്രഭാസ് മറ്റൊരു സിനിമയും ഏറ്റെടുത്തില്ല. കഥാപാത്രത്തിനു വേണ്ടി എട്ടുമാസത്തോളമെടുത്ത് ശരീരഭാരം കൂട്ടി, വാൾപ്പയറ്റും കുതിരയോട്ടവും റോക്ക് ക്ലൈംബിങ്ങും പഠിച്ചു. വില്ലനായെത്തുന്ന റാണയും നായിക അനുഷ്കയും തങ്ങളുടെ കഥാപാത്രപൂർത്തീകരണത്തിനായി ആയോധനകലകൾ പഠിച്ചെടുത്തു. വിയറ്റ്നാമിൽ നിന്നുൾപ്പെടെയുള്ള ആയോധന വിദഗ്ധരുടെ സഹായത്തോടെയായിരുന്നു ഇത്. (ഇതെല്ലാം ചെയ്യാൻ ഡ്യൂപ്പുകളുണ്ടായിരിക്കെക്കൂടിയാണ് അതൊഴിവാക്കി അഭിനേതാക്കൾ എല്ലാം പഠിച്ചെടുത്തത്).

മഴയോടും മണ്ണിനോടും മല്ലിട്ട്...

ഒരു വശത്ത് ഷൂട്ടിങ് നടക്കുമ്പോൾ മറുവശത്ത് എണ്ണൂറിലേറെ വരുന്ന സാങ്കേതികസംഘം രാമോജി റാവു ഫിലിം സിറ്റിയിൽ പടുകൂറ്റൻ സെറ്റിടുന്ന തിരക്കിലായിരുന്നു. അതും 110 ഏക്കറിൽ. ഫിലിം സിറ്റിയില്‍ 20 ഏക്കർ വരുന്നയിടത്ത് ഒരു വയലും ഒരുക്കി. സാങ്കേതികവിദഗ്ധരിൽ ഇരുപത്തിയഞ്ചോളം പേർ പലതവണയായി ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയവരായിരുന്നു. 2013 ജൂലൈയിൽ ആരംഭിച്ച ചിത്രം പിന്നീട് രാമോജി ഫിലിം സിറ്റിയിലും അതിരപ്പിള്ളിയിലും ബൾഗേറിയയിലുമെല്ലാമായി ഷൂട്ടിങ് തുടർന്നു. ഇടയ്ക്ക് രാമോജിയിൽ തയാറാക്കിയ 20 ഏക്കർ പാടം മഴയിൽ പൂർണമായും നശിച്ചു.

കേരളത്തിലും അതിരപ്പിള്ളിയിലെ ഷൂട്ടിങ് മഴ കാരണം പലകുറി മാറ്റിവയ്ക്കേണ്ടി വന്നു. 2014 മാർച്ച് 28 മുതലാണ് ബാഹുബലിയുടെ നിർണായക യുദ്ധരംഗങ്ങൾ രാമോജി സിറ്റിയിൽ ഷൂട്ടിങ് ആരംഭിച്ചത്. ബാഹുബലിയിലെ യുദ്ധരംഗത്തു മാത്രം 2000 പേരാണ് പങ്കെടുത്തത്. ഇവർക്കായി പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിളിന്റെ നേതൃത്വത്തിൽ ഡിസൈൻ ചെയ്തെടുത്തത് മുപ്പതിനായിരത്തിലേറെ തരം ആയുധങ്ങളും. തീർന്നില്ല, സാബു സിറിൾ പറയുന്നത് കേൾക്കുക–

ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയ്നൊപ്പം രാജമൗലി

‘രാജ്യത്തിനകത്തും പുറത്തുമായി ആറുമാസത്തോളം ‘ബാഹുബലിയുടെ’ ലൊക്കേഷനുകൾ തേടി ഞങ്ങൾ യാത്ര ചെയ്തു. അവസാനം പ്രധാന ലൊക്കേഷൻ രാമോജി ഫിലിം സിറ്റി തന്നെയായി. രാജമൗലി പറഞ്ഞതു നാം ഇതുവരെ കണ്ടതിലെല്ലാം വലിയ കൊട്ടാരങ്ങളും യുദ്ധക്കളങ്ങളും ആയുധങ്ങളും ഉണ്ടാക്കാനാണ്. ആദ്യം വരച്ചു. പിന്നീടു ജോലി ചെയ്തു. രണ്ടര വർഷം 250 പേർ നിരന്തരം കലാവിഭാഗത്തിൽ മാത്രം ജോലി ചെയ്തു. 25 വലിയ ചിത്രകാരന്മാർ ഉൾപ്പെടെയാണിത്. ഭല്ലാൽ ദേവന്റെ 125 അടി ഉയരമുള്ള പ്രതിമ ഇരുനൂറിലേറെപ്പേർ േചർന്ന് തയാറാക്കിയപ്പോൾ അതിന് 8000 കിലോയായിരുന്നു ഭാരം.

സിനിമയ്ക്കുവേണ്ടി എന്തുപയോഗിച്ച് ആയുധങ്ങൾ നിർമിക്കണമെന്നും മാസങ്ങളോളം ഗവേഷണം നടത്തി. ശരിക്കും യുദ്ധം ചെയ്യുന്നതുപോലെ വേണമെന്നു രാജമൗലിക്കു നിർബന്ധമായിരുന്നു. ആയുധങ്ങൾക്കും പടച്ചട്ടകൾക്കും ഭാരം പാടില്ല. പൊട്ടാനും പാടില്ല. ലോഹം പോലെ തോന്നുകയും വേണം. വ്യവസായ ആവശ്യത്തിനുള്ള പ്രത്യേക തരം കാർബൺ ഫൈബറാണ് ഇതിനായി ഉപയോഗിച്ചത്. പലതരം സാധനങ്ങൾകൊണ്ടു ആയുധങ്ങൾ ഉണ്ടാക്കി നോക്കി. ഓരോ ദിവസവും 30% ആയുധമെങ്കിലും പൊട്ടും. തൊട്ടടുത്ത ദിവസത്തേക്ക് അത്രയും ആയുധം കരുതിവയ്ക്കണം. ആയിരക്കണക്കിനു വസ്തുക്കളാണു സെറ്റിൽ ഓരോ ദിവസവും വേണ്ടത്.

വിചാരിക്കുന്ന സമയത്ത് അതുണ്ടാകണം. ഓരോ കാലത്തെയും വസ്ത്രവും ജീവിത രീതിയും വരെ പഠിച്ച് നീണ്ട ഗവേഷണത്തിനു ശേഷമാണ് ചിത്രത്തിലെ ഓരോ വസ്തുവും എങ്ങനെ വേണമെന്നു തീരുമാനിച്ചത്. മാത്രവുമല്ല ബാഹുബലിയിലെ ആനകളിൽ പലതും ഞങ്ങൾ ഉണ്ടാക്കിയതാണ്. പല ആനകളുടെയും അകത്ത് ആളെ ഇരുത്തി ചലിപ്പിക്കുകയായിരുന്നു. ആനയുടെ ചലനങ്ങൾ പോലും കൃത്യമായി വരുന്ന വിധത്തിലാണ് അവയെ നിർമിച്ചത്. 35 വൻ കുതിരകളെയും ഞങ്ങൾ നിർമിച്ചു. ആന വീഴുന്നതുപോലുള്ള രംഗങ്ങളിൽ വീണതു യന്ത്ര ആനയാണ്...’

രാജമൗലിയും പ്രൊഡക്ഷൻ ഡിസൈനറായ സാബു സിറിലും

ഓരോ ശബ്ദവും പിടിച്ചെടുത്ത്...

ശബ്ദത്തിന് ഏറെ പ്രാധാന്യം നൽകിയെടുത്ത ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് ബാഹുബലിയെന്ന് സൗണ്ട് ഡിസൈനർ പി.എം.സതീഷ് പറയുന്നു: കഥാപാത്രങ്ങളുടെ ഡയലോഗ് പ്രസന്റേഷനിൽ സ്റ്റുഡിയോ സംവിധാനം ആവശ്യമായിരുന്നതിനാൽ തൽസമയ ശബ്ദലേഖനം ഒഴിവാക്കി. പക്ഷേ യുദ്ധരംഗങ്ങളിലും മറ്റും പലയിടത്തായി ഒട്ടേറെ മൈക്രോഫോണുകൾ ഒളിച്ചു വച്ച് ശബ്ദം റെക്കോർഡ് ചെയ്തെടുത്തിരുന്നു. സ്റ്റുഡിയോയിൽ ലഭ്യമല്ലാതിരുന്ന ഒട്ടേറെ വിസ്മയ ശബ്ദങ്ങൾ ചിത്രത്തിനു ലഭിച്ചത് അങ്ങനെയാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഫ്യൂച്ചർ വേൾഡ്’ എന്ന കമ്പനിയാണു ബാഹുബലിയുടെ ശബ്ദമിശ്രണം. മലയാളി കൂടിയായ ചീഫ് സൗണ്ട് മിക്സിങ് എൻജിനീയർ ജസ്റ്റിൻ ജോസ് ബാഹുബലിയിലെ ശബ്ദാദ്ഭുതത്തെപ്പറ്റി പറയുന്നതിങ്ങനെ:

‘ഇതുവരെ കേൾക്കാത്ത ശബ്ദങ്ങൾ സൃഷ്ടിക്കേണ്ടി വന്നതാണു ബാഹുബലിയുടെ ശബ്ദമിശ്രണത്തിൽ വെല്ലുവിളിയായത്. വലിയ മഞ്ഞുമല ഇടിഞ്ഞുവീഴുന്നതും അതിഗംഭീര വെള്ളച്ചാട്ടവും മുപ്പതു മിനിറ്റു ദൈർഘ്യമുള്ള യുദ്ധവും ശബ്ദത്തിലൂടെ പുനർനിർ‍മിച്ചു. മഞ്ഞുമല വീഴുന്ന രംഗത്തിലെ ശബ്ദം കേൾക്കുമ്പോൾ പ്രേക്ഷകനു നെഞ്ചിൽ മഞ്ഞുകട്ട വീഴുന്നതുപോലെ തോന്നണമെന്നായിരുന്നു രാജമൗലിയുടെ നിർദേശം. മരക്കൊമ്പിൽ അമ്പുമായി ഇരിക്കുന്ന നായികയുടെ തലയ്ക്കു മുകളിലെ ഇലകളുടെ മർമരവും യുദ്ധരംഗം പോലെ വെല്ലുവിളിയായിരുന്നു..’ കൃത്രിമശബ്ദങ്ങളുണ്ടാക്കുന്നതിന് പ്രശസ്ത ഫോളി ആർടിസ്റ്റായ ഫിലിപ് വാൻ ലിയർ ബെൽജിയത്തിൽ ബാഹുബലിയുടെ ‘ശബ്ദസംഘത്തിനൊപ്പം’ പ്രവർത്തിച്ചിരുന്നു. കാലകേയർക്കു വേണ്ടി ചിത്രത്തിൽ പ്രത്യേക ‘കിലികി’ ഭാഷയും തയാറാക്കിയെടുത്തു.

ഡിജിറ്റൽ അദ്ഭുതങ്ങൾക്കു പിന്നിൽ...

സ്പെഷൽ എഫക്ട്സിലും ഇത്തവണ മികവിന്റെ ദേശീയ പുരസ്കാരം ബാഹുബലിക്കായിരുന്നു. അക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായം ഉണ്ടാകുമെന്നും തോന്നുന്നില്ല. ജുറാസിക് പാർക്കിന്റെ വിഷ്വൽ എഫക്ട്സ് സംഘമാണ് ബാഹുബലിക്കു പിന്നിലെന്ന് വാർത്തകളുണ്ടായെങ്കിലും അത് വെറും ഗോസിപ്പ് മാത്രമായിരുന്നു. 50% വരുന്ന കംപ്യൂട്ടർ ജനറേറ്റഡ് ഇമേജറി(സിജിഐ) വർക്കുകളും ചെയ്തത് ഹൈദരാബാദിലെ മകുട വിഎഫ്എക്സ് ടീം ആയിരുന്നു. ഫയർഫ്ലൈ ക്രിയേറ്റീവ് സ്റ്റുഡിയോ, പ്രസാദ് ഇഎഫ്എക്സ്, സൃഷ്ടി വിഎഫ്എക്സ്, അന്നപൂർണ സ്റ്റുഡിയോസ് തുടങ്ങി 17 വിഷ്വൽ എഫക്ട്സ് സംഘങ്ങളാണ് മൂന്നു മണിക്കൂറോളം വരുന്ന സിനിമാറ്റിക് അദ്ഭുതങ്ങൾ ബാഹുബലിയിൽ ഒരുക്കിയത്. അറുനൂറോളം വിഎഫ്എക്സ് ആർടിസ്റ്റുമാർ 5000ത്തിലേറെ വിഎഫ്എക്സ് ഷോട്ടുകളോട് ‘ഏറ്റുമുട്ടിയാണ്’ ഇതെന്നുമോർക്കണം.

1500 അടി ഉയരം വരുന്ന ബാഹുബലിയിലെ ‘മായിക’ വെള്ളച്ചാട്ടമൊരുക്കിയത് രണ്ട് വർഷമെടുത്തിട്ടാണ്. മൂന്നു വ്യത്യസ്ത വെള്ളച്ചാട്ടങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. വിഎഫ്എക്സ് സംഘത്തിന്റെ വാക്കുകളിൽ തന്നെ പറഞ്ഞാൽ–വെള്ളച്ചാട്ടത്തിന്റെ ഓരോ ഫ്രെയിമും ഓരോ സെറ്റിടുന്നതിനു തുല്യമായിരുന്നു. വെള്ളച്ചാട്ടവുമായി ചേർന്നുള്ള രംഗങ്ങൾ ഷൂട്ട് ചെയ്യാൻ മാത്രം സംവിധായകൻ 109 ദിവസമെടുത്തെന്നു പറയുമ്പോൾ ഊഹിക്കാമല്ലോ അതിന്റെ പ്രാധാന്യം.

മലേഷ്യയിലെ Tau Films ആണ് ചിത്രത്തിൽ ഭല്ലാൽ ദേവനോട് ഏറ്റുമുട്ടാൻ വരുന്ന പടുകൂറ്റൻ കാളയുടെ സൃഷ്ടിക്കു പിന്നിൽ. ഡിജിറ്റൽ മികവിന്റെ പൂർണതയ്ക്കു വേണ്ടി ഇന്ത്യയിൽ ആദ്യമായി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസ് അംഗീകരിച്ച കളർ എൻകോഡിങ് സിസ്റ്റം ഉപയോഗിക്കുന്നതും ബാഹുബലിയിലാണ്. ഹൈക്വാളിറ്റി മോഷൻ പിക്ചറാണ് ഇതുവഴി ലഭ്യമാകുക. ഇത്തരം വിഡിയോ ഫയലുകൾ കംപ്രസ് ചെയ്യാതെ തന്നെ എച്ച്ഡി ഫോർമാറ്റിൽ സ്റ്റോർ െചയ്യാനായി Avid Technologyയുടെ ഇൻഫിനിറ്റ്ലി സ്കെയ്‌ലബ്ൾ ഇൻഫർമേഷൻ സ്റ്റോറേജ് സിസ്റ്റം ഉപയോഗപ്പെടുത്തുന്നതും ആദ്യമായി ബാഹുബലിയിലാണ്.

രാജമൗലി ആദ്യമായി പൂർണമായും ഡിജിറ്റൽ ഫോർമാറ്റിൽ (Arri AlexaTT Camera) ഷൂട്ട് ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. 120 കോടി രൂപ മുടക്കി ബോക്സ് ഓഫിസിൽ 600 കോടിയിലേറെ കലക്ട് ചെയ്ത ചിത്രം. ആ മാനദണ്ഡത്തിലല്ല ബാഹുബലിയുടെ മികവ് നിശ്ചയിക്കേണ്ടത്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാര നിറവിലേക്കുള്ള അതിന്റെ യാത്രയിൽ ഇത്തരം അധികമാരും അറിയാത്ത ഒട്ടേറെ സത്യങ്ങളുണ്ട്. കാശിട്ടു കാശു വാരാൻ മാത്രമല്ല, കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറയ്ക്കാനും കൂടിയായിരുന്നു ‘ബാഹുബലി’ സംഘത്തിന്റെ ശ്രമം. അതിലവർ വിജയിച്ചതിന്റെ വലിയ തെളിവാണ് ‘ബാഹുബലി 2’ നു വേണ്ടിയുള്ള പ്രേക്ഷകരുടെ കാത്തിരിപ്പും.