ഗോഡ് ഫാദറിലെ വീഴ്ച: മറക്കാനാവാതെ ജഗദീഷ്

ഗോഡ് ഫാദർ എന്ന സിനിമ മലയാളിയെ ചിരിപ്പിച്ച് തുടങ്ങിയിട്ട് വർഷം ഇരുപത്താഞ്ചായി. ഇന്നും ആ ചിരി മാഞ്ഞിട്ടില്ല. നായകനായ മുകേഷിനോടൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു കൂട്ടുകാരനായി എത്തിയ ജഗദീഷിന്റേതും. മായിൻകുട്ടി എന്നാണ് ചിത്രത്തിൽ ജഗദീഷിന്റെ പേര്. മായിൻകുട്ടിയുടെ തമാശകളെക്കുറിച്ചും അബദ്ധങ്ങളെക്കുറിച്ചുമെല്ലാം മാത്രമേ പ്രേക്ഷകർക്കറിയാവൂ. എന്നാൽ ഗോഡ്ഫാദർ സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടന്ന ഒരു അപകടത്തെക്കുറിച്ച് പറയുകയാണ് നടൻ ജഗദീഷ്.

മുകേഷും ഞാനും കൂടി നായിക കനകയെക്കാണാൻ രാത്രി അവരുടെ വീട്ടിൽ പോകുന്ന രംഗമുണ്ട്. അവിടെ പട്ടി കുരയ്ക്കുമ്പോൾ കനകയുടെ വീട്ടുകാരെല്ലാം കൂടി കള്ളൻ കയറിയതാണെന്നു പറ‍ഞ്ഞ് വീടിനു പുറത്തു വരുന്ന രംഗമുണ്ട്. അപ്പോൾ മുകേഷ് ചായ്പ്പിൽ ഒളിച്ചിരിക്കുകയാണ്. ‍ഞാൻ നായയെ പേടിച്ച് മരത്തിനു മുകളിൽ കയറും. എന്നാൽ ചില്ലയൊടിഞ്ഞ് താഴെ വീഴുകയും ചെയ്യും.

യഥാർഥത്തിൽ വീണതായിരുന്നു ആ സീനിൽ. താഴെ കമ്പിവല കെട്ടിയിരുന്നുവെങ്കിലും അത് പൊട്ടിപ്പോയി. ഞാൻ താഴെ വീണു. 50 അടി ഉയരത്തിൽ നിന്നാണ് കമ്പി പൊട്ടിയത്. അതുകൊണ്ടുമാത്രം രക്ഷപ്പെട്ടു. അല്ലെങ്കിൽ അതൊരു ദുരന്തമായി മാറിയേനെ. എന്തായാലും ആ സീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ചിരിയുടെ പൊടിപൂരമായിരുന്നു.

സിനിമയിലെ ഒാരോ ഡയലോഗും സീനുകളുമെല്ലാം സംവിധായകന്റെ കലാവിരുതായിരുന്നു. കൃത്യമായി എഴുതിയിരുന്നു. അതൊക്കെ കുറച്ച് ഇംപ്രൊവൈസ് ചെയുതെവെന്നേ ഉള്ളൂ. സിനിമ വിജയമായിരിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്രയ്ക്ക് ജനങ്ങൾ സ്വീകരിക്കുമെന്ന് കരുതിയില്ല.

അന്ന് കൂടെ അഭിനയിച്ച മഹാനടന്മാരൊന്നും ഇന്നില്ല. തിലകൻ ,എൻഎൻപിള്ള, ഫിലോമിനച്ചേച്ചി, ശങ്കരാടി, പറവൂർ ഭരതൻ തുടങ്ങി ഒട്ടേറെ മഹാനടന്മാരെ മലയാള സിനിമയ്ക്കു നഷ്ടമായി. അവരുടെയൊക്കെ വിടവുനികത്താൻ ഒരിക്കലുമാവില്ല.