അമ്മയ്ക്കു പ്രിയപ്പെട്ട സുകുമാരിയമ്മ

രാഷ്ട്രീയത്തിൽ സജീവമായതോടെ സിനിമാബന്ധങ്ങളെയെല്ലാം അകറ്റി നിർത്തിയ ജയലളിത, പക്ഷേ, ആവശ്യമുള്ളപ്പോൾ പഴയ സഹപ്രവർത്തകരെ സഹായിക്കാൻ മടിച്ചില്ല. അന്തരിച്ച നടി സുകുമാരി പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നപ്പോൾ ചെന്നു കണ്ട ജയ, അവരുടെ ചികിൽസയ്ക്കുള്ള എല്ലാ സഹായവും ചെയ്തു.

‘പട്ടിക്കാടാ പട്ടണമാ’ എന്ന ഹിറ്റ് സിനിമയിലാണ് ആദ്യമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ജയ‌യുടെ അമ്മവേഷമായിരുന്നു സുകുമാരിക്ക്. പിന്നീട് ആറേഴ് ചിത്രങ്ങളിൽ കൂടി അമ്മയും മകളുമായി.

ഓർമകളുടെ വെള്ളിത്തിര എന്ന പുസ്തകത്തിൽ സുകുമാരി എഴുതി:‘‘ വളരെ നല്ല സ്ത്രീയാണു ജയലളിത. ആവശ്യമില്ലാതെ ആരോടും സംസാരിക്കാറില്ല. നല്ല കാര്യപ്രാപ്തിയുണ്ടായിരുന്നു. അന്ന് അവർ ഇരിക്കുന്ന കസേരയുടെ അടുത്തു മറ്റൊരു കസേരപോലും ഉണ്ടാകാറില്ല. അസിസ്റ്റന്റുമാർ പോലും അടുത്തുചെന്നു നിൽക്കുന്നത് ഇഷ്ടമായിരുന്നില്ല. ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു. ഇന്നും പഴയ ബന്ധത്തിന്റെ ഊഷ്മളത നിലനിർത്തുന്ന പെരുമാറ്റമാണ്. അന്നു നടിയെന്ന നിലയിലും ഇന്നു മുഖ്യമന്ത്രിയെന്ന നിലയിലും അവരുടെ കാര്യപ്രാപ്തിയും ബുദ്ധിശക്തിയും എന്നെ അത്ഭുതപ്പെടുത്തുന്നു,’’ .

പട്ടിക്കാടാ പട്ടണമാ എന്ന സിനിമ ദേശീയ അവാർഡ് നേടി. അതിലെ അഭിനയത്തിനു ജയയ്ക്കു മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചു. 

സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്

ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്