ജിഷയുടെ കൊലപാതകം: കാഴ്ചയിലെ സാമ്യം; നടൻ വെട്ടിലായി

തസ്‌ലിക്(ഇടത്) , പൊലീസ് തയാറാക്കിയ ജിഷയുടെ ഘാതകിയുടെ രേഖാ ചിത്രം(വലത്)

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ ഘാതകിയുടെ പുതിയ രേഖാ ചിത്രം പൊലീസ് പുറത്തു വിട്ടതോടെ ആപ്പിലായത് പറവൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്ന ചെറുപ്പക്കാരൻ. ചില മലയാളസിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച തസ്‌ലിക് എന്ന ഇൗ യുവാവിന്റെ രൂപവുമായി രേഖാ ചിത്രത്തിനുള്ള സാമ്യം ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലും ചർച്ചയാണ്. അഞ്ചാംപുര എന്ന മലയാളസിനിമയിൽ തസ്‌ലിക് അഭിനയിച്ചിട്ടുണ്ട്.

രേഖ ചിത്രം പൊലീസ് പുറത്ത് വിട്ടപ്പോൾ തന്നെ എന്റെ മുഖവുമായി സാദൃശ്യം തോന്നുന്നുെവന്ന് കൂട്ടുകാരും പറഞ്ഞിരുന്നു. എന്നാൽ അത് ഇങ്ങനെയൊരു പ്രശ്നത്തിലേക്കെത്തിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. തസ്‌ലിക് മനോരമ ഓൺലൈനോട് പറഞ്ഞു. പൊലീസിൽ തൽക്കാലം പരാതിപ്പെടുന്നില്ലെന്നും വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും തസ്‌ലിക് വ്യക്തമാക്കി.

ജിഷയുടെ കൊലപാതകി എന്ന വിശേഷണത്തോടെയാണ് തസ്‌ലിക്കിന്റെ ഫോട്ടോ വ്യാപകമായി വാട്ട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്. ഇയാൾ കുറ്റക്കാരനാണോ അല്ലയോ ഇയാൾ തന്നെയാണോ പ്രതി എന്നൊക്കെ ഉറപ്പിക്കുന്നതിനു മുമ്പാണ് ഇത്തരം പ്രചരണം.

എന്നാൽ രേഖാചിത്രത്തോട് വളരെയടുത്ത സാമ്യമുള്ള ചിത്രം അധികാരികളുടെ ശ്രദ്ധയിൽ എത്രയും പെട്ടെന്ന് എത്തിക്കാനായിരിക്കണം ആളുകൾ ഇത് പ്രചരിപ്പിക്കാൻ മത്സരിക്കുന്നത്. പ്രതി ആരാണെന്ന് ഉറപ്പിക്കാതെ രൂപത്തിൽ ചെറിയൊരു സാമ്യമുണ്ടെന്ന തോന്നലിൽ നമ്മൾ ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ ചിലപ്പോൾ ആ ചെറുപ്പക്കാരന്റെ ഭാവി തന്നെ നശിപ്പിച്ചേക്കാം.