നൊമ്പരമായി ജിഷ്ണുവിന്റെ ആ പോസ്റ്റ്

ജിഷ്ണുവിന്റെ ഫെയ്സ്ബുക്കിലെ പോസ്റ്റുകളെല്ലാം പ്രതീക്ഷകളുടെയും പൊസിറ്റീവ് എനർജികളുടേതുമായിരുന്നു. ഞാൻ ഐസിയുവിലാണ് എന്ന് അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ആ ഫെയ്സ്ബുക്ക് കുറിപ്പ് സുഹൃത്തുക്കളെയും ആരാധകരെ സമാധാനിപ്പിക്കാനും അവർക്ക് പൊസിറ്റീവ് എനർജി നൽകാൻ കൂടിയുള്ളതായിരുന്നു.

തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ജിഷ്ണു അന്നു കുറിച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ ആരുടെയും മനസ്സ് ഉരുകുന്നതായിരുന്നു.

ഞാൻ ഇപ്പോൾ ഐസിയുവിലാണെന്നും എന്നാൽ പേടിക്കേണ്ടതില്ല. അതെന്റെ രണ്ടാമത്തെ വീടാണെന്നും ജിഷ്ണു കുറിച്ചിട്ടു. പൊസീറ്റീവ് ചിന്താഗതിയും എപ്പോഴും പുഞ്ചിരിക്കുന്നതും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് അന്ന് ജിഷ്ണു പറഞ്ഞത്.

എനിക്കിവിടെ സന്തോഷമാണ്. ഡോക്ടർമാർ റൗണ്ട്സിന് വരുമ്പോൾ ഞാനിവിടെ മയക്കത്തിലായിരിക്കും. പെട്ടന്ന് തന്നെ എഴുന്നേറ്റ് അവർക്കൊരു നല്ല പുഞ്ചിരിയും ഞാൻ പാസാക്കും. അവരും തിരിച്ച് പുഞ്ചിരിക്കും. പുഞ്ചിരിക്കുന്ന രോഗിയെ കാണുന്നത് നമുക്കും അവരെ ചികിത്സിക്കാൻ ഒരു ഊർജം നൽകുമെന്ന് ഡോക്ടർ പറയാറുണ്ട്. ‌‌തീർച്ചയായും ഇതൊരുപാട് മാറ്റങ്ങൾ ഉണ്ടാക്കും. ജിഷ്ണു പറഞ്ഞു.

ഐസിയുവിൽ എന്റെ വേദന കുറക്കുന്നതിനുള്ള ചികിത്സ ചെയ്യുമ്പോഴും ഞാൻ പുഞ്ചിരിക്കാറുണ്ട്. ഇത് അവിടുത്തെ മോശമായ അന്തരീക്ഷത്തെ തന്നെ മാറ്റുന്നു. ഇതൊരു മാജിക് ആണ്. പുഞ്ചിരി മാജിക്. നിങ്ങളും പരീക്ഷിക്കൂ. എല്ലാവർക്കും ഇതറിയാം, പലപ്പോഴും ഇത് ചെയ്യാൻ മറക്കും. എന്താ അതു ശരിയല്ലേ? ഇതൊരു ഉപദേശമല്ല , എന്റെ അനുഭവമാണ്. ജിഷ്ണുവിന്റെ ആ കുറിപ്പുകൾ ഏവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു.