കലാഭവൻമണിയുടെ ഓർമയ്ക്കായുള്ള കെടാവിളക്ക് പൊലീസ് തകർത്തു

ആറ്റിങ്ങൾ മാമം ദേശീയപാതയിൽ നടൻ കലാഭവൻ മണിയുടെ ഓർമയ്ക്കായി സ്ഥാപിച്ചിരുന്ന കെടാവിളക്ക് പൊലീസ് തകർത്തു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് തഹസീൽദാറിന്റെ നേതൃത്വത്തിൽ പൊലീസ് കെടാവിളക്കും പ്രസ്തുതകെട്ടിടവും തകർത്തത്. മാമത്ത് അപകടം വർധിച്ച് വരുന്നതിനാലും പ്രസ്തുത വിളക്ക് സ്ഥിതിചെയ്യുന്നത് റോഡ് അതോറിറ്റിയുടെ സ്ഥലത്ത് ആയതിനാലും ഈ ഭാഗം ഒഴിയാൻ കളക്ടറുടെ ഉത്തരവ് ഉണ്ടായിരുന്നു. ഒഴിയാൻ കാലതാമസമെടുത്തതിനാലാണ് രാത്രി ജെസിബി കൊണ്ടുവന്ന് വിളക്കും കെട്ടിടവും തകർത്തത്.

എന്നാൽ ഇതിന് തൊട്ട് അടുത്തുള്ള സ്ഥാപനങ്ങൾക്കും ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. ഇവയിൽ ഒന്നുപോലും പൊലീസ് തൊടുകയും ചെയ്തില്ല. പതിനാലാം തീയതി മുതൽക്ക് തന്നെ തങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു തുടങ്ങിയെന്നും കെടാവിളക്ക് മാറ്റാൻ മാത്രം പത്ത് ദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കലാഭവൻ മണി ഫാൻസ് അസോസിയേഷൻ സംസ്ഥാന അംഗങ്ങൾ പറയുന്നു. ഏത് പാതിരാത്രിയിലും ആംബുലൻസിനായി വിളിക്കുന്ന പൊലീസ് ഒരു ഫോൺ ചെയ്തിരുന്നെങ്കിൽ അപ്പോൾ തന്നെ നമ്മൾ ആ കെടാവിളക്ക് കെടാതെ പുതിയ ഓഫിസിലേക്ക് മാറ്റുമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

പതിനാല് കലാകാരൻമാരെ ഉൾപ്പെടുത്തി ഒരു ഘോഷയാത്രയായി കെടാവിളക്ക് പുതിയ ഓഫിസിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. 21ാം തീയതി എന്ന് അതിനായി നിശ്ചയിക്കുകയും ചെയ്തു. എന്നാൽ ഒന്നും പറയാതെ അവർ ആ കെടാവിളക്ക് ഊതി അണച്ചു. എല്ലാം തല്ലിതകർത്തു. തിരഞ്ഞെടുപ്പ് ആയതിനാൽ അതുകഴിഞ്ഞ് ഒഴിഞ്ഞാൽ മതിയെന്ന് സ്ഥലം എംഎൽഎ ഉൾപ്പെടെ പറഞ്ഞതു കൊണ്ടാണ് ഞങ്ങൾ അൽപം വൈകിയത്. മാറാമെന്ന് പൊലീസിനെയും അറിയിച്ചിരുന്നു - കലാഭവൻ മണി സേവനസമിതിയുടെ നേതാവ് അജിൽ പറയുന്നു. കളക്ടറുടെ ഉത്തരവോ പൊലീസിനെയോ എതിർക്കാനുള്ള കെൽപ് ഞങ്ങൾക്കില്ലെന്നും ഒരു കലാകാരനോട് ഇത്രയും അനാദരവ് കാണിക്കരുതായിരുന്നെന്നും അജിൽ വ്യക്തമാക്കി.