ലോഹത്തിലെ കുസൃതിക്കുട്ടി ഇനി നായിക

മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന ലോഹം എന്ന ചിത്രത്തിലൂടെ ഒരു പുതുമുഖ നടിയെ കൂടെ മലയാളികള്‍ പരിചയപ്പെട്ടു. നിരഞ്ജന അനൂപ്. മൈത്രി എന്ന കുസൃതിക്കുട്ടിയായി അഭിനയത്തിലുള്ള അരങ്ങേറ്റം നിരഞ്ജ ഗംഭീരമാക്കി.

നിരഞ്ജനയുടെ കുടുംബത്തിലെ അടുത്തസുഹൃത്തായ രഞ്ജിത്ത് തന്നെയാണ് നിരഞ്ജനയെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. മൈത്രി എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയായാണ് നിരഞ്ജന എത്തിയത്. മോഹന്‍ലാലുമായുള്ള അഭിനയം ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒന്നായിരുന്നെന്ന് നിരഞ്ജന പറയുന്നു.

അഭിനയത്തില്‍ മാത്രമല്ല ഡാന്‍സിലും നിരഞ്ജന മിടുക്കിയാണ്. മികച്ച കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് താരം. മഞ്ജു വാര്യര്‍ക്കും ശോഭനയ്ക്കുമൊപ്പം ഡാന്‍സ് ട്രൂപ്പില്‍ നിരഞ്ജന പങ്കെടുക്കാറുണ്ട്.

ആദ്യ ചിത്രത്തിന്റെ വിജയാഘോഷം തീരുന്നതിന് മുമ്പേ നിരഞ്ജന അടുത്ത ചിത്രത്തിലേക്ക് കടന്നു കഴിഞ്ഞു. പുതിയ ചിത്രത്തില്‍ നിരഞ്ജന നായികയായി എത്തുന്നുവെന്നും കേള്‍ക്കുന്നു. പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.