ഇതാണ് മധുപാലിന്റെ അടുത്ത സിനിമ

വേറിട്ട ചിന്തകളുടെ ഏറ്റവും മൂർച്ചകൂടിയ തലങ്ങളിൽ നിന്നു സിനിമയെ സമീപിച്ച സംവിധായകനാണു മധുപാൽ. അദ്ദേഹത്തിന്റെ ഓരോ ചിത്രവും എക്കാലവും സമഗ്രമായ ചർച്ചകൾ‌ക്കും പഠനങ്ങൾക്കും വിധേയമാക്കപ്പെട്ടിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങൾ മികച്ച ഉദാഹരണങ്ങൾ. ഇപ്പോൾ പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് ഈ സംവിധായകൻ ഇപ്പോൾ. ഏറെ പ്രത്യേകതകളുള്ള ആവിഷ്കാരത്തെ കുറിച്ച് മധുപാൽ മനോരമ ഓൺലൈനോടു സംസാരിച്ചു...

പതിനൊന്ന് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ചലച്ചിത്ര സമുച്ചയത്തിലെ ‘ഒരു രാത്രിയുടെ കൂലി’ എന്ന ഹ്രസ്വചിത്രമാണ് മധുപാലിന്റെ അടുത്ത പ്രോജക്ട്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് ആണ് ഈ സിനിമയുടെ രചയിതാവ്. പത്മപ്രിയ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഒരുദിവസത്തെ കഥയാണ് പറയുന്നത്. മാതൃത്വം ആണ് സിനിമയുടെ പ്രമേയം. നവംബർ നാലിന് തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

സംഗീതം ബിജിപാൽ. പ്രതാപ് പി നായർ ആണ് ഛായാഗ്രഹണം. ചിത്രസംയോജനം–പ്രദീപ് ശങ്കർ, വസ്ത്രാലങ്കാരം മാധവി മധുപാൽ, സഹസംവിധാനം ഉണ്ണി കെ ആർ, മേക്ക്അപ് ബിനു.

ലെനിന്‍ രാജേന്ദ്രന്‍, ശശി പരവൂര്‍, രാജിവ് രവി, മധുപാല്‍, നേമം പുഷ്പരാജ്, അശോക്‌ ആര്‍ നാഥ്, ആല്‍ബര്‍ട്ട്, അവിര റബേക്ക, ബാബു തിരുവല്ല, പ്രദീപ്‌ നായര്‍, നയന സൂര്യന്‍ തുടങ്ങിയര്‍ സംവിധാനം ചെയ്യുന്ന 11 പെണ്‍ സിനിമകളുടെ സമാഹരമാണ് ക്രോസ് റോഡ്‌.

ലെനിന്‍ രാജേന്ദ്രന്റെ പിമ്പേ നടപ്പവള്‍, അശോക്‌ ആര്‍ നാഥിന്റെ ബദര്‍, ശശി പരവൂരിന്റെ ലേക്ക് ഹൗസ്, നേമം പുഷ്പ്പരാജിന്റെ കാവല്‍, ആല്‍ബര്‍ട്ടിന്റെ മായ, മധുപാലിന്റെ ഒരു രാത്രിയുടെ കൂലി, പ്രദീപ് നായരുടെ കൊടേഷ്യന്‍, ബാബു തിരുവല്ലയുടെ മൌനം, അവിര റബേക്കയുടെ ചെരിവ്, നയന സൂര്യന്റെ പക്ഷികളുടെ മണം എന്നിവയാണ് ക്രോസ് റോഡില്‍ വരുന്ന ചിത്രങ്ങള്‍. പരമ്പരയിലെ രാജീവ് രവി ചിത്രത്തിനു പേരിട്ടിട്ടില്ല.