മോഹൻലാൽ; 400 കോടീശ്വരൻ

പുതിയ പല മുഖങ്ങളും വന്നു തുടങ്ങിയപ്പോൾ പലരും ശബ്ദം താഴ്ത്തി പറഞ്ഞു: മോഹൻലാലിന്റെ മരുന്നു തീർന്നു! എന്നുവച്ചാൽ ഇനി അച്ഛനായും ചേട്ടനായും അഭിനയിക്കാൻ തയാറായാൽ കഞ്ഞികുടി മുട്ടാതെ പോകാം എന്നുതന്നെ... അതു ശരിയല്ലെന്നു മോഹൻലാൽ തെളിയിച്ച വർഷമായിരുന്നു 2016.

കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയുടെ കണക്കു പുസ്തകം പരിശോധിച്ചാൽ ആരും ഞെട്ടിപ്പോകും. ആമിർഖാനും അക്ഷയ്കുമാറും സൽമാൻ ഖാനും രജനീകാന്തും കഴിഞ്ഞാൽ ഇന്ത്യൻ സിനിമയിൽ ഏ‌റ്റവും കൂടുതൽ വിൽക്കപ്പെട്ടതു മോഹൻലാൽ സിനിമകൾ. മോഹൻലാൽ നായകനായ സിനിമകൾ നടത്തിയത് 400 കോടിയോളം രൂപയുടെ കച്ചവടം ചെറിയ വിവാദങ്ങളുടെ പേരിൽ പലരും തള്ളിപ്പറഞ്ഞു. മാധ്യമങ്ങൾ പൊങ്കാലയിടാൻ നോക്കി. എന്നിട്ടും മോഹൻലാൽ ദക്ഷിണേന്ത്യൻ സിനിമയുടെ കച്ചവടത്തിൽ ഇതുവരെ കാണാത്ത പല അതിരുകളും കടന്നു യാത്ര തുടരുന്നു.

കഴിഞ്ഞ വർഷം മോഹൻലാലിന്റെ നാലു സിനിമകളാണു റിലീസ് ചെയ്തത്. തെലുങ്കു സിനിമകളായ വിസ്മയം, ജനത ഗാരേജ്, മലയാള സിനിമകളായ ഒപ്പം, പുലിമുരുകൻ എന്നിവ. ഇവ നാലും കൂടി നേടിയതാണു 400 കോടിയോളം രൂപയുടെ ടേൺ ഓവർ. 400 കോടി രൂപയുടെ കച്ചവടം നടത്തിയ ലാലിനു കിട്ടിയ പ്രതിഫലം അനൗദ്യോഗിക കണക്കനുസരിച്ച് എട്ടു കോടി രൂപയിൽതാഴെയാണ്.
വിസ്മയം തെലുങ്കിലെ ശരാശരി കലക്‌ഷനാണു നേടിയത്. എന്നാൽ ജനത ഗാരേജ് തെലുങ്കു സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കലക്‌ഷനുകളിൽ ഒന്നുമായാണു കടന്നു പോയത്. ആദ്യ ദിവസം ജനത ഗാരേജ് നേടിയ മൊത്തം കലക്‌ഷൻ 41 കോടി രൂപയാണ്. ജൂനിയർ എൻടിആർ നായകനായ സിനിമയിലെ പ്ര‌ധാന ആകർഷണം മോഹൻലാൽ തന്നെയായിരുന്നു. 140കോടി രൂപയാണ് ഇതുവരെ ലോകവ്യാപകമായി ജനതഗാരേജ് നേടിയ കച്ചവടം.

പുലിമുരുകൻ ആദ്യ ദിവസം നേടിയതു 4.5 കോടി രൂപയുടെ കല‌ക്‌ഷനാണ്. മലയാള സിനിമയുടെ പണക്കിലുക്കം ആദ്യംദിനംതന്നെ കോടികളിലേക്കു കടന്ന അപൂർവ നിമിഷമായിരുന്നു  അത്. മൂന്നു ദിവസംകൊണ്ടു 12.5 കോടിയും 30 ദിവസംകൊണ്ടു 100 കോടിയും പുലിമുരുകൻ കലക്‌ഷനുണ്ടാക്കി. നവംബർ 23വരെയുണ്ടാക്കിയ കല‌ക്‌ഷൻ 125 കോടിയാണ്. ഇതിനു ശേഷമാണു വിദേശ വിൽപനകൾ പലതും നടന്നത്.

30 വിദേശ രാജ്യങ്ങളിലെങ്കിലും ഈ സിനിമ റിലീസ് ചെയ്തുവെന്നു പറയുമ്പോൾ മോഹൻലാൽ എന്ന താരത്തിന്റെ ഇപ്പോഴത്തെ വിപണിമൂല്യം ഊഹിക്കാം. യുഎഇയിൽ ഏഴു ദിവസംകൊണ്ടു നേടിയത് 13.5 കോടി രൂപയാണ്. അമേരിക്കയിൽ ഒരു മാസംകൊണ്ടു 2.36 ലക്ഷം ഡോളർ, ലണ്ടനിൽ ഒരു ലക്ഷം പൗണ്ട്. ലണ്ടനിൽ ഇതിനു മുൻപുണ്ടായ ഏറ്റവും വലിയ കലക്‌ഷനുകളിലൊന്ന് മോഹൻലാൽതന്നെ നായകനായ ഒപ്പമായിരുന്നു.

ഒപ്പം ഇതുവരെ നേടിയത് 65 കോടി രൂപയാണ്. ഈ സിനിമയുമായി ബന്ധപ്പെട്ടു നടന്ന സാറ്റലൈറ്റ് പോലുള്ള കച്ചവടങ്ങൾ വേറെയും. കൃത്യമായ കണക്കുകൾ ലഭ്യമല്ലെങ്കിൽപ്പോലും മോഹൻലാ‍ൽ എന്ന താരം 2016ൽ നടത്തിയതു 400 കോടിയുടെ കച്ചവടമാണ്. ഇതിൽ മിക്ക നിർമാതാക്കൾക്കും കലക്‌ഷ​ന്റെ 50% കിട്ടിയിട്ടുണ്ടാകും. എട്ടു കോടി രൂപ മോഹൻലാലിനു പ്രതിഫലം നൽകിയപ്പോൾ നിർമാതാക്കൾക്കു കിട്ടിയ ലാഭം 200 കോടിയോളം രൂപയാണ്. അനുബന്ധ കച്ചവടത്തിന്റെ കണക്കു വേറെയും.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്തത് 1980ലാണ്. അന്നു മോഹൻലാലിനു കിട്ടിയ പ്രതിഫലം 3000 രൂപയാണ്. 150 മുതൽ 175വരെ തിയറ്ററുകളിൽ മാത്രം പുത്തൻ പടങ്ങൾ റിലീസ് ചെയ്യുന്ന ഒരു കൊച്ചു പ്രദേശത്തെ സിനിമയിലെ നായകനായ ലാൽ മത്സരിക്കുന്നതു 2500 തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ഹിന്ദി സിനിമയുടെ നായകന്മാരോടാണ്. ഹിന്ദി സിനിമ മുംൈബ നഗരത്തിൽ മാത്രം മുന്നൂറിലേറെ തിയറ്ററുകളിലാണു റിലീസ് ചെയ്യുന്നത്.