സല്യൂട്ട്, മോഹൻലാൽ ഗാരു; വിസ്മയത്തോടെ രാജമൗലി

അഭിനയവൈവിധ്യത്തിന്റെ ലാലിസത്തിൽ മതിമറക്കുകയാണു തെലുങ്ക് സിനിമ. ആദ്യം ക്ലാസ് ആയും തൊട്ടുപിന്നാലെ മാസ് ആയും മോഹൻലാൽ അവതരിച്ചത് ആഘോഷമാക്കുകയാണവർ. താരപരിവേഷത്തിനപ്പുറം മോഹൻലാലിന്റെ സ്വാഭാവിക പ്രകടനം നിറഞ്ഞ ആദ്യചിത്രം മനമന്ത 25–ാം ദിവസമാഘോഷിക്കുന്നതിനിടെ എത്തിയ മാസ് ചിത്രം ജനതാ ഗാരേജിലെ ആക്‌‍ഷൻ വേഷവും ആവേശത്തോടെ സ്വീകരിക്കപ്പെട്ടുകഴിഞ്ഞു. വമ്പൻ താരങ്ങളെന്നോ സംവിധായകരെന്നോ പ്രേക്ഷകരെന്നോ ഭേദമില്ലാതെ ‘മോഹൻലാൽ ഗാരു’വിനെ പ്രശംസിക്കാൻ മത്സരിക്കുകയാണു തെലുങ്കു സിനിമാലോകം. സമൂഹമാധ്യമങ്ങളിലെങ്ങും നിറയുന്നു അതിന്റെ അലയൊലികൾ.

തെലുങ്കു പഠിച്ച് തുടക്കം

നേരത്തേ, അന്യഭാഷാ ചിത്രങ്ങളിൽനിന്ന് അകലംപാലിച്ചിരുന്ന മോഹൻ‌ലാൽ, വിജയ് ചിത്രമായ ജില്ലയിലൂടെ തമിഴിൽ തുടക്കമിട്ട രണ്ടാം ഇന്നിങ്സിന്റെ തുടർച്ചയാണു തെലുങ്കു സിനിമാ പ്രവേശവും. ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ചന്ദ്രശേഖർ യേലേട്ടി സംവിധാനം ചെയ്ത ‘മനമന്ത’യാണ് (മലയാളത്തിൽ ‘വിസ്മയം’) മോഹൻലാലിനെ ആദ്യമായി പക്കാ തെലുങ്കു കഥാപാത്രമായി അവതരിപ്പിച്ചത്. മനമന്തയിലെ സായിറാമിനെ അവതരിപ്പിക്കുന്നതിനു മുന്നോടിയായി നടത്തിയ ശ്രമങ്ങൾ സൂചിപ്പിച്ചുകൊണ്ട് ‘ലേണിങ് തെലുഗു’ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ഡിസംബറിൽ മോഹൻലാൽ ഫെയ്സ്ബുക് പേജിലൂടെ ഒരു ചിത്രം പങ്കുവച്ചിരുന്നു. തെലുങ്കു സിനിമയിലെ സൂപ്പർ സ്റ്റാർ വെങ്കിടേഷ് അതിനോടു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ‘വെൽകം ടു ദ് തെലുഗു ഫിലിം ഇൻഡസ്ട്രി, മി. മോഹൻലാൽ...’‌. ആ വാക്കുകൾക്ക് ഇന്നു തെലുങ്കു പ്രേക്ഷകർ അടിവരയിടുന്നു: സല്യൂട്ട്, മോഹൻലാൽ ഗാരു ഫോർ ദിസ് വണ്ടർഫുൾ പെർഫോമൻസ്...

പ്രിയദർശനൊപ്പം പണ്ട്

1994ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗാണ്ഡീവം എന്ന ചിത്രത്തിൽ ബാലകൃഷ്ണ, അക്കിനേനി നാഗേശ്വര റാവു എന്നിവർക്കൊപ്പം ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടതാണു തെലുങ്കു സിനിമയുമായി മോഹൻലാലിനുള്ള മുൻബന്ധം. ചന്ദ്രശേഖർ യേലേട്ടി പറഞ്ഞ കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണു വർഷങ്ങൾക്കിപ്പുറം തെലുങ്കിലേക്കുള്ള പുതിയ ക്ഷണം മോഹൻലാൽ സ്വീകരിച്ചത്. മനമന്തയുടെ പ്രചാരണത്തിനായി മോഹൻലാൽ തെലുങ്കിൽ സ്വയം പരിചയപ്പെടുത്തുന്ന വിഡിയോയും പുറത്തിറക്കിയിരുന്നു. പതിവു തെലുങ്കു രീതികളിൽനിന്നു വ്യത്യസ്തമായി പുതുമയോടെ കഥ പറഞ്ഞ ‘മനമന്ത’യിൽ അഭിനയപ്രാധാന്യമുള്ള റിയലിസ്റ്റിക് വേഷമാണു മോഹൻലാൽ അവതരിപ്പിച്ചത്.

കയ്യടിയോടെ മാസ് എൻട്രി

പ്രഭാസ് നായകനായ മിർച്ചി, മഹേഷ് ബാബു നായകനായ ശ്രീമന്തുഡു എന്നീ തുടർച്ചയായ ഹിറ്റുകൾക്കുശേഷം കോർട്ടല ശിവ സംവിധാനം ചെയ്ത ജനതാ ഗാരേജിൽ, മനുമന്തയിൽനിന്നു വ്യത്യസ്തമായി മോഹൻലാലിന്റെ താരപ്രഭാവംകൂടി പ്രയോജനപ്പെടുത്തുന്നു. തെലുങ്കു സൂപ്പർതാരം ജൂനിയർ എൻടിആറിനൊപ്പം മോഹൻലാൽകൂടി ചേർന്നതോടെ ചിത്രം വൻ ഇനിഷ്യൽ കലക്‌ഷനാണു നേടുന്നത്. ഹൈദരാബാദിൽ വാഹന റിപ്പയറിങ് കേന്ദ്രമായ ജനതാ ഗാരേജ് നടത്തുന്ന മോഹൻലാലിന്റെ കഥാപാത്രം സത്യം ജനങ്ങളുടെ പ്രശ്നങ്ങളിൽ നീതി ലഭ്യമാക്കാനും രംഗത്തിറങ്ങുന്നതോടെ ജനതാ ഗാരേജ് ഒരു സ്ഥാപനമെന്നതിൽനിന്ന് ഒരു പ്രസ്ഥാനമായി മാറുകയാണ്.

ലാലിന്റെ ഈ കഥാപാത്രത്തിന്റെ പിന്തുടർച്ചക്കാരനാവുകയാണു ജൂനിയർ എൻടിആർ അവതരിപ്പിക്കുന്ന ആനന്ദ് എന്ന കഥാപാത്രം. ആദ്യപകുതിയിൽ നിറഞ്ഞുനിൽക്കുന്ന മോഹൻലാൽ തന്നെയാണു ചിത്രത്തെ നയിക്കുന്നത്. മാസ് രംഗങ്ങളും ഡയലോഗുകളും ഒരുപോലെ കയ്യടി നേടുന്നവയാണ്. തെലുങ്കിന്റെ പതിവു തട്ടുപൊളിപ്പൻ ശൈലിയിലേക്കു നീങ്ങുമായിരുന്ന ചിത്രത്തെ വലിയൊരളവിൽ രക്ഷപ്പെടുത്തുന്നതു മോഹൻലാലിന്റെ സാന്നിധ്യമാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായി എത്തുന്ന ഉണ്ണി മുകുന്ദനും തെലുങ്കിൽ താരപദവി നേടിക്കഴിഞ്ഞു.

ആദ്യചിത്രത്തിൽ സ്വന്തം ശബ്ദം

മോഹൻലാലിനെ തങ്ങളുടെ ചിത്രത്തിൽ അഭിനയിപ്പിക്കാനായതു വലിയ നേട്ടമായാണു സംവിധായകരായ ചന്ദ്രശേഖർ യേലേട്ടിയും കോർട്ടല ശിവയും വിലയിരുത്തുന്നത്. മോഹൻലാലിന്റെ ഊർജവും കഠിനാധ്വാനവും അദ്ഭുതപ്പെടുത്തിയെന്നു ജൂനിയർ എൻടിആർ പറയുന്നു. മനമന്തയിലെ കഥാപാത്രത്തിനായി മോഹൻലാൽ സ്വന്തമായാണു ഡബ് ചെയ്തത്. സംഭാഷണത്തിൽ പോരായ്മ തോന്നാതിരിക്കാനും ഉച്ചാരണം കൃത്യമാകാനും മണിക്കൂറുകൾതന്നെ മോഹൻലാൽ അത്യാധ്വാനം നടത്തിയിരുന്നു. ഉച്ചാരണത്തിലെ ചെറിയ വീഴ്ചകൾപോലും തെലുങ്കിൽ വലിയ വിമർശനത്തിനിടയാക്കുമെന്നതിനാൽ രജനീകാന്തും സൂര്യയും ഉൾപ്പെടെയുള്ള താരങ്ങൾപോലും തെലുങ്കിൽ സ്വന്തമായി ഡബ് ചെയ്യാറില്ല. എന്നാൽ പഞ്ച് ഡയലോഗുകൾ ഏറെയുള്ള ജനതാ ഗാരേജിൽ മോഹൻലാലിന്റെ കഥാപാത്രത്തിനായി തെലുങ്കിൽ ശബ്ദം നൽകിയിരിക്കുന്നതു മറ്റൊരാളാണ്.

വിസ്മയത്തോടെ രാജമൗലി

മോഹൻലാലിന്റെ തെലുങ്ക് അരങ്ങേറ്റത്തെ ഹൃദയപൂർവം സ്വാഗതം ചെയ്തവരിൽ മുൻനിരയിൽത്തന്നെയുണ്ട് ബാഹുബലിയുടെ സംവിധായകൻ എസ്.എസ്.രാജമൗലി. മനമന്തയിലെ ലാലിന്റെ അഭിനയത്തെ കലവറയില്ലാതെ പ്രശംസിച്ച അദ്ദേഹം, താൻ ഏറെ ആരാധിക്കുന്ന മോഹൻലാലിന്റെ തെലുങ്കു പ്രവേശത്തിന് ഇടയാക്കിയതിനു സംവിധായകൻ ചന്ദ്രശേഖർ യേലേട്ടിയോടും നന്ദി അറിയിച്ചിരുന്നു. ജനതാ ഗാരേജിലെ മോഹൻലാൽ–ജൂനിയർ എൻടിആർ കോംബിനേഷൻ ഏറെ ആസ്വദിച്ചതായും രാജമൗലി ട്വിറ്ററിൽ കുറിച്ചിരുന്നു.

സമാനമായ അഭിനന്ദനങ്ങളുമായി ഒട്ടേറെ താരങ്ങളും പ്രേക്ഷകരും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജൂനിയർ എൻടിആർ യങ് ടൈഗർ ആണെങ്കിൽ മോഹൻലാൽ ഗാരു ലയൺ തന്നെയാണെന്നു ട്വീറ്റികളിലൊന്നു പറയുന്നു. എന്തായാലും ടോളിവുഡിന്റെ തലസ്ഥാനമായ ഹൈദരാബാദിൽ ഇനി വന്നിറങ്ങുക പഴയ മോഹൻലാൽ ആകില്ല, ആന്ധ്രയുടെയും തെലങ്കാനയുടെയും ഹൃദയം കവർന്ന പുതിയ മോഹൻലാൽ ഗാരു തന്നെയാകും.