മോഹനേട്ടന് മോഹൻലാൽ നൽകിയ വിഷുക്കൈനീട്ടം

പത്ത് വർഷങ്ങൾക്ക് ശേഷം മോഹൻലാലുമായി വീണ്ടുമൊന്നിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടൻ മോഹൻ ജോസ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹത്തിലൂടെയാണ് മോഹൻ, മോഹൻലാലിനൊപ്പം വീണ്ടുമെത്തുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ മറക്കാനാകാത്ത അനുഭവമാണ് മോഹനുണ്ടായത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ഉടയോനു(2005)ശേഷം മോഹൻലാലുമായി ഒന്നിക്കുന്നത് ‘ലോഹ‘ത്തിനു വേണ്ടിയാണ്. പത്തുവർഷത്തെ ഇടവേള എങ്ങനെ സംഭവിച്ചു എന്നത് ചെറിയ ഒരു നടുക്കത്തോടെയല്ലാതെ ഓർക്കാൻ കഴിയുന്നില്ല. പതിവുപോലെ ലാൽ എന്നെ ആദ്യംകണ്ടു കൈഉയർത്തി കാണിച്ചു. ലാലിന്റെ സമീപത്തേക്ക് ധൃതഗതിയിൽ കാലടികൾ വച്ചപ്പോൾ ലാൽ പറഞ്ഞു, അണ്ണാ, ദാ ആ കല്ലിൽ കാൽ തട്ടാതെ സൂക്ഷിച്ചു പതുക്കെ വാ എന്ന്.

പിന്നെ ഞങ്ങൾ രണ്ടുപേരും ചേർന്നുള്ള ഒരു സീനിന്റെ റിഹേഴ്സൽ. ഒരു വലിയ സ്റ്റെയർകെയ്സ് കയറിചെല്ലണം. എന്റെ കയ്യിൽ ഭാരിച്ച ഒരു ബാഗുള്ളതിനാൽ സ്റ്റെയർ കെയ്സിന്റെ കൈവരിയുള്ള വശം എനിക്കായി വിട്ടുതന്നിട്ട് ലാൽ അതിനനുസരിച്ച് കൂടെ നടന്നു. റിഹേഴ്സൽ ഓകെയായി. ടേക്കിനുവേണ്ടി വീണ്ടും സ്റ്റെയർകെയ്സ് ഇറങ്ങുമ്പോൾ ലാൽ പറഞ്ഞു, അണ്ണാ ആ ബാഗ് താ, ഞാൻ പിടിക്കാം. ഞാൻ അതുവേണ്ടെന്ന ഭാവത്തിൽ തലയാട്ടി. അതിങ്ങു തരൂ... ലാൽ വീണ്ടും ബാഗിനായി കൈ നീട്ടി, വേണ്ട ലാൽ, ഇത് എനിക്ക് തൂക്കാവുന്നതേയുള്ളു എന്ന് പറഞ്ഞുകൊണ്ട് ഞാനും പടികളിറങ്ങി.

‘നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക‘ എന്ന ആപ്തവാക്യത്തിന്റെ സാക്ഷാത്ക്കാരമാണ് അവിടെ നടന്നത്. ഈ സവിശേഷമായ പെരുമാറ്റം മറ്റാരിൽ നിന്നാണ് പ്രതീക്ഷിക്കാനാവുക? അൽപ്പം സാവകാശം തരൂ...ഒന്നോർത്തുനോക്കട്ടെ, മറ്റാരെങ്കിലുമുണ്ടോയെന്ന്! മോഹൻ പറയുന്നു.