പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാന് മോഹന്‍ലാലെത്തി. എറണാകുളം ജില്ലയിലെ ആദിവാസി മേഖലയായ കുട്ടമ്പുഴ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനാണ് മോഹന്‍ലാലെത്തിയത്. മോഹന്‍ലാല്‍ എത്തിയത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആയിട്ടല്ല, ഇന്ത്യന്‍ ആര്‍മിയുടെ ലഫ്റ്റനന്റ് കേണല്‍ ആയാണ്.
ഇന്ത്യന്‍ ആര്‍മിയുടെ ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന അതിഥിയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കിയാണ് വരവേറ്റത്. തുടര്‍ന്ന് സ്റ്റേഷന് അങ്കണത്തില്‍ ഒരുക്കിയ പൂക്കളത്തിന് നടുവിലെ നിലവിളക്ക് കൊളുത്തി പൊലീസ് ഓണാഘോഷത്തിന് ഉദ്ഘാടനം. നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.
പൊലീസുകാരും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. എല്ലാവരോടൊപ്പം ലഘുഭക്ഷണത്തിനും താരം സമയം കണ്ടെത്തി. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി പൂയംകുട്ടിലെത്തിയതാണ് മോഹന്‍ലാല്‍.