പുലിമുരുകനിലെ രംഗങ്ങൾക്ക് മുന്നിൽ പകച്ചുപോയി: എഡിറ്റർ ജോൺകുട്ടി

ജോൺകുട്ടി

സമീപകാല മലയാള സിനിമയുടെ ചരിത്രത്തില്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയ ചിത്രങ്ങളുടെ ടൈറ്റില്‍ കാര്‍ഡ് പരിശോധിക്കുമ്പോള്‍ അവിടെയെല്ലാം ഒരു പേര് ആവര്‍ത്തിക്കുന്നുണ്ട്. ചിത്രസംയോജനം– ജോണ്‍കുട്ടി. സെക്കന്റില്‍ മിന്നിമറയുന്ന ദൃശ്യങ്ങളെ കൃത്യമായും വ്യക്തമായും മനോഹരമായും വെട്ടിയൊരുക്കി പ്രേക്ഷകര്‍ക്ക് ഹൃദ്യമായ അനുഭവമാക്കി മാറ്റുന്ന എഡിറ്റിങ് കലയിലെ പുതിയ പ്രതീക്ഷ.

ജോണ്‍കുട്ടി തൊട്ടതെല്ലാം ഹിറ്റുകള്‍. മായാമോഹിനി, മെമ്മറീസ്, അമര്‍അക്ബര്‍ അന്തോണി, പാവാട, സെവൻത് ഡേ ആ പട്ടികയിലെ പുതിയ വെള്ളിത്തിളക്കമാണ് പുലിമുരുകന്‍.

മായാമോഹിനിയില്‍ തുടങ്ങിയ സ്വതന്ത്ര എഡിറ്റിങ് ഇങ്ങേയറ്റത്ത് പുലിമുരുകന്‍ വരെ എത്തിനിൽക്കുമ്പോള്‍ ജോണ്‍കുട്ടിയുടെ തലയെടുപ്പ് കൂടിയിട്ടേയുള്ളൂ. ആ തലയെടുപ്പിന് ചാര്‍ത്തിയ നെറ്റിപ്പട്ടമാണ് ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്റെ ഗംഭീര വിജയം.

തിയറ്ററുകള്‍ പുലിമടയാകുമ്പോള്‍ ആ വിജയാഘോഷങ്ങളുടെ ലഹരിയില്‍ ഇങ്ങേയറ്റം കൃതാര്‍ത്ഥതയോടെ ജോണ്‍കുട്ടിയുമുണ്ട്. ഇങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് മഹാഭാഗ്യം.

ജോൺകുട്ടി, ഉദയ്കൃഷ്ണ, വൈശാഖ്, ഷാജി

പുലിമുരുകന്റെ എഡിറ്റിങ് താന്‍ ഇതുവരെ വര്‍ക്ക് ചെയ്ത മറ്റേതൊരു ചിത്രത്തേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന് ജോണ്‍കുട്ടി പറയുന്നു. ഏറെ റിസ്‌ക്കെടുത്തും പ്ലാന്‍ ചെയ്തും ഷൂട്ട് ചെയ്‌തെടുത്ത അനേകം രംഗങ്ങള്‍ക്ക് മുമ്പില്‍ ഒരു നിമിഷം പതറിപോയി. ഒന്നും ഒഴിവാക്കാനാവാത്തവിധം മനോഹരമായ രംഗങ്ങള്‍. ഏത് സ്വീകരിക്കും, ഏത് ഒഴിവാക്കും? പകച്ചുപോയി ജോണ്‍കുട്ടി. പക്ഷേ ഒടുവില്‍ സിനിമയുടെ പെര്‍ഫെക്ഷന് വേണ്ടി പലതും ഉപേക്ഷിക്കേണ്ടി വന്നു. കഷ്ടപ്പെട്ട് ഷൂട്ട് ചെയ്ത രംഗങ്ങള്‍ പലതും ഉപയോഗിക്കാന്‍ സാധിച്ചില്ല. അത് വേദനയായി ഇപ്പോഴും മനസ്സിലുണ്ട്. ജോണ്‍കുട്ടി പറയുന്നു.

ചിത്രത്തിന്റെ മുഴുവന്‍ ഷൂട്ടും കഴിഞ്ഞതിന് ശേഷമാണ് ജോണ്‍കുട്ടി ജോയ്ന്‍ ചെയ്തത്. പോസ്റ്റ് പ്രൊഡക്ഷന് വളരെ ചുരുങ്ങിയ സമയം മാത്രം കിട്ടിയ സിനിമയായിരുന്നു പുലിമുരുകന്‍ എന്നും ജോണ്‍ പറയുന്നു. ഇതിനകം ഒരുപാട് അഭിനന്ദനങ്ങള്‍ എഡിറ്റിങിന്റെ പേരില്‍ ജോണ്‍കുട്ടിക്ക് പുലിമുരുകന്‍ നേടിക്കൊടുത്തു. പക്ഷേ അഭിനന്ദനങ്ങള്‍ ജോണ്‍കുട്ടി പുലിമുരുകന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമായി പങ്കുവച്ചു നല്കുന്നു.

എല്ലാവരും ഒന്നുപോലെ അദ്ധ്വാനിച്ച ചിത്രമായിരുന്നു അത്. എല്ലാം ഒന്നിനൊന്ന് മെച്ചവുമായിരുന്നു എന്നാണ് അതേക്കുറിച്ചുള്ള ജോണിന്റെ പ്രതികരണം. എഡിറ്റിങ് ടേബിളില്‍ വച്ച് സിനിമയുടെ തിരക്കഥ വായിച്ചുനോക്കുന്ന രീതി ജോണിനില്ല. ജോലി ഏറ്റെടുക്കും മുമ്പേ തിരക്കഥ വായിച്ചിരിക്കും. ഓരോ കഥാപാത്രങ്ങളും സവിശേഷതകളും സിറ്റുവേഷന്‍സും മനസ്സില്‍ അതിനകം പതിഞ്ഞിട്ടുണ്ടാകും. അതുകൊണ്ടുതന്നെ മനസ്സിലുള്ള സങ്കല്പത്തിനനുസരിച്ച് എഡിറ്റ് ചെയ്യും.

കൊല്ലം കരുനാഗപ്പള്ളിക്കാരനായ ജോണ്‍കുട്ടി സിനിമയുടെ മേഖലയിലെത്തിയത് തികച്ചും യാദൃച്ഛികമായിരുന്നു. അന്ന് നാട്ടില്‍ ക്രിസ്‌റ്റോസ് അച്ചായന്‍ എന്നൊരു എഡിറ്ററുണ്ടായിരുന്നു. അദ്ദേഹം വഴിയാണ് എഡിറ്റിങ് കലയിലേക്ക് ജോണ്‍കുട്ടി ആകൃഷ്ടനായത്. ഇന്നും തകര്‍ത്തോടുന്ന പരമ്പരയായ മുന്‍ഷിയുടെ എഡിറ്റര്‍ ജോണ്‍കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ പ്രഫഷനല്‍ എക്‌സ്പീരിയന്‍സിനെ മുന്‍ഷി പരമ്പരയുടെ പ്രായവുമായിട്ടാണ് ജോണ്‍കുട്ടി ബന്ധിപ്പിക്കുന്നത്.

തുടര്‍ന്ന് കെഎസ്എഫ്ഡിസിയിലും ചിത്രാഞ്ജലിയിലും ജോലി ചെയ്തു. സിനിമ പതുക്കെപതുക്കെ ജോണ്‍കുട്ടിയെ പിടിമുറുക്കുകയായിരുന്നു. അക്കാലത്തെ പ്രഗത്ഭരായ ഒട്ടുമിക്ക എഡിറ്റേഴ്‌സിന്റെ ഒപ്പവും സഹായിയായി. സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മയില്‍ ആദ്യ എഡിറ്റിംങ് അസിസ്റ്റന്റായി. തുടര്‍ന്ന് ഒരുപിടി ചിത്രങ്ങള്‍.

അതിന് ശേഷം തല്ക്കാലം സിനിമയോട് വിട പറഞ്ഞ് ഒരു ടിവി ചാനലിലേക്ക്. അത് മടുത്തപ്പോള്‍ വീണ്ടും സിനിമയിലേക്ക് തന്നെ. വൈശാഖിന്റെ മല്ലുസിങ്ങില്‍ അസോഷ്യേറ്റ് എഡിറ്ററായിരിക്കുമ്പോഴാണ് മായാമോഹിനിിലേക്കുള്ള വിളി വന്നത്. ഉദയ്കൃഷ്ണ-സിബികെ തോമസ് ദ്വയത്തിലെ ഉദയ്കൃഷ്ണന്റേതായിരുന്നു ക്ഷണം. വൈശാഖന്‍ ആ ക്ഷണത്തെ പിന്തുണയ്ക്കുകയും അതിന് പച്ചകൊടി കാണിക്കുകയും ചെയ്തു. അങ്ങനെയാണ് ജോണ്‍കുട്ടി സ്വതന്ത്ര എഡിറ്ററായി മായാമോഹിനിയിലൂടെ വരവറിയിച്ചത്.

മാസ് ചിത്രങ്ങളുടെ പേരില്‍ മാത്രം ജോണ്‍കുട്ടിയെ വേലി കെട്ടിതിരിക്കരുത്. ടിവി ചന്ദ്രന്റെ ഭൂമിയുടെ അവകാശികള്‍ പോലെയുള്ള ചിത്രങ്ങളുടെ എഡിറ്റിംങ് നിര്‍വഹിച്ചതും ജോണ്‍കുട്ടി തന്നെയായിരുന്നു.നാദിര്‍ഷായുടെ കട്ടപ്പനയിലെ ഋത്വിക് റോഷനും സുകേഷ് റോയ് യുടെ ദേവയാനവും ജോസ് തോമസിന്റെ സ്വര്‍ണ്ണക്കടുവയുമാണ് ജോണ്‍കുട്ടിയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.